ADVERTISEMENT

തിരുവനന്തപുരം മുതൽ കാസര്‍കോഡു വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എടിഎം തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുന്നു.വിവിധ ബാങ്ക് ശാഖകളിൽ ഇത്തരം പരാതികൾ  ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഒരു  ശാഖയിൽ  തന്നെ അഞ്ചും ആറും പരാതികൾ കഴിഞ്ഞ മൂന്നു ആഴ്ചകളിലായി ലഭിച്ചിട്ടുണ്ടെന്നാണ് ബാങ്ക് വൃത്തങ്ങൾ പറയുന്നത്.തിരുവനന്തപുരത്ത് രണ്ടുലക്ഷവും കാസര്‍കോഡ് 50,000 രൂപയും ഇടപാടുകാര്‍ക്ക് നഷ്ടപ്പെട്ടത് അടുത്തടുത്ത ദിവസങ്ങളിലാണ്, പുതിയ രൂപത്തിലും തന്ത്രങ്ങളിലും അരങ്ങേറുന്ന തട്ടിപ്പിനിരയായി ലക്ഷക്കണക്കിനു രൂപ നഷ്ടമാകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. കരുതിയിരുന്നില്ലെങ്കിൽ എടിഎം തട്ടിപ്പിന്റെ അടുത്ത ഇര നിങ്ങളാകാം. വിവിധ ബാങ്ക് ശാഖകളിൽ ഇത്തരം പരാതികൾ  ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാങ്കുകൾ തുറന്നു പറയുമ്പോഴും തട്ടിപ്പ് തടയാൻ ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കാനാകാതെ കൈ മലർത്തുകയാണവർ.   

രൂക്ഷതയേറും

ഏറെ സുരക്ഷിതമെന്ന് പറഞ്ഞ് ബാങ്കുകള്‍ അടുത്തിടെ വിതരണം ചെയ്ത പുതിയ ചിപ്പ് അധിഷ്ഠിത കാർഡുകളിലാണ്  തട്ടിപ്പ് എന്നതാണ് ശ്രദ്ധേയം.  അക്കൗണ്ടിലെ  ബാലൻസ്  മനസിലാക്കി, പരമാവധി തുക പിൻവലിക്കുന്ന രീതിയാണ്. അതും അക്കൗണ്ട് ഉടമയിൽ നിന്നും ചോർത്തിയെടുത്ത   വിവരങ്ങൾ  ഉപയോഗിച്ചല്ല   ഈ തട്ടിപ്പെന്നാണ് എടുത്തു പറയേണ്ട വസ്തുത. പലരും തട്ടിപ്പ് നടന്നു ദിവസങ്ങൾ കഴിഞ്ഞാണ് കാര്യം അറിയുന്നതുപോലും.  അതുകൊണ്ടു തന്നെ  ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ കൂടുതൽ തട്ടിപ്പുകൾ സംഭവിച്ചിട്ടുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് അധികൃതർ മുന്നറിയിപ്പ്  നൽകുന്നു. പണം ബീഹാറിലോ ബംഗാളിലോ ഒക്കെ പിൻവലിച്ചതായാണ് ലഭിക്കുന്ന വിവരം,യാഥാര്‍ത്ഥ  ഉറവിടം കണ്ടെത്താനാകാത്തതിനാൽ ഒന്നും ചെയ്യാനാവുന്നില്ലെന്നു പറഞ്ഞ് പോലീസും  സൈബർ സെല്ലും നിസഹായത പ്രകടിപ്പിക്കുന്നതായും പരാതിയുണ്ട്. 

വിവരങ്ങൾ ചോരുന്ന വഴി

നിങ്ങൾ ഫോൺ ബില്ലടക്കുന്നത് ഓൺലൈനിലൂടെയാണോ?എപ്പോഴെങ്കിലും അബദ്ധത്തിൽ ടെലികോം കമ്പനിയുടെ വ്യാജസൈറ്റിൽ കയറി നിങ്ങളുടെ വിവരങ്ങൾ നൽകിയിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, വിവരങ്ങൾ ചോര്‍ന്നേക്കാവുന്ന ഒരു മാര്‍ഗങ്ങളിലൊന്നാണിത്. കുട്ടിയുടെ എൻട്രൻസ് പരീക്ഷക്ക് ഫീസടക്കാനായി വ്യാജ  സൈറ്റിൽ കയറി വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പണികിട്ടാനിടയുണ്ട്. ഇത്തരം വ്യാജ സൈറ്റുകൾ  വ്യാജന്മാരുടെ പറുദീസയാകും. വ്യാജസൈറ്റുകളിൽ കയറി വിവരങ്ങൾ നൽകിയാൽ അത് ചോർത്തിയെടുത്ത് പണം തട്ടിയെടുക്കാൻ വേറെ വഴി നോക്കേണ്ട. നിങ്ങൾക്ക്  50 കോടി ഡോളറിന്റെ ലോട്ടറി അടിച്ചു എന്നൊക്കെ പറ‍ഞ്ഞ് അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള സന്ദേശം വന്നിട്ടുണ്ടോ? എങ്കിൽ ലോട്ടറി കിട്ടുമെന്ന പ്രതീക്ഷയിൽ ആ സന്ദേശത്തിനു മറുപടി അയക്കുകയോ പ്രതികരിക്കുകയോ ചെയ്താൽ പിന്നെ ശരിക്കും ലോട്ടറിയടിക്കുന്നത് നിങ്ങളുടെ രഹസ്യ വിവരങ്ങൾ ചോർത്തിയെടുക്കുന്ന തട്ടിപ്പുകാർക്കാണ്. വേറെ ഏതെങ്കിലും  രാജ്യത്തു നിന്നും  വരുന്ന ഫോൺ കോളുകൾ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്താലും തട്ടിപ്പുകാർക്ക് വിവരങ്ങൾ ചോര്‍ത്തിയെടുക്കാനാകും. 

ഒടിപി വന്നാൽ ബ്ലോക് ചെയ്യുക

നിങ്ങൾ നടത്താത്ത ഓൺലൈൻ ഇടപാടിനായുള്ള ഒടിപി മെസേജ്  അക്കൗണ്ടുമായി ബന്ധിപ്പിച്ച നിങ്ങളുടെ  ഫോണിലേയ്ക്കു വന്നിട്ടുണ്ടോ? നിസാര തുകയ്ക്കുള്ള ഇടപാടിന്റെതായിരിക്കും സന്ദേശം. എങ്കിലും അത് അവഗണിക്കരുത്. ഉടൻ കാർഡ് ബ്ലോക് ചെയ്യുക. അല്ലെങ്കിൽ എടിഎം പിൻ ഉടൻ മാറ്റുകയെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ തന്നെ നിർദേശിക്കുന്നത്. ഇല്ലെങ്കിൽ  ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഏതെങ്കിലും അന്യസംസ്ഥാനത്തെ എടിഎമ്മിൽ നിന്നും നിങ്ങളുടെ അക്കൗണ്ടിലെ തുക വൻതോതിൽ പിന്‍വലിക്കപ്പെടാം. തട്ടിപ്പുകൾ ഏറെയും രാത്രിസമയത്ത് സ‍മയത്ത് നടക്കുന്നതിനാൽ ആ സമയത്ത് വന്ന സന്ദേശങ്ങൾ പലരും കണ്ടിട്ടുമുണ്ടാകില്ല. തട്ടിപ്പിനിരയായി നഷ്ടപ്പെടുന്ന പണം ബാങ്കുകൾ തിരികെ തരണമെന്ന് വ്യവസ്ഥയുണ്ടങ്കിലും എങ്ങനെ, എപ്പോൾ തിരികെ കിട്ടുമെന്ന് കാത്തിരുന്നറിയുകയേ  നിവൃത്തിയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com