sections
MORE

വായ്പയെടുക്കാൻ കൂടെ കൂട്ടാം സിബിൽ സ്കോറിനെ

HIGHLIGHTS
  • സിബിൽ ഇന്ന് വ്യക്തിക്ക് വായ്പ എടുക്കുന്നതിനുള്ള മേൽവിലാസമാണ്.
SHARE

 ചുക്കില്ലാത്ത കഷായമില്ല എന്നു പറയുന്നതു പോലെയാണ്, സിബിൽ സ്കോറില്ലാത്ത വായ്പയില്ല. എന്തിനും ഏതിനും ഇന്ന് എല്ലാവർക്കും വായ്പ വേണം.എന്നാൽ സ്വർണ വായ്പ ഉൾപ്പടെ എല്ലാത്തിനും സ്കോർ നിർബന്ധമാണ്. അതിന് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. പലരും കരുതുന്നതു പോലെ വായ്പ എങ്ങനെ  കൊടുക്കാതിരിക്കാം എന്നുറപ്പാക്കാനല്ല സിബിൽ, വായ്പ എടുക്കൽ അനായാസവും ലളിതവുമാക്കുന്നതിനാണ് സിബിൽസ്കോർ സഹായിക്കുക.  സിബിലിനെ കുറിച്ചറിഞ്ഞാലേ ഇത് എങ്ങനെ എന്നു വ്യക്തമാകൂ. സിബിലിന്റെ തുടക്കം, സ്കോർ വായ്പാ ലഭ്യത എങ്ങനെ എളുപ്പമാക്കുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സിബിൽ ചെയർമാൻ എം വി നായർ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.

എന്തിനാണു സിബിൽ?

10 വർഷം മുമ്പു വരെ ബാങ്കുകൾ വായ്പ നൽകുന്നതിൽ സുതാര്യത ഉണ്ടായിരുന്നില്ല.അതായത് ഒരാൾ കൊച്ചിയിൽ നിന്ന് ഒരു വായ്പ എടുക്കും.അത് തിരിച്ചടക്കുന്നതിൽ വീഴ്ചവരുത്തിയിട്ട്  മറ്റൊരിടത്തു പോയി ആദ്യവായ്പയുടെ വിവരങ്ങൾ മറച്ചുവെച്ച് വീണ്ടും വായ്പ എടുക്കും. വായ്പ എടുക്കുന്ന ആളുടെ വിവരങ്ങൾ ലഭ്യമല്ലതിരുന്നതിനാൽ ഒരേ ആൾ തന്നെ തിരിച്ചടക്കാതെ പലയിടത്തുനിന്നും എടുക്കുന്നത് വായ്പ ചെലവേറിയതാക്കി. സിബിൽ വന്നതോടെയാണ് കാര്യങ്ങൾ എളുപ്പമായത്.വായ്പ സംബന്ധിയായ എല്ലാവിവരങ്ങളും സിബിൽ വിരൽത്തുമ്പിൽ ലഭ്യമാക്കി. അതിനനുസരിച്ചാണ് ഇപ്പോൾ ബാങ്കുകൾ വായ്പ ലഭ്യമാക്കുന്നത്. മികച്ച സ്കോർ ഉള്ളയാൾക്ക് വായ്പ ഇപ്പോൾ അനായാസമായി ലഭിക്കും. കുറഞ്ഞ ചെലവിൽ,വേഗത്തിൽ വായ്പകൾ കിട്ടുന്നതിന് വഴിയൊരുക്കിയ സിബിൽ ഇന്ന് വ്യക്തിക്ക് വായ്പ എടുക്കുന്നതിനുള്ള മേൽവിലാസമാണ്.

വായ്പ എങ്ങനെ കിട്ടും?

ജീവിതം സുഗമമായി മുന്നോട്ട് കൊണ്ടു പോകുന്നതിന് വായ്പ ഇന്ന് ഒഴിവാക്കാനാകില്ല.എന്നാൽ ഇത് അനായാസമായി ലഭിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വായ്പാസ്കോർ നന്നായി നിലനിർത്തുക എന്നത് പ്രധാനമാണ്. തിരിച്ചടവ് എപ്പോഴും കൃത്യമായിരിക്കണമെന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം.  ഒപ്പം തന്നെ അമിതകടം എടുക്കുന്നത് കാര്യങ്ങൾ വഷളാക്കും. വായ്പ എടുക്കുന്ന വ്യക്തി നല്ല സ്കോർ നിലനിർത്തികൊണ്ടു പോയാൽ അയാൾക്ക് ജീവിതാവശ്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാനാകും.വീട്, വാഹനം, വിവാഹം തുടങ്ങി ഏതാവശ്യത്തിനും വായ്പാലഭ്യത ഉറപ്പാക്കാനാകും.എന്നാൽ തിരിച്ചടവിൽ വീഴ്ച വരുത്തുന്നവർക്ക് വായ്പ  ബുദ്ധിമുട്ടാകും 

സിബിൽ സ്കോർ എന്തിനാണ്?

2004ലാണ് സിബിൽ ആരംഭിച്ചത്, കൺസ്യൂമർ ബ്യൂറോ മാത്രമായിരുന്നു ആദ്യം.2011മുതൽ സ്കോർ ലഭ്യമാക്കി. ഈ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ വായ്പാ വളർച്ചയേറി.300 മുതൽ 900 വരെയാണ് സിബിൽ സ്കോർ കണക്കാക്കുന്നത്.സ്കോർ 800 നു മുകളിലാണെങ്കിൽ വായ്പ കുറഞ്ഞ നിരക്കിൽ അനായാസമായി ഉറപ്പിക്കാനാകും.ഇത്തരക്കാർക്ക് ആകർഷകമായ പലിശ നിരക്ക് നൽകാൻ ബാങ്കുകൾക്കു താൽപ്പര്യമായിരിക്കും.എല്ലാ ബാങ്കുകളുടെയും ഇടപാടുകാരുടെ  സ്കോർ സിബിലിൽ ലഭ്യമാണ്. ഇപ്പോൾ  പരമാവധി ഒരാഴ്ച മുതൽ 40 ദിവസത്തിനുള്ളിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും. ഇത് എത്രയും വേഗം തൽസമയ അപ്ഡേഷൻ എന്ന രീതിയിലേക്കു മാറി കൊണ്ടിരിക്കുകയാണ്.

സ്കോറിനെ ബാധിക്കുന്നത് എന്തെല്ലാം?

വായ്പ എടുക്കുന്ന ആളിന്റെ വരുമാനം, അയാൾക്കാവശ്യമായ വായ്പ ഇതു രണ്ടും കണക്കാക്കി അതിനനുസരിച്ചുള്ള വായ്പയാണ് എടുക്കേണ്ടത്.വായ്പ തിരിച്ചടക്കുന്നതിനുള്ള ശേഷി സൂചിപ്പിക്കുന്നതാണ് സ്കോർ. വായ്പ കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ സ്കോർ കുറയാൻ കാരണമാകും. കുറെ വായ്പക്ൾ ഒരുമിച്ചെടുക്കുന്നതും സ്കോറിനെ ബാധിക്കും. ഒരാൾ ക്രെഡിറ്റ് കാര്‍ഡിനായി പല ബാങ്കുകളിൽ അന്വേഷണം നടത്തിയാൽ അയാൾ പണിത്തിനായി  ഓടി നടക്കുകയാണെന്ന തോന്നലുളവാക്കും. വായ്പ എടുത്ത ആളുടെ സാമ്പത്തിക അച്ചടക്കവും സ്കോർ കണക്കാക്കുമ്പോൾ പരിഗണിക്കും.

സ്കോർ മെച്ചപ്പെടുത്താനെന്തു ചെയ്യണം?

300 മുതൽ 900 വരെയുള്ള സ്കോറാണ് നൽകുന്നത്. 800നു മുകളിലാണെങ്കിൽ ബാങ്കുകൾ മികച്ച  പലിശ നിരക്കു നൽകും. വായ്പാ തവണ മുടക്കാതിരിക്കുക എന്നത് പ്രധാനമാണ്.അങ്ങനെയെങ്കിൽ ബാങ്കുകൾ വീണ്ടും വായ്പ നൽകും. പലതരം വായ്പകൾ (ഈട് ഉള്ളതും ഇല്ലാത്തതും ഉൾപ്പടെ) എടുക്കുന്നത് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും.കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നത് സ്കോർ വർധിപ്പിക്കുമെങ്കിലും നേരത്തെ അടച്ചു തീർക്കുന്നത് സ്കോർ ഉയരാൻ സഹായിക്കില്ല.‍‍ഒരു വായ്പ എടുത്തിട്ട് അത് അടയ്ക്കാനായി മറ്റൊന്ന് എടുക്കുന്നത് സ്കോർ മോശമാക്കും.

വായ്പ ഇല്ലാത്തവരുടെ സ്കോർ എങ്ങനെ കണക്കാക്കും?

വായ്പ ഇല്ലാത്തവർക്ക് സ്വാഭാവികമായും സ്കോറും ഇല്ല.അതുകൊണ്ട് മോശമെന്ന പരിഗണന ലഭിക്കില്ല. എന്നാൽ ചില ബാങ്കുകൾ സ്കോർ ഇല്ലെങ്കിൽ വായ്പ നൽകിയില്ലെന്നു വരാം. അതുകൊണ്ടു തന്നെ ചെറിയ ക്രെഡിറ്റ് കാർഡ് വായ്പയോ മറ്റോ എടുത്ത് സ്കോർ ഉണ്ടാക്കുന്നത്  നല്ലതാണ്,

സ്കോർ താഴെ പോയാൽ എങ്ങനെ മെച്ചപ്പെടുത്തും?

ആറു മാസത്തേക്ക് കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണം. കൃത്യമായി തവണകളടക്കുക. ഇതിനിടയിൽ പല ബാങ്കുകളിൽ വായ്പ എടുക്കുന്നതിനായി അന്വേഷണം നടത്തരുത്.പകരം ഈടു നൽകിയുള്ള വായ്പ എടുക്കുകയാണെങ്കിൽ സ്കോർ മെച്ചപ്പെടാനിടയുണ്ട്. അതായത് സ്കോർ 700 ഉള്ളയാൾ ഈടു നൽകിയുള്ള വായ്പ എടുത്താൽ സ്കോർ മെച്ചപ്പെടാനിടയുണ്ട് .സ്കോർ  നില ബാങ്കുകൾ നിരന്തരമായി വിശകലനം ചെയ്യാറുണ്ട്,  അതായാത് സ്കോർ നില 600 ആയിരുന്ന ആൾ വായ്പ കൃത്യമായി തിരിച്ചടച്ച് 750ലേക്ക് നില മെച്ചപ്പെടുത്തുന്നത് നല്ലതാണ്. അതേ സമയം 850 സ്കോർ ഉണ്ടായിരുന്ന ആൾ ശ്രദ്ധയില്ലാതെ 750 ലേക്ക് നിരക്കു കുറഞ്ഞാൽ ബാങ്ക് അയാളെ നിരീക്ഷണം നടത്തികൊണ്ടിരിക്കും. അതായത് നല്ല വായ്പാചരിത്രമുള്ളവർക്ക് വായ്പ കിട്ടാനെളുപ്പമാണ്.

സാധാരണ തിരിച്ചടവ് മുടങ്ങുന്ന വായ്പകൾ  ഏതൊക്കെ?

വായ്പ എടുക്കുന്നവരുടെ ശീലമാണ് വായ്പയുടെ തിരിച്ചടവിനെ സ്വാധീനിക്കുന്നത്. എന്നാൽ ഈടു വെച്ചെടുക്കുന്ന വായ്പയെ പല ബാഹ്യ ഘടകങ്ങളും സ്വാധീനിക്കും. ഭൂമിയാണ് ഈട് നൽകിയിരിക്കുന്നതെങ്കിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ ഏറ്റക്കുറച്ചിലുകൾ തിരിച്ചടവിന്റെ മൂല്യത്തെ ബാധിക്കും. അതുപോലെ ബിസിനസ് രംഗത്ത കയറ്റിറക്കങ്ങൾ തിരിച്ചടവിനെ സ്വാധീനിക്കും, ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ അവർക്ക് സ്കോറിനെ കുറിച്ച് ശ്രദ്ധിക്കാനാകുന്നില്ല.അതേ സമയം പേഴ്സണൽ വായ്പയുടെ തിരിച്ചടവ് വളരെ ഭേദമാണ്.കാരണം ഇത്തരം വായ്പ കൃത്യമായി സ്കോറിനെ അടിസ്ഥാനമാക്കിയാണ് വിതരണം ചെയ്യുന്നത്. അവയുടെ തിരിച്ചടവ് മുടങ്ങുന്നത് വളരെ കുറവാണ്,

വിദ്യാഭ്യാസ വായ്പയുടെ അവസ്ഥയെന്താണ്?

വിദ്യാഭ്യാസ വായ്പ തികച്ചും അനിവാര്യമാണ്, എന്നാൽ ഇത് തിരിച്ചടക്കേണ്ട എന്നൊരു തോന്നല്‍ പലരിലുമുണ്ടായിട്ടുണ്ട്.ഇത് യുവതലമുറയുടെ സിബിൽ സ്കോറിനെ ബാധിക്കും. ഈ വായ്പ അടയ്ക്കുന്നതിൽ വീഴ്ച വരുത്തി സ്കോർ താഴെ പോയാൽ പിന്നീട് ഇവർക്ക് ജീവിതശൈലിയുടെ ഭാഗമായ ക്രെ‍ഡിറ്റ് കാർഡു പോലും എടുക്കാനാകില്ല. എന്നു തന്നെയുമല്ല , പല തൊഴിൽ സ്ഥാപനവും ഉദ്യോഗാർത്ഥിയുടെ ക്രെഡിറ്റ് സ്കോർ കൂടി പരിശോധിച്ച ശേഷമേ തൊഴിൽ നൽകു എന്നൊരു സ്ഥിതി വിശേഷവുമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA