ADVERTISEMENT

തുല്യമാസ തവണകള്‍ അഥവാ ഇഎംഐ മിക്കവരുടേയും ജീവിതത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ, ഭവന വായ്പയുടെ ഇഎംഐ, വാഹന വായ്പയുടെ ഇഎംഐ തുടങ്ങി കഴിഞ്ഞ ഉത്സവ കാലത്ത് വാങ്ങിയ മൊബൈല്‍ ഫോണിന്റെയും ഫ്രിഡ്ജിന്റെയും ഇഎംഐ എന്നിങ്ങനെ ഓരോരോ കാരണങ്ങളുമായാണ് മിക്ക കുടുംബങ്ങളിലും ഇഎംഐ കടന്ന് വരുന്നത്. കുടുംബ ബജറ്റിനെ ഇഎംഐ പോലെ ബാധിക്കുന്ന മറ്റ് ഒരു സാമ്പത്തിക ഘടകവും ഇല്ലെന്ന് പറയാം. ഇഎംഐ എന്ന വാക്ക് സുപരിചിതമാണെങ്കിലും അതിന്റെ ഉള്ളുകളികള്‍ പലര്‍ക്കും ഇപ്പോഴും അന്യമാണ്.

ഇഎംഐ എന്നാല്‍

എടുത്തിട്ടുള്ള വായ്പ തുക, പലിശ നിരക്ക്, വായ്പ കാലാവധി, മാസംതോറുമോ വാര്‍ഷികമായോ പലിശ കണക്ക് കൂട്ടുന്ന രീതി എന്നിവ കണക്കിലെടുത്ത് മുതലും പലിശയും കൂടി തിരിച്ചടയ്ക്കാന്‍ ഓരോ മാസവും ഒരു നിശ്ചിത തുക നിര്‍ണ്ണയിച്ച് നല്‍കുന്നതിനെയാണ് ഇഎംഐ എന്ന് പറയുന്നത്. വായ്പാ കാലാവധിയ്ക്കുള്ളില്‍ പലിശ നിരക്ക് മാറുന്നില്ലെങ്കില്‍ ഇഎംഐ തുകയും ഒരേ പോലെ തുടരും. തുല്യമാസ തവണ തുകയില്‍ ഒരു ഭാഗം മുതലിലേയ്ക്കും മറു ഭാഗം പലിശ ഇനത്തിലുമാണ് വരവ് വയ്ക്കുക. വായ്പയുടെ ആദ്യ കാലഘട്ടങ്ങളില്‍ പലിശ ഇനത്തിലേയ്ക്ക് വരവ് വയ്ക്കുന്ന തുക ഉയര്‍ന്നിരിക്കുകയും തിരിച്ചടവ് പുരോഗമിക്കുന്നതോടെ പലിശ ഭാഗം കുറയുകയും മുതല്‍ ഭാഗം ഉയരുകയും ചെയ്യുന്നു.

പലിശ നിരക്ക് ഉയരുമ്പോള്‍

വായ്പ നൽകിയ സ്ഥാപനം പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍ ഇഎംഐ യും വര്‍ദ്ധിക്കും. 20 വര്‍ഷത്തെ കാലാവധിയുള്ള ഒരുലക്ഷം രൂപയുടെ വായ്പയില്‍ പലിശ നിരക്ക് അര ശതമാനം ഉയരുമ്പോള്‍ ഇഎംഐ 33 രൂപയോളം ഉയരും.

കാലാവധി കൂട്ടുമ്പോള്‍

വായ്പയുടെ കാലാവധി നീട്ടി വാങ്ങുമ്പോള്‍ ഇഎംഐ തുക കുറഞ്ഞ് വരും. ഇങ്ങനെയാകുമ്പോൾ ഇഎംഐ തുക മാസന്തോറും താങ്ങാനാവുന്നതാകുമെങ്കിലും മൊത്തത്തില്‍ പലിശ ഇനത്തില്‍ തിരിച്ചടയ്ക്കുന്ന തുക കാലാവധി കൂടുന്നതനുസരിച്ച് ഉയരുന്നു.

ഡിമിനിഷിങ്, ഫ്‌ളാറ്റ് നിരക്കുകള്‍

തിരിച്ചടവ് കാലാവധിയ്ക്ക് മൊത്തമായി എടുക്കുന്ന മുതല്‍ തുകയ്ക്ക് ഒരു ഒറ്റ നിരക്കില്‍ പലിശ കണക്ക് കൂട്ടി മുതലിനോട് ചേര്‍ക്കുന്ന രീതിയാണ് ഫ്‌ളാറ്റ് നിരക്ക്. ഫ്‌ളാറ്റ് നിരക്കില്‍ പലിശ മുതലിനോട് ചേര്‍ത്ത് കാലാവധി മാസങ്ങളുടെ എണ്ണം കൊണ്ട് ഭാഗിച്ച് തുല്യമാസ തവണ നിശ്ചയിക്കുന്നു. മാസന്തോറും മുതലിലേയ്ക്ക് വരവ് വയ്ക്കുന്ന തുക കുറച്ച് ബാക്കി നില്‍ക്കുന്ന മുതലിന് മാത്രം പലിശ കണക്കാക്കുന്നതാണ് ഡിമിനിഷിംഗ് രീതി. പലിശ നിരക്ക് ഒന്നാണെങ്കിലും ഫ്‌ളാറ്റ് രീതിയില്‍ തുല്യമാസ തവണ ഡിമിനിഷിംഗ് രീതിയേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും.

പലിശ കണക്ക് കൂട്ടുന്ന രീതി

മാസത്തില്‍, മൂന്ന് മാസത്തില്‍, അല്ലെങ്കിൽ വര്‍ഷാവസാനത്തില്‍ ബാക്കി നില്‍ക്കുന്ന മുതല്‍ തുകയ്ക്ക് പലിശ കണക്ക് കൂട്ടി മുതലിനോട് ചേര്‍ക്കുന്ന വ്യത്യസ്ത രീതികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ അവലംബിക്കാറുണ്ട്. മാസന്തോറും പലിശ കൂട്ടിചേര്‍ക്കുന്നതിനേക്കാള്‍ കുറവ് ഇഎംഐ ആയിരിക്കും വര്‍ഷന്തോറും പലിശ കൂട്ടിചേര്‍ത്താല്‍ ഉണ്ടാവുക.

പലിശ കണ്ട് പിടിക്കാം

തുല്യമാസ തവണകളില്‍ നിന്ന് ഓരോ മാസവും മുതലിലേയ്ക്കും പലിശയിലേയ്ക്കും വരവ് വയ്ക്കുന്ന തുക എത്രയെന്ന് രേഖപ്പെടുത്തിക്കൊണ്ട് വായ്പ പട്ടിക വാങ്ങി പരിശോധിക്കാം. ഓരോ മാസവും തിരിച്ചടയ്ക്കുന്ന തുകയെ തൊട്ട് മുന്‍മാസം നില്‍ക്കുന്ന മുതല്‍ തുക കൊണ്ട് ഭാഗിച്ച് 100 കൊണ്ട് ഗുണിച്ചെടുത്താല്‍ ആ മാസം ഈടാക്കിയ മാസ പലിശ നിരക്ക് മനസ്സിലാക്കാം. 12 കൊണ്ട് വീണ്ടും ഗുണിച്ചാല്‍ വാര്‍ഷിക നിരക്കും കിട്ടും.

മുന്‍കൂര്‍ മുതല്‍

തുല്യമാസ തവണകള്‍ അടച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ കഴിയുന്നത്ര തുക വായ്പയിലേയ്ക്ക് മുന്‍കൂറായി തിരിച്ചടച്ചാല്‍ അത്ര കണ്ട് മുതല്‍ തുക കുറയുന്നു. മുതലില്‍ ബാക്കി നില്‍ക്കുന്ന തുകയ്ക്ക് മാത്രമേ പിന്നീട് പലിശ നല്‍കേണ്ടതുള്ളൂ എന്ന കാരണത്താല്‍ ഇഎംഐ തുക കുറയും. ഇതോടൊപ്പം നിലവില്‍ തിരിച്ചടച്ച് കൊണ്ടിരിക്കുന്ന ഇഎംഐ തുക തന്നെ തുടര്‍ന്നാല്‍ കാലാവധിയ്ക്ക് മുമ്പ് വായ്പ തിരിച്ചടച്ച് തീരും. ഭവന വായ്പകളില്‍ മുന്‍കൂര്‍ മുതല്‍ അടയ്ക്കുന്നതിന് പിഴ പലിശ റിസര്‍വ് ബാങ്ക് റദ്ദാക്കിയിട്ടുണ്ട്. മറ്റ് വായ്പകള്‍ക്ക് പിഴ ബാധകമാണ്.

ചെലവ് രഹിത ഇഎംഐ

ഉത്സവകാലത്ത് വീട്ടുപകരണങ്ങള്‍ക്കും മറ്റും ചെലവ് ഇല്ലാത്ത ഇഎംഐ വാഗ്ദാനങ്ങള്‍ ഉണ്ടാകാറുണ്ട്. പലിശ രഹിത വായ്പകള്‍ നല്‍കുന്നത് റിസര്‍വ് ബാങ്ക് നിരോധിച്ചിട്ടുണ്ട്. സാധന വിലയില്‍ രൊക്കം പണം കൊടുത്തു വാങ്ങുമ്പോള്‍ അനുവദനീയമായ ഡിസ്‌ക്കൗണ്ട് അഥവാ സബ്‌വെന്‍ഷന്‍ തുക മറച്ച് വച്ചാണ് ചെലവ് രഹിത ഇഎംഐ നല്‍കുന്നത്. മറ്റ് ചിലപ്പോള്‍ പലിശ മുന്‍കൂറായി കണക്ക് കൂട്ടി ഉപകരണ വിലയില്‍ ചേര്‍ത്തിട്ടുമുണ്ടാകും.

സ്റ്റെപ്പ് അപ്പും ഡൗണും

വായ്പകളുടെ ആദ്യ കാലഘട്ടത്തില്‍ പലിശ മാത്രമോ ചുരുങ്ങിയ മുതല്‍ തുകയോ ഉള്‍പ്പെടുന്ന കുറഞ്ഞ തുല്യമാസ തവണകളും കാലാവധി പുരോഗമിക്കുന്നതനുസരിച്ച് മുതല്‍ തുക കൂട്ടി ഉയര്‍ന്ന തുല്യമാസ തവണകളും നിശ്ചയിക്കുന്നതാണ് സ്റ്റെപ്പ് അപ്പ് അഥവാ ബലൂണ്‍ രീതി. ആദ്യം തുല്യമാസ തവണകള്‍ ഉയര്‍ന്നിരിക്കുകയും പിന്നീട് താഴ്ത്തിക്കൊണ്ട് വരുന്നതുമാണ് സ്റ്റെപ് ഡൗണ്‍ രീതി. സ്റ്റെപ്പ് അപ്പ് രീതിയിലായിരിക്കും കൂടുതല്‍ പലിശ ചെലവ് വരിക.

എപ്പോള്‍ ക്ലോസ് ചെയ്യണം

ആദ്യമാദ്യം അടയ്ക്കുന്ന തുല്യമാസ തവണകളുടെ സിംഹഭാഗവും പലിശ ഇനത്തിലേയ്ക്കാണ് വരവ് വയ്ക്കുന്നത്. വായ്പാ കാലാവധി പകുതി എത്തുമ്പോഴേയ്ക്ക് ആകെ തിരിച്ചടയ്‌ക്കേണ്ട പലിശ തുകയുടെ 73 ശതമാനത്തോളം കമ്പനി പലിശ ഇനത്തില്‍ തിരിച്ച് പിടിച്ചിട്ടുണ്ടാകും. പലിശ ചെലവിന്റെ 92 ശതമാനത്തോളം തിരിച്ചടവ് കാലാവധിയുടെ നാലില്‍ മൂന്ന് എത്തുമ്പോഴേയ്ക്കും തിരിച്ച് വാങ്ങിയിട്ടുണ്ടാകും. വായ്പ കാലാവധിയുടെ അവസാന ഭാഗങ്ങളില്‍ തുക ഒരുമിച്ച് അടച്ച് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതുമൂലം പലിശ ചെലവില്‍ കാര്യമായ കുറവുണ്ടാകില്ല.

സ്വിച്ചിങും ഇഎംഐയും

ഒരേ സ്ഥാപനത്തില്‍ തന്നെ നിലവിലുള്ള വായ്പകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുമ്പോള്‍ പുതിയ വായ്പകള്‍ക്ക് താരതമ്യേന കുറഞ്ഞ പലിശ നിരക്ക് നിലവില്‍ വരാറുണ്ട്. ദീര്‍ഘകാല വായ്പകളായ ഭവന വായ്പകളില്‍ നിലവിലുള്ള വായ്പക്കാര്‍ സ്വിച്ചിംഗ് ഫീസ് നല്‍കിയാല്‍ കുറഞ്ഞ നിരക്കിലേയ്ക്ക് വായ്പ മാറ്റാം. ഇങ്ങനെ മാറ്റുമ്പോള്‍ അടയ്‌ക്കേണ്ടി വരുന്ന സ്വിച്ചിംഗ് ഫീസും കുറയുന്ന തുല്യമാസ തവണ തുകയും താരതമ്യം ചെയ്ത് തീരുമാനമെടുക്കാം. കുറഞ്ഞ പലിശ നിരക്കില്‍ മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് വായ്പ മാറ്റുമ്പോള്‍ ബാക്കി നില്‍ക്കുന്ന തിരിച്ചടവ് കാലാവധിയില്‍ ഇഎംഐ എത്രമാത്രം കുറയ്ക്കാനാകും എന്ന് മനസ്സിലാക്കി തീരുമാനമെടുക്കണം.

English Smmery: All things you should know about Emi/How to Calculate Emi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com