ADVERTISEMENT

വരുന്ന ഉത്സവ സീസണ്‍ മുന്നില്‍ കണ്ടുകൊണ്ട്‌ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ എസ്‌ബിഐ പ്രഖ്യാപിച്ചു. വാഹന വായ്‌പ, വ്യക്തിഗത വായ്‌പ, വിദ്യാഭ്യാസ വായ്‌പ, ഭവന വായ്‌പ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ എസ്‌ബിഐ ലഭ്യമാകും. 
ഈ ഉത്സവ സീസണില്‍ കാര്‍ വായ്‌പയുടെ പ്രോസസിങ്‌ ഫീസ്‌ ഒഴിവാക്കും എന്ന്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ( എസ്‌ബിഐ ) അറിയിച്ചു. കാര്‍ വായ്‌പ തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ 8.70 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്‌ ലഭ്യമാക്കും. 
യോനോ/ ബാങ്കിന്റെ വെബ്‌ സൈറ്റ്‌ പോലെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി കാര്‍ വായ്‌പക്ക്‌ ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക്‌ പലിശ നിരക്കില്‍ 25 ബേസിസ്‌ പോയിന്റിന്റെ ഇളവ്‌ അനുവദിക്കും. ഇതിന്‌ പുറമെ ശമ്പളക്കാരായ ഉപഭോക്താക്കള്‍ക്ക്‌ കാറിന്റെ ഓണ്‍- റോഡ്‌ വിലയുടെ 90 ശതമാനം വരെ വായ്‌പ ലഭ്യമാക്കുമെന്നും ബാങ്ക്‌ പറഞ്ഞു. 
ഇതിന്‌ പുറമെ 10.75 ശതമാനം മുതല്‍ പലിശ നിരക്കില്‍ 20 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്‌പകളും എസ്‌ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഉപഭോക്താക്കളുടെ ഇഎംഐ ബാധ്യത കുറയ്‌ക്കുന്നതിനായി തിരിച്ചടവ്‌ കാലാവധി 6 വര്‍ഷമായി നീട്ടിയിട്ടുമുണ്ട്‌. 
എസ്‌ബിഐയുടെ ഡിജിറ്റല്‍ ബാങ്കിങ്‌ ആപ്പായ യോനോ വഴി സാലറി അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ 5 ലക്ഷം രൂപ വരെയുള്ള ഡിജിറ്റല്‍ വായ്‌പയും അനുവദിക്കും. 

വിദ്യാഭ്യാസ വായ്പയും

15 വര്‍ഷത്തെ തിരിച്ചടവ്‌ കാലാവധിയോടെ 8.25 ശതമാനം മുതലുള്ള പലിശ നിരക്കില്‍ ഇന്ത്യയിലെ പഠനത്തിന്‌ 50 ലക്ഷം രൂപ വരെയും വിദേശ പഠനത്തിന്‌ 1.50 കോടി രൂപ വരെയും എസ്‌ബിഐ വിദ്യാഭ്യാസ വായ്‌പ ലഭ്യമാക്കും . 
അടുത്തിടെ എസ്‌ബിഐ എംസിഎല്‍ആറില്‍ 15 ബേസിസ്‌ പോയിന്റിന്റെ കുറവ്‌ വരുത്തിയിരുന്നു. ഇതോടെ പുതിയ ഭവന വായ്‌പകളുടെ മൊത്തം പലിശ നിരക്കില്‍ 35 ബേസിസിസ്‌ പോയിന്റിന്‌ അടുത്ത്‌ കുറവ്‌ വന്നിട്ടുണ്ട്‌. 
നിലവിലുള്ളതില്‍ ഏറ്റവും താഴ്‌ന്ന ഭവന വായ്‌പ പലിശ നിരക്കാണ്‌ ബാങ്ക്‌ ലഭ്യമാക്കുന്നത്‌ എന്നാണ്‌ എസ്‌ബിഐ അവകാശപ്പെടുന്നത്‌. . ആര്‍ബിഐയുടെ റിപ്പോ നിരക്കിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്ന എസ്‌ബിഐയുടെ ഭവന വായ്‌പയുടെ പലിശ നിരക്ക്‌ 8.05 ശതമാനം മുതലാണ്‌. സെപ്‌റ്റംബര്‍ 1 മുതലുള്ള പുതിയ വായ്‌പകള്‍ക്ക്‌ ഈ പലിശ നിരക്ക്‌ ആയിരിക്കും. 
കാര്‍ വില്‍പ്പന കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന വാഹന വിതരണക്കാരുടെ വായ്‌പ തിരിച്ചടവ്‌ സമയം 15-30 ദിവസമായി എസ്‌ബിഐ നീട്ടിയിട്ടുണ്ട്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com