ADVERTISEMENT

പെട്ടെന്ന് 1,000 രൂപയുടെ അത്യാവശ്യമുണ്ടായി. ഒരു ബാങ്കിലും പോകാതെ ഓൺ‌ലൈനായി വായ്പ എടുക്കാം. ചെറിയ പലിശ സഹിതം വൈകിട്ട് തിരിച്ചടയ്ക്കാം. ഇത്തരം ഇൻട്രാഡേ ലോണുകളുടെ കാലമാണ് വരാനിരിക്കുന്നത്. രണ്ടു ദിവസമോ ഒരാഴ്ചയോ കാലാവധിയുള്ള വായ്പകളും ആവശ്യാനുസരണം എളുപ്പത്തിൽ ലഭ്യമാകും.–പറയുന്നത് സിബിൽ ചെയർമാൻ എം വി നായർ. ‘‘അവശ്യ വസ്തുക്കൾ ചെറിയ അളവിൽ ലഭ്യമാക്കുന്ന സാഷേ പായ്ക്കറ്റുകൾ കണ്ടിട്ടില്ലേ? അതു പോലെ സാഷേ ലോണുകളും പ്രചാരത്തിലാകും. ഇതു സംഭവിക്കുന്നതോടെ വട്ടിപ്പലിശക്കാരും ബ്ലേഡുകാരും ഇല്ലാതാകും.’’ അദ്ദേഹം കൂട്ടി ചേർക്കുന്നു. 

2025–ൽ മിനിറ്റിൽ ഒരു കോടി വായ്പ

‘‘പത്തു വർഷം മുൻപ്, 2008–ൽ പ്രതിമാസം 10 ദശലക്ഷം വായ്പകളാണ് കൊടുത്തിരുന്നത്. ഇപ്പോഴത് ദിവസം 10 ദശലക്ഷം ആയി. 2022–ൽ മിനിറ്റിൽ 10 ദശലക്ഷം എന്നാകും. 2025–ൽ മിനിറ്റിൽ ഒരു കോടി വായ്പയാണ് ലക്ഷ്യം. ആധാർ നമ്പറും ക്രെഡിറ്റ് സ്കോറും ചേർന്നു നടപ്പാക്കുന്ന ഈ വായ്പാ വിപ്ലവം രാജ്യത്തെ കൺസ്യൂമർ രംഗത്തു വലിയ കുതിപ്പിനു വഴിതുറക്കും.’’ അദ്ദേഹം വിശദീകരിക്കുന്നു.

കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടാകും. ഇവർ അപേക്ഷിച്ചാലുടൻ ഓൺ ദി സ്പോട്ട് വായ്പ അനുവദിക്കാൻ ബാങ്കുകൾ തയാറാകും. തിരിച്ചടവ് കൃത്യമായില്ലെങ്കിൽ വായ്പ കിട്ടില്ല. അതോടെ എല്ലാവരും ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുകയും ആവശ്യമായ സമയത്ത് ആവശ്യമുള്ള തുക വായ്പയായി നേടുകയും ചെയ്യും.

റിയൽ ടൈം ഡേറ്റാ അപ്ഡേഷൻ

‘‘വായ്പാ വിവരങ്ങൾ ഓൺലൈനായി അപ്പപ്പോൾ ലഭ്യമാക്കുക എന്ന സിബിലിന്റെ ദൗത്യം ഇവിടെ നിർണായകമാണ്. ഒരാൾ ഒരു ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിച്ചാലുടൻ അക്കാര്യം മൊത്തം ബാങ്കിങ് സിസ്റ്റത്തിലും എത്തും. അതു വഴി ബാങ്കുകൾക്ക് അവരുടെ റിസ്ക് നന്നായി മാനേജ് ചെയ്യാൻ സാധിക്കും.’’ 

‘‘ബാങ്കുകൾ നിലവിൽ മാസത്തിൽ ഒരു റിപ്പോർട്ട് ആണു നൽകേണ്ടത്. പക്ഷേ, പ്രാധാന്യം മനസ്സിലായതോടെ പല ബാങ്കുകളും ഇപ്പോൾ  ആഴ്ചയിൽ വിവരങ്ങൾ നൽകുന്നു. ഇനിയത് അതാതു ദിവസമാകും. ഏതാനും വർഷത്തിനുള്ളിൽ റിയൽ ടൈം അപ്ഡേഷനും സാധ്യമാകും.’’ അദ്ദേഹം പറയുന്നു.  

ലോൺ അഗ്രിഗേറ്റർമാർ 

‘‘നിങ്ങൾക്ക്  ആയിരം രൂപ ഇന്നു രാവിലെ വേണമെന്നു കരുതുക. മൊബൈൽ ഫോൺ വഴി 10 ബാങ്കുകളിൽ ഒരേ സമയം ഓൺലൈനായി അപേക്ഷ നൽകാം. ഏറ്റവും കുറഞ്ഞ നിരക്കും ഏറ്റവും അനുകൂലമായ നിബന്ധനകളും മുന്നോട്ട് വെയ്ക്കുന്ന ബാങ്കിൽ നിന്നു വായ്പ എടുക്കാം. ഇവിടെ മികച്ചതും അനുയോജ്യവുമായ വായ്പ കണ്ടെത്താൻ അഗ്രിഗേറ്റർമാർ നിങ്ങളുടെ സഹായത്തിനെത്താം.’’ സിബിൽ ചെയർമാൻ വിശദീകരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com