ADVERTISEMENT

നിങ്ങളുടെ കയ്യിൽ 2000–ൽ ഉണ്ടായിരുന്ന ഒരു 100 രൂപയ്ക്ക് ഇന്ന് എത്ര രൂപ വിലയുണ്ടെന്നറിയാമോ? 30 രൂപ! ഒരു കിലോ ഏത്തപ്പഴത്തിനു 1983–ൽ രണ്ടു രൂപയായിരുന്നെങ്കിൽ ഇന്നത് 50 രൂപയിലെത്തി. ഇന്നു രണ്ടു രൂപ കൊടുത്താൽ കിട്ടുന്നത് 40 ഗ്രാം ഏത്തപ്പഴം മാത്രം!

നിങ്ങളുടെ പണത്തെ കൊല്ലുന്ന, അതിന്റെ വാങ്ങൽ ശേഷിയെ കുറയ്ക്കുന്ന, ഈ വില്ലനെയാണ് നാം വിലക്കയറ്റം എന്നു പറയുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പണപ്പെരുപ്പം (inflation).

100 രൂപ എങ്ങനെ 30 രൂപയായി?

2000 മുതൽ 2017 വരെയുള്ള 18 വർഷത്തെ ശരാശരി ഉപഭോക്തൃ വിലസൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം 6.65 ശതമാനം ആണ്. അതായത് നിശ്ചിത തുക 18 വർഷം വീട്ടിൽ സൂക്ഷിച്ചാൽ ഓരോ വർഷവും ശരാശരി 6.65 ശതമാനം വീതം അതിന്റെ വാങ്ങൽ ശേഷി കുറഞ്ഞിട്ടുണ്ട് എന്നർഥം. 18 വർഷത്തെ ആകെ നഷ്ടം 70%. അതായത് 100 രൂപ 30 രൂപയായി.

ഈ പണം അന്ന് സേവിങ്സ് അക്കൗണ്ടിൽ ഇട്ടിരുന്നുവെങ്കിൽ (ശരാശരിപലിശ 3.75%) ഇന്നു ബാങ്ക് 194 രൂപ തരും. പക്ഷെ 6 .65 ശതമാനം പണപ്പെരുപ്പം വെച്ച് മൂല്യം നിലനിർത്തണമെങ്കിൽ 18 വർഷത്തിനു ശേഷം 319 രൂപ വേണം. അപ്പോൾ നഷ്ടം 125 രൂപ അഥവാ 39%.

നൂറു രൂപ= രണ്ടു കിലോ അരി

രൂപയാണ് നമ്മുടെ പണം. നിങ്ങളുടെ കയ്യിൽ നൂറു രൂപ ഉണ്ടെന്നും ഇന്നു ഒരു കിലോ അരിക്ക് അമ്പതു രൂപ വിലയുണ്ടെന്നും കരുതുക. നൂറു രൂപയ്ക്ക് രണ്ട് കിലോ അരി വാങ്ങാം. അതായത് നൂറു രൂപ സമം രണ്ടുകിലോ അരി. അതുപോലെ കൈയിലുള്ള 25 രൂപയ്ക്ക് ഓട്ടോറിക്ഷയിൽ ഒന്നര കിലോമീറ്റർ യാത്ര ചെയ്യാം. അതായത് ഒന്നര കിലോമീറ്റർ ഓട്ടോ റിക്ഷ യാത്ര സമം 25 രൂപ.

ഈ നൂറു രൂപ കൈയിൽ സൂക്ഷിക്കുന്നുവെന്നിരിക്കട്ടെ. ഒരു വർഷം കഴിഞ്ഞ് അരി വില കിലോയ്ക്ക് 53 രൂപയാകും. കയ്യിലുള്ള 100 രൂപയ്ക്ക് 943 ഗ്രാം അരിയേ അപ്പോൾ കിട്ടൂ. ഇത്തരത്തിൽ പണം ദീർഘകാലം കൈയിൽ സൂക്ഷിക്കുമ്പോഴുണ്ടാകുന്ന മൂല്യശോഷണം അഥവാ നഷ്ടം ഭീമമായിരിക്കും.

പണത്തിന്റെ മൂല്യമെന്നത് വാങ്ങൽ ശേഷിയാണ്. അത് നിലനിർത്തുക പ്രധാനമാണ്. അത്യാവശ്യങ്ങൾ കഴിഞ്ഞുള്ള പണം നാം നിക്ഷേപിക്കും. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമിക്കൽ, വാർധക്യകാല ജീവിതത്തിന്, മക്കളുടെ ഭാവിജീവിതത്തിന് എന്നിങ്ങനെ. ഈ പണം നിശ്ചിതകാല ശേഷം തിരികെ ലഭിക്കുമ്പോൾ അന്നത്തെ വിലക്കയറ്റത്തെ തരണം ചെയ്യാനെങ്കിലും കഴിയണം. അല്ലെങ്കിൽ പണത്തിന്റെ മൂല്യമിങ്ങനെ കുറഞ്ഞു കുറഞ്ഞു വരും.

അതിനാൽ പണം സൂക്ഷിക്കുമ്പോൾ വാങ്ങൽ ശേഷി നിലനിർത്താനും വർധിപ്പിക്കാനും കഴിയുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിന് പണത്തിന്റെ മൂല്യം കുറയ്ക്കുന്ന ഘടകങ്ങൾ തിരിച്ചറിയണം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിലക്കയറ്റമെന്നു മനസിലാക്കുക.

ചോർത്തും ആദായനികുതിയും

നിക്ഷേപത്തിനു കിട്ടുന്ന പലിശയെയും ആദായത്തേയും ബാധിക്കുന്ന മറ്റൊരു ഘടകം ആദായനികുതി ആണ്.സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ 10,000 രൂപയ്ക്ക് മേലുള്ള പലിശയ്ക്കും ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശയ്ക്കും നികുതി കൊടുക്കണം. അപ്പോഴും നികുതി കുറച്ചശേഷം എത്ര ശതമാനം പലിശ കിട്ടുമെന്ന് പരിശോധിക്കണം.

സ്വർണം, ചിട്ടി, ഇൻഷുറൻസ് പോളിസി, മ്യൂച്വൽ ഫണ്ട്, ഓഹരി എന്നിവയിലെല്ലാം ഈ പരിശോധന നടത്തണം. അങ്ങനെ പരിശോധിച്ച് കണ്ടെത്തുന്ന ആദായനിരക്ക് പോസിറ്റീവ് ആയിരിക്കുകയും വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com