ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് രണ്ട് ലക്ഷമാക്കിയേക്കും

HIGHLIGHTS
  • നിലവില്‍ എത്ര നിക്ഷേപമുണ്ടെങ്കിലും ഒരു ലക്ഷം രൂപ വരെയാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ
Money
SHARE

രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് നിലവിലെ ഒരു ലക്ഷത്തിന് പകരം രണ്ട് ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി പരിഗണനയില്‍. ഇതോടൊപ്പം മുതിര്‍ന്ന പൗരന്‍മാരുടെയും വിരമച്ചവരുടെയും നിക്ഷേപങ്ങള്‍ക്ക് പ്രത്യേക സുരക്ഷയും പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വിഭാഗത്തിലുള്ളവരുടെ നിക്ഷേപങ്ങള്‍ ജീവിത ചെലവ് കണ്ടെത്താനുള്ള പലിശ വരുമാനം ലക്ഷ്യമാക്കിയുളളതായതിനാലാണ് ഇത്. 60 വയസ് കഴിഞ്ഞവരെയാണ് നിലവില്‍ മുതിര്‍ന്ന പൗരന്‍മാരായി കണക്കാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം നിലവില്‍ 60 വയസാണെങ്കിലും പല സംസ്ഥാനങ്ങളിലും 55 മുതലാണ് വിരമിക്കല്‍. നിലവില്‍ എത്ര നിക്ഷേപമുണ്ടെങ്കിലും ഒരു ലക്ഷം രൂപ വരെയാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ.

മഹാരാഷ്ട്രയിലെ 11,000 കോടി നിക്ഷേപമുള്ള പി എം സി (പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട കോ ഓപ്പറേറ്റീവ് ബാങ്ക്)  ബാങ്ക് കടക്കെണിയിലായതോടെയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളടക്കമുള്ളവയുടെ നിക്ഷേപ ഇന്‍ഷൂറന്‍സ് സജീവ ചര്‍ച്ചയായത്. നിലവില്‍ മൊത്തം നിക്ഷേപത്തിന്റ 50 ശതമാനമാണ് കവറേജില്‍ പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് രണ്ട് ലക്ഷമാക്കി ഉയര്‍ത്തുന്നതോടെ 75 ശതമാനവും കവറേജിനുള്ളില്‍ വരുമെന്ന് വിലയിരുത്തപ്പെടുന്നു. ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോപ്പറേഷ ( ഡി ഐ സി ജി എസ് ) നാണ് ഡിപ്പോസിറ്റുകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നതിന് ചുമതലയുള്ള സ്ഥാപനം.1993 ലാണ് 30000 രൂപയില്‍ നിന്നും ഇത് നിലവിലെ ഒരു ലക്ഷമായി ഉയര്‍ത്തിയത്. ഇതാണ് ഇപ്പോള്‍ രണ്ട് ലക്ഷമാക്കാന്‍ ഉദ്ദേശിക്കുന്നത്.എന്നാല്‍ ഇതിനായി പാര്‍ലമെന്റില്‍ ഭേദഗതി കൊണ്ടു വരേണ്ടി വരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഓരോ നൂറു രൂപയുടെ നിക്ഷേപത്തിനും 0.10 രൂപയാണ് ഡി ഐ സി ജി എസ് പ്രീമിയമായി വാങ്ങുന്നത്. 2005 ലാണ് ഇത് 0.08 ല്‍ നിന്ന് ഉയര്‍ത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA