ADVERTISEMENT

ക്രെഡിറ്റ് സ്‌കോര്‍ കുറവായതിന്റെ പേരില്‍ വായ്പ കിട്ടില്ല എന്ന ആശങ്കയിലാണോ നിങ്ങൾ? ഏതൊരു വായ്പയും അനുവദിക്കുമ്പോള്‍ പരിഗണിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നാണ് ക്രെഡിറ്റ് സ്‌കോര്‍. പക്ഷേ, അതു കുറയുകയെന്നത് നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ അവസാനമൊന്നുമല്ല.  ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍ നിങ്ങള്‍ക്കു ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്. 

എന്തു കൊണ്ട് സ്‌കോര്‍ കുറഞ്ഞു? 

സാങ്കേതികമായ കാരണങ്ങളാലും അല്ലാതെയും സ്‌കോര്‍ കുറയാം. അതില്‍ ഏതു കാരണം കൊണ്ടാണു സ്‌കോര്‍ കുറഞ്ഞതെന്നു പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 

റിപോര്‍ട്ട് പരിശോധിക്കുക

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും റിപോര്‍ട്ടും പരിശോധിക്കുകയാണ് ഇതിനായി വേണ്ടത്. ക്രെഡിറ്റ് റിപോര്‍ട്ടില്‍ തെറ്റുണ്ടാകാനുള്ള സാധ്യത പരിശോധിക്കണം. ബാങ്കോ ധനകാര്യ സ്ഥാപനമോ അബദ്ധത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ചിലരുടെയെങ്കിലും സ്‌കോര്‍ കുറയാന്‍ വഴിയൊരുക്കും. വായ്പാ ഗഡുക്കള്‍ അടച്ചത് രേഖപ്പെടുത്താതിരിക്കുക, അടച്ചു തീര്‍ത്ത വായ്പ ക്ലോസ് ചെയ്തതായി രേഖപ്പെടുത്താതിരിക്കുക എന്നിവ മുതല്‍ പേരോ മറ്റു വിവരങ്ങളോ തെറ്റിപ്പോയതോ വരെയുള്ള കാരണങ്ങള്‍ ഇവിടെ കണ്ടെത്താം.

പരാതിപ്പെടാം

ക്രെഡിറ്റ് റിപോര്‍ട്ടില്‍ അപാകതയുണ്ടെന്നു മനസിലായാല്‍ അതിനെതിരെ പരാതി നല്‍കാന്‍ മാര്‍ഗമുണ്ട്. ബാങ്കിനും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിക്കും പരാതി നല്‍കാം. പരാതിക്കു ശേഷം ബാങ്കില്‍ നിന്നു ലഭിക്കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി റിപോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തുക.

വായ്പാ കുടിശിക മൂലം റേറ്റിങ് മോശമായാല്‍ എന്തു ചെയ്യും?

റിപോര്‍ട്ടിങിലെ പിഴവുകള്‍ മൂലം ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍ മുകളില്‍ പറഞ്ഞതു പോലെ പരിഹരിക്കാം. പക്ഷേ, നിങ്ങള്‍ വായ്പാ ഗഡുക്കള്‍ അടയ്ക്കാത്തതു മൂലം സ്‌കോര്‍ കുറഞ്ഞാലോ? അവിടേയും പോംവഴികളുണ്ട്. അല്‍പം ബുദ്ധിമുട്ടാണെന്നു മാത്രം. നിലവിലെ വായ്പ ഇനിയുള്ള കാലത്തെങ്കിലും കൃത്യമായി തിരിച്ചടക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. കൃത്യമായ തിരിച്ചടക്കല്‍ ആറു മാസം മുതല്‍ എട്ടു മാസം വരെ ആകുമ്പോഴേക്ക് സ്‌കോര്‍ ചെറിയ രീതിയിലെങ്കിലും മെച്ചപ്പെട്ടു തുടങ്ങും. 

പൂര്‍ണമായി അടച്ചു തീര്‍ക്കാനാവാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ ഉടന്‍ ഒഴിവാക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ട മറ്റൊന്ന്. ഇതിനുള്ള പണം എങ്ങനെയെങ്കിലും കണ്ടെത്തി അടച്ചു തീര്‍ത്തില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ വീണ്ടും മോശമാകും. ഇനി തുടരുന്ന ക്രെഡിറ്റ് കാര്‍ഡുകളുണ്ടെങ്കില്‍ അവയുടെ തിരിച്ചടവ് കൃത്യമായും പൂര്‍ണമായും നടത്തണം. ഇവയില്‍ മുടക്കം വന്നാല്‍ വെറുതെ പിഴ നല്‍കണം അതോടൊപ്പം ക്രെഡിറ്റ് സ്‌കോര്‍ വീണ്ടും ഇടിയുകയും ചെയ്യും. 

കൈവായ്പകള്‍ക്കു പകരം പേഴ്‌സണല്‍ ലോണിനെ ആശ്രയിക്കാം

കൈവായ്പകള്‍ വാങ്ങേണ്ട സാഹചര്യങ്ങളില്‍ അത് ഒഴിവാക്കി പേഴ്‌സണല്‍ ലോണുകള്‍ പ്രയോജനപ്പെടുത്തുന്നതും ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള നിങ്ങളുടെ ബോധപൂര്‍വമുള്ള നീക്കങ്ങള്‍ക്കു പിന്തുണയാകും. ക്രെഡിറ്റ് സ്‌ക്കോര്‍ മോശമായതിനാല്‍ നിങ്ങള്‍ക്കു ബാധകമായ പലിശ നിരക്ക് താരതമ്യേന ഉയര്‍ന്നതായിരിക്കും എന്ന പ്രശ്‌നം ഇവിടെ കണക്കിലെടുക്കേണ്ടതില്ല. ചെറിയ തുകകള്‍ക്കുള്ള പേഴ്‌സണല്‍ ലോണുകള്‍ വരെ ഇങ്ങനെ എടുക്കുന്നതു പരിഗണിക്കാം. അവ കൃത്യമായി തിരിച്ചടക്കണമെന്നതു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. 

ക്രെഡിറ്റ് കാര്‍ഡ് എടുക്കാം

ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്ത വ്യക്തികളാണ് മോശമായ ക്രെഡിറ്റ് സ്‌ക്കോറിന്റെ പ്രശ്‌നം നേരിടുന്നതെങ്കില്‍ പുതിയൊരു ക്രെഡിറ്റ് കാര്‍ഡ് എടുക്കുകയും അതില്‍ കൃത്യമായ തിരിച്ചടവു നടത്തുകയും ചെയ്യുന്നതും പരിഗണിക്കാം. ഇതു പക്ഷേ, വളരെ കരുതലോടെ ചെയ്യേണ്ട ഒന്നാണ്. 

സ്ഥിര നിക്ഷേപങ്ങളുടെ ഈടില്‍ വായ്പയെടുക്കാം

ക്രെഡിറ്റ് സ്‌ക്കോര്‍ മോശമാണെങ്കിലും സ്ഥിര നിക്ഷേപങ്ങളുടെ ഈടിന്‍മേല്‍ വായ്പ ലഭിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. തങ്ങളുടെ പണത്തിന്റെ ഒരു ഭാഗമാണല്ലോ വായ്പയായി ലഭിച്ചത്, അതിനാല്‍ തിരിച്ചടക്കുന്നതില്‍ അത്ര ശ്രദ്ധ വേണ്ട എന്ന ചിന്താഗതിയൊന്നും ഇവിടെ ഉണ്ടാകരുത്. ഇങ്ങനെ എടുക്കുന്ന വായ്പകളും കൃത്യമായി തിരിച്ചടച്ച് ക്രെഡിറ്റ് റിപ്പോര്‍ട്ടും സ്‌കോറും ചെറിയ തോതില്‍ മെച്ചപ്പെടുത്താനാവും. ഈടിന്‍മേലുള്ള മറ്റു വായ്പകള്‍ എടുക്കുന്നതും ഇത്തരം സാഹചര്യങ്ങളില്‍ പരിഗണിക്കാവുന്നതാണ്. ഇവിടെയെല്ലാം ഓര്‍ത്തിരിക്കേണ്ട മറ്റൊരു കാര്യമുണ്ട്. നിങ്ങള്‍ക്കു യഥാര്‍ത്ഥ ആവശ്യമുണ്ടെങ്കില്‍ മാത്രമേ വായ്പ എടുക്കാവൂ. അല്ലാതെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി മാത്രം വായ്പ എടുക്കരുത്. 

റിമൈന്‍ഡറുകളും ഇ സി എസും സഹായകമാകും

വായ്പ തിരിച്ചടക്കുന്നതിലെ വീഴ്ചയാണല്ലോ ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിനു പിന്നിലുള്ള അടിസ്ഥാന കാരണം. വായ്പാ തിരിച്ചടവു ദിനത്തിന് മുന്‍പായി നിങ്ങളെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ മൊബൈല്‍ ഫോണില്‍ റിമൈന്‍ഡറുകള്‍ സെറ്റു ചെയ്യുന്നത് പലപ്പോഴും അനുഗ്രഹമാകും. അതു പോലെ തന്നെ വായ്പാ ഗഡുക്കള്‍ അടക്കുന്നതിന് ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള  ഇ സി എസ് സൗകര്യം പ്രയോജനപ്പെടുത്തുന്നതും ഓട്ടോപേ ഉപയോഗിക്കുന്നതും മികച്ചതാണ്. 

വിദേശ ജോലിക്കു പോകുമ്പോള്‍ എന്തു ചെയ്യണം?

വിദേശത്തേക്ക് ജോലിക്കോ പരിശീലനത്തിനോ എല്ലാം പോകുന്നവര്‍ പലപ്പോഴും ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാതെയാവും പോകുന്നത്. കുടിശികകള്‍ വരാനും സ്‌കോര്‍ കുറയാനും വഴിയൊരുക്കുന്ന മറ്റൊരു കാരണമാണിത്. ഇതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. അതു പോലെ തന്നെ വിദേശത്തു പോകുമ്പോള്‍ മൊബൈല്‍ ഫോണില്‍ അലര്‍ട്ട് സന്ദേശങ്ങള്‍ ലഭിക്കില്ല എന്നതും ശ്രദ്ധിക്കണം. 

ഒരു വായ്പ അവസാനിപ്പിച്ച ശേഷം അടുത്തത് എടുക്കുക

തുടരെ തുടരെ നിരവധി വായ്പകള്‍ എടുക്കുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ താഴാന്‍ ഇടയാക്കിയേക്കാം. പണത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതോ  പുതിയൊരു വായ്പ എടുത്ത് പഴയ വായ്പ തിരിച്ചടക്കുന്നതോ ആയ വ്യക്തികളുടെ കൂട്ടത്തില്‍ നിങ്ങളേയും ഉള്‍പ്പെടുത്തുവാനാവും ഇതു വഴിയൊരുക്കുക. 

ഒരേ സമയം പല വായ്പകള്‍ക്ക് അപേക്ഷിക്കരുത്

ഒരേ സമയം പല വിധത്തിലുള്ള വായ്പകള്‍ക്ക് അപേക്ഷ നല്‍കുക, ഒരേ വായ്പയ്ക്കായി പല ബാങ്കുകളെ സമീപിക്കുക തുടങ്ങിയവയൊക്കെ പലരേയും കുഴപ്പത്തില്‍ ചെന്നു ചാടിക്കാറുണ്ട്. ക്രെഡിറ്റ് റിപ്പോര്‍ട്ട് അനുകൂലമല്ലെന്ന സ്ഥിതിയാവും ഇതു മൂലം ഉണ്ടാകുക. 

ജോയിന്റ് അക്കൗണ്ടുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണം

സ്വന്തം അക്കൗണ്ടിന്റെ കാര്യത്തില്‍ പതിപ്പിക്കുന്ന ശ്രദ്ധ പലരും ജോയിന്റ് അക്കൗണ്ടുകളുടെ കാര്യത്തില്‍ പതിപ്പിക്കാത്തതും പ്രശ്‌നമായേക്കാം. ചില അവസരങ്ങളില്‍ സംഘടനകളുടേയും മറ്റും ആവശ്യത്തിനായി അതിന്റെ ഭാരവാഹികള്‍ ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാറുണ്ട്. അവയുമായി ബന്ധപ്പെട്ട തിരിച്ചടവുകള്‍ കൃത്യമല്ലെങ്കിലും ബാധിക്കുക അതാതു വ്യക്തികളെയാണ്. 

വായ്പ എഴുതി തള്ളല്‍ പ്രശ്‌നമാകും

ഏതു പേരിലായാലും വായ്പകള്‍ എഴുതി തള്ളിയാല്‍ അതിന്റെ റിപോര്‍ട്ട് പോകുമ്പോള്‍ ധനകാര്യ സ്ഥാപനത്തിനു നഷ്ടമാണെന്ന റിപ്പോര്‍ട്ടാവും ഉണ്ടാകുക. അതു മൂലം വായ്പ എഴുതി തള്ളപ്പെട്ടാലും ക്രെഡിറ്റ് സ്‌കോര്‍ മോശമാകും. പലപ്പോഴും പിന്നീടു വായ്പ കിട്ടാന്‍ ബുദ്ധിമുട്ടാകുകയോ പലിശ വര്‍ധിക്കുകയോ ചെയ്‌തേക്കാം. വായ്പ എഴുതി തള്ളാതെ ക്ലോസ് ചെയ്യുന്ന വിധത്തിലാണ് നടപടിക്രമങ്ങള്‍ എന്ന് ഉറപ്പാക്കുന്നതും ബാധ്യത രഹിത സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതും ഇവിടെ ഉപഭോക്താവിനു ഭാവിയില്‍ സഹായകമാകും. 

ക്രെഡിറ്റ് സ്‌കോര്‍ 550-ല്‍ താഴെയാണെങ്കില്‍ വായ്പ കിട്ടുക സാധാരണ നിലയില്‍ ബുദ്ധിമുട്ടായിരിക്കും. ഇതിനു മുകളിലാണെങ്കിലും 700 പോയിന്റു വരെയുള്ളവര്‍ക്കും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. അതു കൊണ്ട് ക്രെഡിറ്റ് സ്‌ക്കോര്‍ 700-നു മുകളിലായിരിക്കാന്‍ ശ്രദ്ധിക്കുകയാണു വേണ്ടത്. 

വായ്പകള്‍ ഇല്ലാത്തവര്‍ക്ക് ക്രെഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടാകില്ലല്ലോ. അതു കൊണ്ടു തന്നെ അവര്‍ക്കു സ്വാഭാവികമായും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാകില്ല. നേരത്തെ പറഞ്ഞതു പോലെ കൈവായ്പകളും മറ്റും ആശ്രയിക്കേണ്ട അവസരം വന്നാല്‍ ചെറിയ തുകയാണെങ്കില്‍ പോലും വ്യവസ്ഥാപിത രീതിയില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള  വായ്പ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ അവര്‍ക്കും ഉയര്‍ന്ന ക്രെഡിറ്റ് സ്‌ക്കോര്‍ സ്വന്തമാക്കാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com