ADVERTISEMENT

പ്രമുഖ വ്യക്തികള്‍ അടക്കം ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിനിരയായ നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്. ഇവയിലെല്ലാം തട്ടിപ്പുകാര്‍ മുഖ്യമായി ഉപയോഗിച്ച കുതന്ത്രം ഇടപാടുകാരുടെ ഡെബിറ്റ് കാര്‍ഡ് ചില സാങ്കേതിക കാരണങ്ങളാല്‍ ബ്ലോക്ക് ആയിപ്പോയി. അതു തിരുത്തുവാന്‍ ചില വിവരങ്ങള്‍ ആവശ്യമാണ് എന്ന മെസേജ് അയക്കലാണ്. ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ആയാല്‍ എന്താണ് അടുത്ത നടപടി എന്നതിനെക്കുറിച്ച് പൊതുവേയുള്ള ആശയക്കുഴപ്പമാണ് ഇവിടെ തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്.

തട്ടിപ്പ് സന്ദേശം

ഡെബിറ്റ് കാര്‍ഡ് എങ്ങനെയാണ് ബ്ലോക്ക് ആകുന്നതെന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?ഡെബിറ്റ് കാര്‍ഡ് എവിടെയെങ്കിലും മറന്നു വെക്കുകയോ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ കച്ചവട സ്ഥാപനങ്ങളിലെ ജിവനക്കാര്‍ അതിന്റെ വിവരങ്ങള്‍ പകര്‍ത്തിയെടുക്കുകയോ ചെയ്തതതായി സംശയമുണ്ടായാല്‍ ഉടന്‍ ഉപഭോക്താവു തന്നെ ആവശ്യപ്പെടുന്നതു പ്രകാരമാണ് ബഹുഭൂരിഭാഗം സന്ദര്‍ഭങ്ങളിലും ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നത്. അത്യപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും ബാങ്കിന്റെ നീക്കമനുസരിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യുക. അങ്ങനെ ബാങ്ക് നടപടി സ്വീകരിച്ചാല്‍ അത്ര എളുപ്പത്തില്‍ അണ്‍ ബ്ലോക്ക് ചെയ്യാനാവില്ല എന്നത് ആദ്യം മനസിലാക്കണം. അതു കൊണ്ടു തന്നെ ബാങ്ക് ബ്ലോക്ക് ചെയ്ത കാര്‍ഡ് സാധാരണ നിലയിലാക്കാനായി വരുന്ന വെരിഫിക്കേഷന്‍ എന്ന പേരിലെ ഫോണ്‍ വിളികളും മെസേജുകളും തട്ടിപ്പാണെന്ന് ആദ്യം മനസിലാക്കണം.

പഴയ കാർഡിലെ വിവരം വേണ്ട

കാര്‍ഡ് നഷ്ടപ്പെടുകയോ മറ്റെന്തെങ്കിലും തട്ടിപ്പു നടന്നതായി സംശയിക്കുകയോ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ആവശ്യപ്പെട്ട് കാര്‍ഡ് ബ്ലോക്കു ചെയ്താല്‍ ഏതാണ്ട് എല്ലാ ബാങ്കുകളും ആ കാര്‍ഡ് റദ്ദാക്കും. അതു കൊണ്ടു തന്നെ അത്തരം കാര്‍ഡുകള്‍ അണ്‍ ബ്ലോക്കു ചെയ്യാനാവില്ല. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ ഡെബിറ്റ് കാര്‍ഡിന് അപേക്ഷിക്കുകയാണു ചെയ്യേണ്ടത്. അപേക്ഷ ഓണ്‍ലൈന്‍ ബാങ്കിങ് സൈറ്റു വഴിയോ  മൊബൈല്‍ ബാങ്കിങ് ആപ്പു വഴിയോ ബാങ്കില്‍ നേരിട്ടു പോയി ഫോം പൂരിപ്പിച്ചു നല്‍കിയോ സമര്‍പ്പിക്കാം. ഇങ്ങനെ ഏതു വിധത്തില്‍ പുതിയ ഡെബിറ്റ് കാര്‍ഡിന് അപേക്ഷിച്ചാലും ഫോണ്‍ വെരിഫിക്കേഷന്‍ എന്ന പേരില്‍ ആരും നിങ്ങളുടെ പഴയ കാര്‍ഡ് വിവരങ്ങള്‍ അന്വേഷിക്കുകയില്ല എന്നും മനസിലാക്കണം.

എടിഎമ്മിൽ പോയി ശരിയാക്കാം

തുടര്‍ച്ചയായി തെറ്റായ പിന്‍ നല്‍കുന്നതാണ് കാര്‍ഡ് ബ്ലോക്ക് ആകാന്‍ ഇടയാകുന്ന മറ്റൊരു സന്ദര്‍ഭം. നെറ്റ് ബാങ്കിങില്‍ കാര്‍ഡുപയോഗിക്കുമ്പോഴാണ് ഇതിനു സാധ്യത കൂടുതല്‍. ഇത്തരത്തില്‍ കാര്‍ഡ് ബ്ലോക്ക് ആയാല്‍ അടുത്തുള്ള എടിഎമ്മില്‍ പോയി ഇത് അണ്‍ ബ്ലോക്കു ചെയ്യാനാവും. ഇവിടേയും ബാങ്കില്‍ നിന്ന് ആരും കാര്‍ഡിന്റെ വിവരങ്ങള്‍ അന്വേഷിച്ച് നിങ്ങളെ വിളിക്കില്ല എന്നതും ഓര്‍മിക്കുക. ഡെബിറ്റ് കാര്‍ഡുകള്‍ രാജ്യത്തിനു പുറത്ത് ഉപയോഗിക്കാനുള്ള സൗകര്യം ഓഫു ചെയ്തു വെക്കാന്‍ ഇന്ന് മിക്കവാറും ബാങ്കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തുന്നതും ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com