ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ക്കുള്ള ചില ഇളവുകള്‍ ആര്‍ബിഐ പിന്‍വലിച്ചു

home money
SHARE

ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ക്ക് (എച്ച്എഫ്‌സി) അനുവദിച്ചിരുന്ന ചില ഇളവുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പിന്‍വലിച്ചു. ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ നിയമങ്ങള്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടേതിന് സമാനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇളവുകള്‍ പിന്‍വലിച്ചതോടെ  എച്ച്എഫ്‌സിക്ക് കടം വീട്ടാനുള്ള കഴിവില്ല എന്നും  പ്രവര്‍ത്തനം തുടരുന്നത് പൊതു താല്‍പര്യത്തിന് ഹാനികരമാണന്നും തോന്നുകയാണെങ്കില്‍ ആ സ്ഥാപനം അടച്ചു പൂട്ടാന്‍ ആര്‍ബിഐക്ക് ഉത്തരവിടാം.
മാത്രമല്ല ആര്‍ബിഐയ്ക്ക് നല്‍കിയിട്ടുള്ള ഏതെങ്കിലും പ്രസ്താവനകളുടെ പൂര്‍ണതയും കൃത്യതയും സ്ഥിരീകരിക്കുന്നതിനായി  ഏത് എച്ച്എഫ്‌സിയിലും ആര്‍ബിഐയ്ക്ക് ഇനിമുതല്‍ പരിശോധന നടത്താം. പിന്‍വലിച്ച മറ്റൊരു ഇളവ് കരുതല്‍ ധനം സ്വരൂപിക്കുന്നതും നിലനിര്‍ത്തുന്നതും സംബന്ധിച്ചുള്ളതാണ്. പണയ വായ്പ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ ഏതെങ്കിലും ലാഭവിഹിതം പ്രഖ്യാപിക്കുന്നതിന് മുമ്പായി കരുതല്‍ ധനം സ്വരൂപിക്കുകയും അറ്റാദായത്തിന്റെ കുറഞ്ഞത് 20 ശതമാനം എങ്കിലും കൈമാറുകയും ചെയ്യണം എന്നുമാണ് വ്യവസ്ഥ.
ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ നിയന്ത്രിക്കുന്നതിനുള്ള അധികാരം ആര്‍ബിഐക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം കഴിഞ്ഞ ബജറ്റിലാണ് ഉണ്ടായത്. ഇതെ തുടര്‍ന്ന് ഹൗസിങ് ഫിനാന്‍സ് കമ്പനികളെ ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ആയിരിക്കും പരിഗണിക്കുക എന്ന് ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു.


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA