ADVERTISEMENT

ബാങ്കിലെത്തുന്ന മുതിര്‍ന്ന പൗരന്‍മാർ ഇടപാടുകൾ നടത്താൻ പാടുപെടുന്നത് പതിവ് കാഴ്ചയാണ്. സഹായിക്കാൻ പലപ്പോഴും മറ്റിടപാടുകാർക്കും കഴിയില്ല. പ്രായമായവർക്ക് എളുപ്പത്തിൽ ഇടപാടു നടത്താനാകും വിധമുള്ള സംവിധാനങ്ങൾ എസ്ബിഐ ഒരുക്കും. പ്രയോറിറ്റി കൗണ്ടര്‍, പ്രയോറിറ്റി ടോക്കണ്‍ സംവിധാനങ്ങൾ തുടങ്ങിയവ നടപ്പാക്കാനാണ് ബാങ്ക് തയ്യാറെടുക്കുന്നതെന്ന് എസ്ബിഐയുടെ റീടെയിൽ ബിസിനസ് വിഭാഗം തലവനും ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ കെ. വി ഹരിദാസ് പറഞ്ഞു. മുതിർന്ന പൗരൻമാർക്കായി എസ്ബിഐ "വീട്ടുപടിക്കൽ സേവന"ത്തിനു തുടക്കം കുറിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിൽ ഇപ്പോൾ മുതിര്‍ന്ന പൗരന്‍മാർ നേരിടുന്ന പ്രശ്നങ്ങളും ആശങ്കളും ബാങ്ക് പൂർണമായും മനസിലാക്കുന്നു. പെന്‍ഷനേഴ്‌സ്‌ ആണ്‌ ഇപ്പോഴും ഞങ്ങളുടെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും. അതുകൊണ്ട് തന്നെ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഞങ്ങൾക്ക് കൂടുതൽ ശ്രദ്ധയുണ്ട്. ശാഖകളിൽ മുതിർന്നവർ നേരിടുന്ന പ്രയാസങ്ങൾ ഒഴിവാക്കാൻ പ്രത്യേക കൗണ്ടറും ടോക്കൺ വഴി സേവനം ലഭ്യമാക്കുന്ന കാര്യമാണ് പരിഗണനയിൽ ഉള്ളത്.

അതേസമയം ബാങ്കിലെത്തി ഇടപാടു നടത്താൻ പ്രയാസമുള്ളവരുമുണ്ട്. അത്തരക്കാർക്കു വേണ്ടിയാണ് എസ്ബിഐ ‘ഡോര്‍ സ്റ്റെപ്‌ ബാങ്കിങ്’ ആരംഭിച്ചിരിക്കുന്നത്. സാമ്പത്തികവും അല്ലാത്തതുമായ സേവനങ്ങളുമായി ബാങ്ക് ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തും. നാമമാത്ര ഫീസ് നൽകി ഇത്തരം സേവനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു.

ഡിജിറ്റലൈസേഷനും ഓണ്‍ലൈന്‍ ബാങ്കിങും വ്യാപകമായതോടെ എടിഎം പിന്‍ നമ്പര്‍ നൽകാനും പണം പിന്‍വലിക്കാനും പാസ്‌ബുക്ക്‌ അപ്‌ഡേറ്റ്‌ ചെയ്യാനും മുതിർന്ന പൗരൻമാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് എന്തെങ്കിലും പരിഹാരം പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദമാക്കിയത്.

നികുതി ഒഴിവാക്കുന്നതിനുള്ള ഫോം 15എച്ച്‌, ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്നിവ സീനിയർ സിറ്റിസൺസിനു ഏത്‌ ശാഖകളിലും സമര്‍പ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com