ADVERTISEMENT

മറ്റ്‌ നിക്ഷേപ മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച്‌ ആദായം കുറവാണെങ്കിലും രാജ്യത്തെ ഏറ്റവും ജനപ്രിയമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌ എഫ്‌ഡി അഥവ സ്ഥിരനിക്ഷേപങ്ങള്‍. താഴ്‌ന്ന റിസ്‌കും ഉറപ്പുള്ള വരുമാനവും ആണ്‌ എഫ്‌ഡിയുടെ പ്രധാന ആകര്‍ഷണീയത. മാത്രമല്ല സുരക്ഷ, ധനലഭ്യത, പലിശ ലഭ്യത എന്നിവയും എഫ്‌ഡി തുടങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്‌. രാജ്യത്തെ

എല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ ഇതില്‍ നിന്നും മികച്ചത്‌ തിരഞ്ഞെടുക്കുക ശ്രമകരമാണ്‌. എഫ്‌ഡിയില്‍ നിന്നും പരമാവധി ആദായം നേടണം എന്നുണ്ടെങ്കില്‍ നിക്ഷേപം തുടങ്ങുന്നതിന്‌ മുമ്പായി വിവിധ ബാങ്കുകള്‍ ലഭ്യമാക്കുന്ന എഫ്‌ഡികളുടെ സവിശേഷതകള്‍ താരതമ്യം ചെയ്‌ത്‌ നോക്കുകയും അതില്‍ നിങ്ങളുടെ നിക്ഷേപ ആവശ്യത്തിന്‌ ഏറ്റവും ഇണങ്ങുന്നത്‌ തിരഞ്ഞെടുക്കുകയും വേണം.എഫ്‌ഡിയില്‍ നിക്ഷേപിക്കുന്നതിന്‌ മുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാലാവധി

പല ബാങ്കുകളുടെയും സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി 7 ദിവസം മുതല്‍ 10 വര്‍ഷം വരെ വ്യത്യാസപ്പെട്ടിരിക്കും.

സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ കാലാവധി തിരഞ്ഞെടുക്കുന്നത്‌ ശ്രദ്ധയോടെ വേണം. നിങ്ങളുടെ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി കാലാവധി എത്രയെന്ന്‌ തീരുമാനിക്കാം. കാലാവധി പൂര്‍ത്തിയാക്കും മുമ്പ്‌ നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ പിഴ നല്‍കേണ്ടി വരും. നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തില്‍ കുറവ്‌ വരാന്‍ ഇത്‌ ഇടവരുത്തും.

ഉദാഹരണത്തിന്‌ ഒരു വര്‍ഷം കഴിഞ്ഞ്‌ ആവശ്യം വരുന്ന തുകയാണെങ്കില്‍ ഒരിക്കലും മൂന്ന്‌ വര്‍ഷത്തേക്ക്‌ സ്ഥിര നിക്ഷേപം നടത്തരുത്‌. കാലാവധി പൂര്‍ത്തിയാകും മുമ്പ്‌ പിന്‍വലിക്കുകയാണെങ്കില്‍ പലിശ നഷ്‌ടം സഹിക്കേണ്ടി വരും. ഒരു വര്‍ഷത്തേക്ക്‌ സ്ഥിര നിക്ഷേപം ഇടുക. ഒരു വര്‍ഷം കഴിയുമ്പോള്‍ ആവശ്യം ഉണ്ടാകുന്നില്ലെങ്കില്‍ നിക്ഷേപം പിന്‍വലിച്ച്‌ വീണ്ടും നിക്ഷേപിക്കാം. വിവിധ എഫ്‌ഡികളിലായാണ്‌ നിക്ഷേപം നടത്തുന്നതെങ്കില്‍ ദീര്‍ഘകാലത്തേക്കുള്ള എഫ്‌ഡി നിലനിര്‍ത്തി മറ്റുള്ളവ പിന്‍വലിച്ച്‌ ആവശ്യം നിറവേറ്റാം.

പലിശ നിരക്ക്‌

വിവിധ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക്‌ ലഭ്യമാക്കുന്ന പലിശ നിരക്ക്‌ വ്യത്യസ്‌തമായിരിക്കും . നിക്ഷേപ കാലാവധിക്ക്‌ അനുസരിച്ചും പലിശ നിരക്ക്‌ വ്യത്യസ്‌തമായിരിക്കും എന്ന കാര്യം കൂടി ശ്രദ്ധിക്കുക. അതിനാല്‍ നിശ്‌ചിത തുക എഫ്‌ഡി ഇടാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ വിവിധ ബാങ്കുകള്‍ ലഭ്യമാക്കുന്ന പലിശ നിരക്കുകള്‍ ആദ്യം വിലയിരുത്തുക. വിവിധ കാലാവധികളില്‍ ലഭ്യമാക്കുന്ന പലിശ നിരക്കും വിലയിരുത്തി വേണം ഉചിതമായത്‌ കണ്ടെത്തുന്നത്‌. നിങ്ങളുടെ എഫ്‌ഡിക്ക്‌ കൂടുതല്‍ പലിശ ലഭിക്കാന്‍ ഇത്‌ സഹായിക്കും. ചില ബാങ്കുകള്‍ അടിസ്ഥാന കാലയളവിലും ഒന്നേ രണ്ടോ മാസം കൂടുതല്‍ നിക്ഷേപം നടത്തുന്നതിന്‌ ഉയര്‍ന്ന പലിശ നിരക്ക്‌ ലഭ്യമാക്കാറുണ്ട്‌. ഒന്നോ രണ്ടോ മാസത്തിന്റെ വ്യത്യാസത്തില്‍ കൂടുതല്‍ പലിശ നിരക്ക്‌ ലഭ്യമാക്കുന്ന ബാങ്കിന്റെ എഫ്‌ഡി തിരഞ്ഞെടുക്കുന്നത്‌ പലിശ വരുമാനം ഉയര്‍ത്താന്‍ നിങ്ങളെ സഹായിക്കും.

ടിഡിഎസ്‌

എഫ്‌ഡിക്ക്‌ ലഭിക്കുന്ന പലിശക്ക്‌ നികുതി ബാധകമാണ്‌. സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം വര്‍ഷം 40,000 രൂപക്ക്‌ മുകളില്‍ ആണെങ്കില്‍ 10 ശതമാനം ടിഡിഎസ്‌ പിടിക്കും. മുതിർന്ന പൗരന്മാരുടെ പലിശ വരുമാനം വര്‍ഷം 50,000 രൂപയ്‌ക്ക്‌ മുകളില്‍ എത്തിയാല്‍ ആണ്‌10% ടിഡിഎസ്‌ കിഴിക്കുക. നിക്ഷേപകന്‍ പാന്‍ കാര്‍ഡ്‌ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല എങ്കില്‍ 20 ശതമാനം ആയിരിക്കും ടിഡിഎസ്‌ പിടിക്കുന്നത്‌.

നിങ്ങളുടെ വാര്‍ഷിക വരുമാനം ആദായ നികുതി പരിധിക്ക്‌ താഴെയാണെങ്കില്‍ ടിഡിഎസ്‌ പിടിക്കുന്നത്‌ ഒഴിവാക്കുന്നതിനായി ബാങ്കുകളില്‍ 15ഡി/എച്ച്‌ അപേക്ഷ സമര്‍പ്പിക്കാണം. നിങ്ങളുടെ വാര്‍ഷിക വരുമാനം നികുതി ബാധകമല്ല എന്ന്‌ വെളിപ്പെടുത്തുന്നതാണ്‌ ഈ ഫോം.

∙പലിശ നല്‍കുന്ന കാലയളവ്‌

എഫ്‌ഡിയില്‍ നിന്നും കിട്ടുന്ന പലിശയിലൂടെ ഒരു സ്ഥിര വരുമാനമാണ്‌ നിങ്ങള്‍ ലക്ഷ്യമിടുന്നത്‌ എങ്കില്‍പലിശ നല്‍കുന്ന ഇടവേള സംബന്ധിച്ചുള്ള ബാങ്കിന്റെ നയങ്ങള്‍ എന്തെല്ലാമാണന്ന്‌ പരിശോധിക്കണം. മൂന്ന്‌ മാസം കൂടുമ്പോഴും വര്‍ഷാവര്‍ഷവും ആണ്‌ മുമ്പ്‌ പലിശ പിന്‍വലിക്കാന്‍ ബാങ്കുകള്‍ അനുവദിച്ചിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ബാങ്കുകള്‍ മാസം തോറും പലിശ നല്‍കുന്നുണ്ട്‌. അതിനാല്‍ നിങ്ങള്‍ക്ക്‌ സ്ഥിര വരുമാനമായി പലിശ ലഭിക്കണം എന്നുണ്ടെങ്കില്‍ നിക്ഷേപം തുടങ്ങും മുമ്പ്‌ ഇതെ കുറിച്ച്‌ മനസിലാക്കി നിങ്ങള്‍ക്ക്‌ ഇണങ്ങുന്നത്‌ തിരഞ്ഞെടുക്കുക.

മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങള്‍

ബാങ്കുകള്‍ സാധാരണ നിക്ഷേപകര്‍ക്ക്‌ ലഭ്യമാക്കുന്ന പലിശ നിരക്കല്ല മുതിർന്ന പൗരന്മാർക്ക് നല്‍കുന്നത്‌. അവർക്ക് സാധാരണ എല്ലാ ബാങ്കുകളും ഉയര്‍ന്ന പലിശനിരക്കായിരിക്കും ലഭ്യമാക്കുന്നത്‌. വിവിധ ബാങ്കുകള്‍ അവർക്ക് ലഭ്യമാക്കുന്ന പലിശ നിരക്കുകള്‍ വിലയിരുത്തിയ ശേഷം നിക്ഷേപം നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com