വലിയ ചിട്ടികള്‍ റിസ്‌ക് ഉയര്‍ത്തുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കാം

HIGHLIGHTS
  • ചിട്ടിയില്‍ ചേരുന്നതിന് മുമ്പ് സ്ഥാപനത്തെ അറിയുകയാണ് പ്രധാനം
money in hand
SHARE

ചിട്ടി വ്യാപാരം കേരളത്തില്‍ കാലങ്ങളായിട്ടുള്ളതാണ്. ബാങ്കുകള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളോ സാമ്പാദ്യ ശീലങ്ങളോ ഇല്ലാതിരുന്ന കാലത്ത് വിവാഹത്തിനും വീട് പണിയ്ക്കും വിദ്യാഭ്യാസത്തിനും മറ്റും തുക കണ്ടെത്തിയിരുന്ന ലളിതമായ സമ്പാദ്യമായിരുന്നു നാടന്‍ ചിട്ടികള്‍. പിന്നീട് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുകയും അതിനനുസരിച്ച് സാമ്പത്തിക സ്ഥാപനങ്ങളും മറ്റും ഉയര്‍ന്ന് വരികയും ചെയ്‌തതോടെ നാടന്‍ ചിട്ടികള്‍ അസ്തമിച്ചു. ഗ്രാമങ്ങളില്‍ സാമ്പത്തിക ശേഷി കൂടിയതോടെ ചിട്ടിക്കമ്പനികള്‍ പലതും പ്രവര്‍ത്തനമവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് ഈ രംഗം കൈയ്യടക്കിയത്  കെ എസ് എഫ് ഇ പോലുള്ള വലിയ സ്ഥാപനങ്ങളാണ്. കൂടാതെ സഹകരണ സംഘങ്ങള്‍ കൂടുതല്‍ ബ്രാഞ്ചുകളുള്ള വലിയ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഈ രംഗത്തേക്ക് കടന്നു വരികയും ചെയ്തു. ഇവരെല്ലാം ഇന്ന്് ലക്ഷ്യം വയ്ക്കുന്നത് ശമ്പളക്കാരെയും ബിസിനസുകാരെയുമാണ്. ചിട്ടിയുടെ മൊത്തം സല അതനുസരിച്ച് ദശലക്ഷങ്ങളാവുകയും ചെയ്തു. ഒരു മാസത്തെ അടവ് തന്നെ ആയിരങ്ങളും പതിനായിരങ്ങളുമായി. ചിറ്റാളന്‍മാരുടെ റിസ്‌ക് കൂടിവരുന്ന സാഹചര്യത്തില്‍ ചിട്ടിയില്‍ ചേരുമ്പോള്‍ ഇക്കാര്യങ്ങള്‍ നിശ്ചയമായും പരിഗണിക്കണം.

സ്ഥാപനത്തെ കുറിച്ച് പഠിക്കണം

പതിനായിരങ്ങള്‍ മാസം നിക്ഷേപിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തുക നഷ്ടപ്പെട്ടാല്‍ വലിയ വില കൊടുക്കേണ്ടി വരും. അതുകൊണ്ട് ചിട്ടിയില്‍ ചേരുന്നതിന് മുമ്പ് സ്ഥാപനത്തെ അറിയുകയാണ് പ്രധാനം. കഴിയുന്നതും സര്‍ക്കാര്‍ രജിസ്ര്‌ടേഷനുള്ള ചിട്ടിയില്‍ മാത്രം ചേരുക. ഏഴ് വര്‍ഷം മുമ്പ് സംസ്ഥാനത്ത് 7000 ചിട്ടിസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് 250ല്‍ താഴെയെന്നാണ് കണക്ക്. ഇതില്‍ കൂടുതലും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പരസ്പര വിശ്വാസത്തിന്റെ ബലത്തിലായിരുന്നു. വിശ്വസം പലപ്പോഴും ലംഘിക്കപ്പെടാം എന്നതിനാല്‍ രജിസ്രട്രേഷന്‍ ഉള്ള സ്ഥാപനങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക.

ലേലത്തില്‍ പങ്കെടുക്കുക

ഇന്ന്  പുതിയ ചിട്ടികൾ പലതും ഇറങ്ങിയെങ്കിലും ലേലചിട്ടികള്‍ തന്നെയാണ് പ്രധാനം. ഇനി മാസാമാസം നടക്കുന്ന ലേലത്തില്‍ പകരക്കാരെ ഏല്‍പ്പിക്കാതെ സ്വയം ഹാജരായാല്‍ നഷ്ടം കുറക്കാനാവും.

ആവശ്യങ്ങള്‍ കണ്ടറിയണം

ആവശ്യങ്ങള്‍ ഒന്നോ രണ്ടോ മാസം മാറ്റി വച്ചാല്‍ പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലെങ്കില്‍ താമസിച്ച് ചിട്ടി പിടിക്കുന്നതാണ് ഉത്തമം. കാരണം അപ്പോഴേക്കും അത്യാവശ്യക്കാരുടെ എണ്ണം കുറയുകയും ചിട്ടി ഒരുപാട് കുറയാതെ കിട്ടുകയും ചെയ്യം.

വലിയ തുക

തിരഞ്ഞെടുക്കുന്ന ചിട്ടികളുടെ കാലയളവും ചിറ്റാളന്‍ മാരുടെ എണ്ണവും അനുസരിച്ച് തുക വലുതാകും. വലിയ തുകയുള്ള ചിട്ടിയാണെങ്കില്‍ കാലാവധി കൂടും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഹ്രസ്വകാലയളവിലെ ചിട്ടികളാണ് നല്ലത്. 

മുടങ്ങിയ ചിട്ടികള്‍

മുടങ്ങിയ ചിട്ടികള്‍ ഏറ്റെടുക്കുന്നത് സാമ്പത്തിക നേട്ടം നല്‍കിയേക്കാം. ഏറ്റെടുക്കുമ്പോള്‍ ഒരു തുക നല്‍കേണ്ടി വരുമെങ്കിലും തുടക്കം മുതലുള്ള ഡിവിഡന്റ് ലഭിക്കും. ഒപ്പം സീനിയോറിറ്റിയുമുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA