sections
MORE

‘റീടെയിൽ ബാങ്കിങ്ങിൽ എസ്ബിഐ പിന്നോട്ടില്ല’

HIGHLIGHTS
  • എസ്ബിഐയുടെ സേവനത്തെക്കുറിച്ചും റീടെയിൽ രംഗത്തെ നിലപാടുകളെക്കുറിച്ചും അറിയാം
Haridas-SBI-845x440
SHARE

ലയനത്തോടെ ചെറുകിടക്കാരെ തഴഞ്ഞോ?

റീടെയില്‍ ബാങ്കിങ്ങിലെ ഫോക്കസ് വർധിച്ചിട്ടേയുള്ളൂ. ബാങ്കിന്റെ ബാലന്‍സ്‌ഷീറ്റ്‌ ഇതു വ്യക്തമാക്കുന്നു. മൊത്തം വായ്‌പയിൽ റീടെയില്‍ വായ്‌പയുടെ വിഹിതം ഇപ്പോള്‍ 60 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ വളര്‍ച്ചനിരക്ക്‌ കോര്‍പറേറ്റ്‌ വായ്‌പകളെക്കാള്‍ കൂടുതലാണ്. മുദ്ര, പിഎംഇജിപി, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, എസ്‌എച്ച്‌ജിക്കും ജെഎല്‍ജിക്കുമുള്ള പിന്തുണ എന്നിവയിലെല്ലാം മികച്ച പ്രകടനമാണ്‌ എസ്ബിഐ കാഴ്‌ചവയ്ക്കുന്നത്.

കന്യാകുമാരി മുതല്‍ ലെഡാക്ക്‌ വരെ സാന്നിധ്യമുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്‌ എന്ന നിലയില്‍ ഞങ്ങള്‍ റീടെയില്‍ മേഖലയോടു ഉത്തരവാദിത്തപ്പെട്ടവരാണ്. വായ്‌പ അപേക്ഷകളിൽ അതിവേഗം തീര്‍പ്പ്‌ ഉണ്ടാക്കാൻ ഒട്ടേറെ സെന്‍ട്രല്‍ പ്രോസസിങ്‌ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ചെറുകിട സംരംഭക വായ്‌പകൾക്കായി മാത്രം 498 എസ്‌എംഇ ശാഖകൾ ഉണ്ട്.

ഇന്ത്യന്‍ റീടെയില്‍ ബാങ്കിങ്‌ രംഗത്തെ വിഹിതം എത്രയാണ്‌?

റീടെയില്‍ ബാങ്കിങ്ങിൽ ആധിപത്യം നേടിയിരിക്കുന്നത്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ആണ്‌. സ്റ്റേറ്റ്‌ ബാങ്കിന്റെ കാസാ (കറന്റ്‌ ആന്‍ഡ്‌ സേവിങ്‌സ്‌ ബാങ്ക്‌) നിക്ഷേപം തൊട്ടടുത്ത എതിരാളിയെക്കാള്‍ മൂന്നര മടങ്ങാണ്‌. റീടെയില്‍ വായ്‌പയിലും ഭവനവായ്പയിലും തൊട്ടടുത്ത ബാങ്കിനെക്കാൾ രണ്ടു മടങ്ങും. 43 കോടിയോളം ഇടപാടുകാരും 80 കോടിയോളം അക്കൗണ്ടുകളുമുണ്ട്‌. ഭവനവായ്‌പയിലും വാഹനവായ്‌പയിലും 34 ശതമാനം വീതമാണ് വിപണി വിഹിതം.

ലയനശേഷം എത്രമാത്രം വളര്‍ച്ച/തളര്‍ച്ച ഈ മേഖലയ്‌ക്ക്‌ ഉണ്ടായി?

ലയനശേഷമുള്ള ആദ്യ ആറുമാസം ശാഖകളെയും ജീവനക്കാരെയും വിഭിന്ന സ്ഥലങ്ങളിലായി പുനഃക്രമീകരിക്കുന്ന നടപടികൾ ‍ആയിരുന്നു. ലോകത്തില്‍ തന്നെ ആദ്യമായിരുന്നല്ലോ ‌ഇത്തരത്തില്‍ ഒരു ലയനം റീടെയില്‍ വായ്പയ്ക്ക് ‌അനുമതി നല്‍കുന്ന സെന്‍ട്രല്‍ പ്രോസസിങ്‌ സെന്ററുകള്‍ പുനഃക്രമീകരിച്ചു. അതിനുശേഷം ശാഖകളെ അതുമായി ബന്ധപ്പെടുത്തി. ജീവനക്കാര്‍ക്ക്‌ ആവശ്യമായ പരിശീലനം നല്‍കി. ഉൽപന്നനിര പരിഷ്‌കരിച്ചു. വായ്‌പ പ്രക്രിയ ഭൂരിഭാഗവും ഡിജിറ്റലൈസ്‌ ചെയ്‌തു.

കൂടുതല്‍ വളര്‍ച്ച ഉറപ്പാക്കാന്‍ എന്തു നടപടികളാണ്‌ സ്വീകരിക്കുന്നത്‌?

വിപണിയില്‍ കൂടുതല്‍ മുന്നേറുന്നതിനായി എല്ലാ റീടെയില്‍ ഉൽപന്നങ്ങളും പുനഃപരിശോധിച്ച്‌ നിലവിലെ പ്രവണതകള്‍ അടിസ്ഥാനമാക്കി മെച്ചപ്പെടുത്തുകയാണ്. കാർഷികവായ്പകൾ, ചെറുകിടസംരംഭക വായ്പകൾ, ഭവനവായ്പകൾ തുടങ്ങി എല്ലാറ്റിലും ഈ മെച്ചപ്പെടുത്തലുണ്ട്. വായ്പയുടെ തുടക്കം മുതല്‍ അനുമതി നല്‍കുന്നതു വരെയുള്ള പ്രക്രിയകള്‍ ശ്രദ്ധിക്കുകയും ഉപഭോക്താക്കളുടെ യാത്ര സുഗമമാണ്‌ എന്ന്‌ ഉറപ്പു വരുത്തുകയും ചെയ്യും.

കസ്റ്റമര്‍ സര്‍വീസിനെക്കുറിച്ച്‌ ഒട്ടേറെ പരാതികള്‍ ഉയരുന്നുണ്ടല്ലോ?

ലഭിക്കുന്ന പരാതികളില്‍ ഭൂരിഭാഗവും എടിഎമ്മുകളുമായി ബന്ധപ്പെട്ടാണ്‌. രാജ്യത്തുടനീളം 52,000 എടിഎമ്മുകൾ എസ്ബിഐയ്ക്കുണ്ട്. എടിഎം പരാതികള്‍ പരിഹരിക്കാൻ സമയബന്ധിതമായ നടപടികൾ സ്വീകരിച്ചു വരുന്നു. അതുപോലെ ജീവനക്കാരുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ക്കു പ്രാധാന്യം നല്‍കുന്നു.. തെറ്റായി പ്രവർത്തിക്കുന്നവർക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക തന്നെ ചെയ്യും.

പരാതികൾ മറികടക്കാന്‍ നടപടികൾ ആരംഭിച്ചിട്ടുണ്ടോ?

പരാതികള്‍ കൈകാര്യം ചെയ്യുന്നതിനു ഞങ്ങൾക്കു ശക്തമായ സംവിധാനം ഉണ്ട്‌. രേഖാമൂലവും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും ലഭിക്കുന്ന എല്ലാ പരാതികളും പ്രാദേശിക ഹെഡ്‌ഓഫിസുകളിലെയും കോര്‍പറേറ്റ്‌ സെന്ററുകളിലെയും ടീം പരിശോധിക്കും. തീരുമാനം ഓരോ തലത്തിലും നിരീക്ഷിക്കുകയും ചെയ്യും. പരാതികള്‍ വിലയിരുത്തുന്നതിനായി ഞങ്ങള്‍ക്ക്‌ ആഭ്യന്തര ഓംബുഡ്‌സ്‌മാനും ഉണ്ട്‌.

ജീവനക്കാരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ ഉണ്ടോ?

പണവും സമാനമായ വസ്‌തുക്കളും കൈകാര്യം ചെയ്യേണ്ടി വരുന്ന ‍ ബാങ്ക്‌ ജോലിക്കു മറ്റ് ഏതു ജോലികളെക്കാളും വ്യത്യസ്‌തമായ കഴിവുകള്‍ ആവശ്യമാണ്‌.ബാങ്കിൽ പല ജോലികളും സമയം നോക്കാതെ ചെയ്തു തീർക്കേണ്ടി വരും. അവരുടെ ഉന്നമനത്തിനായി ‘നയി ദിശ’ എന്ന പദ്ധതി ആരംഭിച്ചു. ബാങ്കിലെ മുഴുവന്‍ ജീവനക്കാരെയും അവരുടെ കുടുംബത്തെയും കോർത്തിണക്കിക്കൊണ്ടുള്ള ഒന്നാണിത്. ജീവനക്കാർക്കു കൂടുതല്‍ സന്തോഷം നല്‍കുന്നതിലും ജോലിസംബന്ധമായ അവരുടെ സമ്മർദം കുറയ്‌ക്കുന്നതിനും ഉള്ള നടപടികൾ ഇതിൽ സ്വീകരിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA