ADVERTISEMENT

ഡെബിറ്റ് കാര്‍ഡ് വഴിയുള്ള തല്‍സമയ വായ്പകള്‍ നിഷേധിക്കപ്പെടുമ്പോഴാവും ചിലരെങ്കിലും തങ്ങള്‍ക്ക് വളരെ കുറഞ്ഞ ക്രെഡിറ്റ് സ്‌ക്കോര്‍ ആണെന്നു മനസിലാക്കുക. വായ്പാ തിരിച്ചടവെല്ലാം കൃത്യമായി നടത്തിയിട്ടും ക്രെഡിറ്റ് സ്‌ക്കോര്‍ എങ്ങനെ കുറഞ്ഞു എന്നതാവും ഇവരുടെ സംശയം. നിങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ അറിയാതെ സംഭവിച്ച പിഴവാകും ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചത്. വളരെ എളുപ്പത്തില്‍ ഇതു തിരുത്താവുന്നതേയുള്ളു. 

ക്രെഡിറ്റ് സ്‌ക്കോര്‍ പരിശോധിക്കുക

സ്വന്തം ക്രെഡിറ്റ് സ്‌ക്കോറും ക്രെഡിറ്റ് റിപോര്‍ട്ടും പരിശോധിക്കുക എന്നതാണ് ഇവിടെ ആദ്യമായി ചെയ്യേണ്ടത്. നിങ്ങള്‍ നടത്തിയ തിരിച്ചടവുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ, വായ്പകള്‍ തീര്‍ത്തത് രേഖപ്പെടുത്തിയിട്ടുണ്ടോ? നിങ്ങളുടെ പേരിലല്ലാത്ത വായ്പകള്‍ നിങ്ങളുടെ പേരിലുണ്ടോ തുടങ്ങിയ തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള എല്ലാ കാര്യങ്ങളും ക്രെഡിറ്റ് റിപോര്‍ട്ടില്‍ പരിശോധിക്കണം. ഇതിനായി ക്രെഡിറ്റ് ബ്യൂറോകളില്‍ നിന്ന് ചെറിയൊരു തുക അടച്ച് നിങ്ങളുടെ റിപോര്‍ട്ട് വാങ്ങാവുന്നതേയുള്ളു. 

നിങ്ങള്‍ക്കു വായ്പ നല്‍കിയ സ്ഥാപനം നല്‍കിയ വിവരങ്ങളാവും ഈ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപോര്‍ട്ടില്‍ ഉണ്ടാകുക. നിങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, എടുത്തിരിക്കുന്ന വായ്പയുടെ വിശദാംശങ്ങള്‍, തിരിച്ചടവിന്റെ വിവരങ്ങള്‍, ബാക്കിയുള്ള തുക, നിലവിലെ സ്ഥിതി തുടങ്ങിയവയാകും ഈ റിപോര്‍ട്ടില്‍ പ്രധാനമായും ഉണ്ടാകുക. 

ഓണ്‍ലൈനായി പരാതി നല്‍കാം

ഇങ്ങനെ ലഭിക്കുന്ന ക്രെഡിറ്റ് റിപോര്‍ട്ടില്‍ നിങ്ങളുടെ തിരിച്ചടവിന്റെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ക്രെഡിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കാം. ഓണ്‍ലൈനായി പരാതി നല്‍കുന്നതാണ് ഉത്തമം. ഇങ്ങനെ ലഭിക്കുന്ന പരാതി നിങ്ങള്‍ക്കു വായ്പ നല്‍കിയ സ്ഥാപനത്തിന് ക്രെഡിറ്റ് ബ്യൂറോ അയച്ചു കൊടുക്കും. ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനം നിങ്ങളുടെ പരാതി അംഗീകരിക്കുകയാണെങ്കില്‍ അതനുസരിച്ചുള്ള തിരുത്തലുകള്‍ ക്രെഡിറ്റ് റിപോര്‍ട്ടില്‍ വരുത്തും. 

ക്രെഡിറ്റ് ബ്യൂറോയ്ക്ക് നല്‍കുന്ന പരാതികള്‍ ഓണ്‍ലൈന്‍ ആണെങ്കില്‍  അടുത്ത പ്രവര്‍ത്തി ദിവസം തന്നെ അതു ലഭിച്ചതായി അറിയിക്കുകയും സാധാരണ നിലയില്‍ 15 ദിവസത്തിനകം നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. 

ക്രെഡിറ്റ് റിപോര്‍ട്ടിലെ തെറ്റുകള്‍ തിരുത്താനുള്ള ശ്രമങ്ങള്‍ക്കു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

∙നിങ്ങള്‍ നടത്തിയ തിരിച്ചടവിന്റെ വിവരങ്ങള്‍ ക്രെഡിറ്റ് റിപോര്‍ട്ടില്‍ വരുവാനായി 45 ദിവസം വരെ എടുത്തേക്കാം. അവസാനം നടത്തിയ പണമടക്കലിന്റെ വിവരങ്ങള്‍ റിപോര്‍ട്ടില്‍ ഇല്ലെങ്കില്‍  ഇതാണോ കാരണം എന്ന് മനസിലാക്കിയ ശേഷം മാത്രം മറ്റു നടപടികളിലേക്കു കടക്കണം. 

∙റിപോര്‍ട്ടില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ ക്രെഡിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കുന്നതിന് ഒപ്പം തന്നെ ബാങ്കുമായി ബന്ധപ്പെടാനും പരാതി നല്‍കാനും കൂടി ശ്രദ്ധിക്കണം.

∙നിങ്ങള്‍ പണമടച്ചതിന്റെ തെളിവും ഇതോടൊപ്പം നല്‍കുന്നത് കാര്യങ്ങള്‍ വേഗത്തിലാക്കും. വ്യക്തിഗത വിവരങ്ങളിലാണ് തെറ്റുള്ളതെങ്കില്‍ അക്കാര്യവും ബാങ്കുമായി ബന്ധപ്പെട്ട് തിരുത്തണം. ഇത്തരം കാര്യങ്ങളില്‍ എവിടെയും നിങ്ങള്‍ക്ക് കൃത്യമായ സേവനം ലഭിച്ചില്ലെങ്കില്‍ ബാങ്കിങ് ഓംബുഡ്‌സ്മാനെ സമീപിക്കുവാനും സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com