sections
MORE

വായ്പ എഴുതിത്തള്ളിയാലും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയും

HIGHLIGHTS
  • വായ്പയുടെ ക്ലോസിങും സെറ്റില്‍മെന്റും അല്ലാതെ എഴുതി തള്ളല്‍ ആണ് നടക്കുന്നതെങ്കില്‍ ക്രെഡിറ്റ് റിപോര്‍ട്ട് കൂടുതല്‍ മോശമാകും
Credit-Card-5
SHARE

ഒറ്റത്തവണ തീര്‍പ്പാക്കലിന്റേയോ മറ്റേതെങ്കിലും പദ്ധതികളുടേയോ പേരില്‍ വായ്പാ കുടിശികകള്‍ എഴുതി തള്ളിയ ശേഷം മറ്റൊരു വായ്പ എടുക്കുവാന്‍ പോകുമ്പോഴാണ് ക്രെഡിറ്റ് സ്കോർ വില്ലനാകുന്നത്.  വായ്പാ ഇടപാടുകളെല്ലാം ബാങ്കിനു സ്വീകാര്യമായ രീതിയില്‍ അവസാനിപ്പിച്ചതാണല്ലോ. പിന്നെങ്ങനെ താന്‍ കുടിശികക്കാരനാകും?  അതിന്റെ പേരില്‍ തന്റെ ക്രെഡിറ്റ് സ്കോർ കുറയുന്നതും മോശമായ ക്രെഡിറ്റ് റിപോര്‍ട്ട് ഉണ്ടാകുന്നതും ന്യായമാണോ എന്നെല്ലാം പലരും ചോദിച്ചേക്കാം. 

സെറ്റില്‍മെന്റും ക്ലോസിങും ഒന്നല്ല

കുടിശികയാകുന്ന വായ്പകള്‍ ബാങ്കും ഇടപാടുകാരും തമ്മില്‍ ചര്‍ച്ച ചെയ്ത് പലപ്പോഴും യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടതിനേക്കാള്‍ കുറഞ്ഞ തുക മാത്രം അടച്ച് തീര്‍പ്പാക്കുന്ന രീതി പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തരം അവസരങ്ങളില്‍ വായ്പയുടെ കണക്കു തീര്‍ത്തു (അതായത് സെറ്റില്‍മെന്റ് നടത്തി) എന്നാവും രേഖകളില്‍ ഉണ്ടാകുക. ഇതിനു തുടര്‍ച്ചയായി ക്രെഡിറ്റ് ബ്യൂറോകളിലേക്ക് ബാങ്കിന്റെ റിപോര്‍ട്ട് പോകുമ്പോള്‍ ഈ ഇടപാടില്‍ ബാങ്കിനു നഷ്ടം ഉണ്ടായി എന്ന വസ്തുതയാവും സൂചിപ്പിക്കുക. ഇതേ തുടര്‍ന്ന ഉപഭോക്താവിന് പ്രതികൂലമായ ക്രെഡിറ്റ് റിപോര്‍ട്ട് ഉണ്ടാകുകയും ക്രെഡിറ്റ് സ്കോർ കുറയുകയും ചെയ്യും. പിന്നീട് ഏഴു വര്‍ഷം വരെയൊക്കെ വായ്പകള്‍ നിഷേധിക്കപ്പെടാനും ഇതു വഴിയൊരുക്കും. ഇതൊന്നുമില്ലെങ്കില്‍ പോലും സെറ്റില്‍ഡ് എന്ന റിപോര്‍ട്ടാണ് ഒരു വ്യക്തിയുടെ വായ്പയുമായി ബന്ധപ്പെട്ടു വരുന്നതെങ്കില്‍ ക്രെഡിറ്റ് സ്കോർ 75 മുതല്‍ 100 പോയിന്റു വരെ  ഉടനടി കുറയാനും സാധ്യതയുണ്ട്. വായ്പയുടെ ക്ലോസിങും സെറ്റില്‍മെന്റും അല്ലാതെ റൈറ്റിങ് ഓഫ് എന്ന എഴുതി തള്ളല്‍ ആണ് നടക്കുന്നതെങ്കില്‍ ക്രെഡിറ്റ് റിപോര്‍ട്ട് ഇതിലും കൂടുതല്‍ മോശമാകും.

ബാധ്യത രഹിത സര്‍ട്ടിഫിക്കറ്റ് വാങ്ങണം

വായ്പകളുടെ കണക്കു തീര്‍ത്തു അല്ലെങ്കില്‍ സെറ്റില്‍ ചെയ്തു എന്നു രേഖപ്പെടുത്താതെ അവസാനിപ്പിച്ചു എന്നോ ക്ലോസ് ചെയ്തു എന്നോ രേഖപ്പെടുത്താന്‍ ബാങ്ക് അധികൃതരെ പ്രേരിപ്പിക്കുക എന്നതാണ് ഇവിടെ കൈക്കൊള്ളാവുന്ന മുന്‍കരുതല്‍.  കുടിശിക തീര്‍ക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്ന അവസരത്തില്‍ തന്നെ ഇക്കാര്യവും ഉറപ്പാക്കണം. ബാധ്യത രഹിത സര്‍ട്ടിഫിക്കറ്റ് (നോ ഡ്യൂ സര്‍ട്ടിഫിക്കറ്റ്), വായ്പ ക്ലോസ് ചെയ്തതായുള്ള കത്ത് തുടങ്ങിയവ ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ നിന്നു വാങ്ങാനും മറക്കരുത്.  നിങ്ങള്‍ക്ക് പ്രതികൂലമായ ക്രെഡിറ്റ് റിപോര്‍ട്ടും സ്‌ക്കോറുമെല്ലാം ഉണ്ടെങ്കില്‍ ഭാവിയില്‍ അതു മാറ്റിയെടുക്കാന്‍ ഈ രേഖകള്‍ സഹായകമാകും. 

വായ്പ എഴുതി തള്ളുകയോ കണക്കു തീര്‍ക്കുകയോ ചെയ്തു എന്ന വിഭാഗങ്ങളില്‍ പെടുത്തി മാത്രമേ നിങ്ങളുടെ വായ്പ അവസാനിപ്പിക്കുകയുള്ളു എന്ന് ബാങ്കോ ധനകാര്യ സ്ഥാപനമോ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ അത്തരമൊരു ഒത്തു തീര്‍പ്പിലേക്കു പോകാതെ വായ്പ പുനക്രമീകരിക്കുന്നതാവും മികച്ചത്. അതുവഴി ദീര്‍ഘകാലാവധി നേടുകയും പ്രതിമാസ തിരിച്ചടവു തുക ഗണ്യമായി കുറക്കുകയും ചെയ്യാനാവും. പിന്നീട് ആവശ്യമായി വരുമ്പോള്‍ വായ്പ ലഭിക്കാതിരിക്കുന്ന സാഹചര്യവും ഉണ്ടാകില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA