എൻ പി എസിൽ ഭാഗീകമായി നിക്ഷേപം പിൻവലിക്കാം

600999250
SHARE

എന്‍പിഎസ് വരിക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനും പുതിയ ബിസിനസ് സ്ഥാപിക്കുന്നതിനും ഭാഗികമായി നിക്ഷേപം പിന്‍വലിക്കാന്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) അനുവാദം നല്‍കിയിട്ടുണ്ട്..  

ഉന്നത വിദ്യാഭ്യാസത്തിലൂടെയോ തൊഴില്‍പരവും സാങ്കേതികവുമായ യോഗ്യതകള്‍ നേടിയെടുക്കുന്നതിലൂടെയോ തൊഴില്‍ക്ഷമത മെച്ചപ്പെടുത്തുന്നതിനും പുതിയ വൈദഗ്ധ്യങ്ങള്‍ ആര്‍ജിക്കുന്നതിനും  താല്‍പ്പര്യപ്പെടുന്ന എന്‍പിഎസ് വരിക്കാര്‍ക്ക് ഭാഗികമായി നിക്ഷേപം പിന്‍വലിക്കാന്‍ അനുവാദമുണ്ടെന്നാണ് പിഎഫ്ആര്‍ഡിഎ വ്യക്തമാക്കിയിരിക്കുന്നത്. അതുപോലെ പുതിയ ബിസിനസ് തുടങ്ങുന്നതിനോ ഏറ്റെടുക്കുന്നതിനോ പണം കണ്ടെത്തുന്നതിന് എന്‍പിഎസ് നിക്ഷേപം ഭാഗികമായി ഉപയോഗപ്പെടുത്താം. 

പത്ത് വര്‍ഷമെങ്കിലും നിക്ഷേപം നടത്തിയ വരിക്കാര്‍ക്ക് നിക്ഷേപിച്ച തുകയുടെ 25 ശതമാനം വരെ പ്രത്യേക ആവശ്യങ്ങള്‍ ക്കായി പിന്‍വലിക്കാം. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, ആദ്യത്തെ വീടിന്റെ നിര്‍മാണം അല്ലെങ്കില്‍ വാങ്ങല്‍, തനിക്കോ ജീവിതപങ്കാളിക്കോ കുട്ടികള്‍ക്കോ ആശ്രിതരായ മാതാപിതാക്കള്‍ക്കോയുള്ള ചികിത്സ (13 ഗുരുതര രോഗങ്ങള്‍ക്കോ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള പരിക്കിനോ നടത്തുന്ന ചികിത്സ) എന്നിവയാണ് തുക പിന്‍വലിക്കാന്‍ അനുവദിക്കുന്ന പ്രത്യേക ആവശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിക്ഷേപകന് ശാരീരികവൈകല്യമോ ബലഹീനതയോ സംഭവിച്ചാല്‍ ഭാഗികമായി നിക്ഷേപം പിന്‍വലിക്കാമെന്ന വ്യവസ്ഥ കൂടി  കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA