കുട്ടിയുടെ പേരിലും ഒരു സേവിങ്‌സ് അക്കൗണ്ട് തുറക്കാം

HIGHLIGHTS
  • പത്ത് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങാം
640135994
SHARE

ചെറിയ പ്രായത്തില്‍ തന്നെ  നിങ്ങളുടെ കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കാന്‍  ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അവരുടെ പേരില്‍ ഒരു സേവിങ്‌സ് അക്കൗണ്ട് തുടങ്ങുന്ന കാര്യം പരിഗണിക്കുക. കുട്ടികള്‍ക്ക്  പണത്തെ കുറിച്ചുള്ള അറിവ് നല്‍കുന്നതിനും  വളരുമ്പോള്‍ അവരില്‍ സാമ്പത്തിക ഉത്തരവാദിത്തം ഉണ്ടാകുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്.

കുട്ടികളുടെ പേരില്‍ സേവിങ്‌സ് അക്കൗണ്ട് തുടങ്ങാന്‍ അവര്‍ക്ക് 18 വയസ്സ് തികയുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല ഇപ്പോള്‍. പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക്  സ്വന്തമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന  സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആര്‍ബിഐ എല്ലാ ബാങ്കുകള്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്. വളരെ ചെറിയ പ്രായം മുതല്‍ സമ്പാദ്യത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍ ഇത് കുട്ടികളെ സഹായിക്കും. പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പേരിലും സേിങ്‌സ് അക്കൗണ്ട് തുടങ്ങാം.

കുട്ടികള്‍ക്കായി സേവിങ്‌സ് അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുക.

∙അനുയോജ്യമായത് തിരഞ്ഞെടുക്കുക

ഓരോ ബാങ്കുകളും വ്യത്യസ്ത സവിശേഷതകളാണ് മൈനര്‍ സേവിങ്‌സ് അക്കൗണ്ടിന് ലഭ്യമാക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി അക്കൗണ്ട് തുറക്കുന്നതിന് മുമ്പായി വ്യത്യസ്ത ബാങ്കുകള്‍ മൈനര്‍ അക്കൗണ്ടിന് ലഭ്യമാക്കുന്ന സവിശേഷതകള്‍ താരതമ്യം ചെയ്തു നോക്കുക . ഇതില്‍ നിങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക.

വിവിധ ബാങ്കുകള്‍ ലഭ്യമാക്കുന്ന മൈനര്‍ സേവിങ്‌സ് അക്കൗണ്ടുകള്‍
∙ എച്ച്ഡിഎഫ്‌സിയുടെ കിഡ്‌സ് അഡ്വാന്റേജ് ഫണ്ട്
∙ ഐസിഐസിയുടെ  യങ് സറ്റാര്‍സ് അക്കൗണ്ട്
∙ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ലഭ്യമാക്കുന്ന യൂത്ത് ബാങ്കിങ് അക്കൗണ്ട്‌സ്
∙ എസ്ബിഐയുടെ പെഹലാ ഖതം പെഹലാ ഉഡാന്‍

∙ പ്രായം

10 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള മൈനറായ കുട്ടികള്‍ക്ക് സാധാരണ സേവിങ്‌സ് അക്കൗണ്ടിലെ പോലെ തന്നെ സേവിങ്‌സ്  അക്കൗണ്ട് തുടങ്ങി പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഉള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. പത്ത് വയില്‍ താഴെയുള്ള കുട്ടികളുടെ പേരിലാണ് സേവിങ്‌സ് അക്കൗണ്ട് തുടങ്ങുന്നതെങ്കില്‍  രക്ഷകര്‍ത്താക്കള്‍/മാതാപിതാക്കളുമായി ചേര്‍ന്ന് വേണം അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നത്( ജോയിന്റ് ഓണര്‍).  പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അക്കൗണ്ട് സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.  
കുട്ടികള്‍ 18 വയസ്സ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മൈനര്‍ അക്കൗണ്ട് പ്രവര്‍ത്തന രഹിതമാകും. അതിനാല്‍ ഈ അക്കൗണ്ട് സാധാരണ സേവിങ്‌സ് അക്കൗണ്ടായി മാറ്റണം. മൈനര്‍ അക്കൗണ്ട് സാധാരണ അക്കൗണ്ടായി മാറ്റികഴിഞ്ഞാല്‍ രക്ഷകര്‍ത്താവിന് പിന്നീട് അത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.

∙ നിയന്ത്രണങ്ങള്‍

മൈനര്‍ അക്കൗണ്ടിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും സാധാരണ അക്കൗണ്ടിന് ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും സമാനമായി മൈനര്‍ അക്കൗണ്ടില്‍ ലഭിച്ചേക്കില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം , ഡെബിറ്റ് കാര്‍ഡ്, ചെക് ബുക് സൗകര്യങ്ങള്‍ മൈനറിന്റെ അക്കൗണ്ടിലും ലഭിക്കുമെങ്കിലും സുരക്ഷയെ കരുതി ചില നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.

∙ ബാങ്കുകളുടെ മിനിമം ബാലന്‍സ് വ്യവസ്ഥ

എല്ലാ ബാങ്കുകളും അക്കൗണ്ടില്‍ നിശ്ചിത തുക ബാലന്‍സ് ആയി നിലനിര്‍ത്തണം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.അതിനാല്‍ മൈനര്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ ബാങ്ക് ആവശ്യപ്പെടുന്ന  മിനിമം ബാലന്‍സ് പരിധി എത്രയാണന്ന് മനസിലാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക . അതല്ലെങ്കില്‍ പിഴ നല്‍കേണ്ടതായി വരും.

∙ചെക് ബുക്ക്

മൈനര്‍ അക്കൗണ്ട് തുടങ്ങിയാല്‍ കുട്ടികള്‍ക്ക് പ്രത്യേകമായി ചെക് ബുക്ക് ലഭ്യമാക്കുമോ എന്ന് ബാങ്ക് അധികൃതരോട് അന്വേഷിക്കുക. ചെക് ബുക് ലഭ്യമാകും എങ്കില്‍ എങ്ങനെ ആണ് അത് ഉപയോഗിക്കേണ്ടത് എന്ന് കുട്ടികളെ പഠിപ്പിക്കുക.

∙ബാങ്ക് സ്റ്റേറ്റ്‌മെന്റ്

മൈനര്‍ അക്കൗണ്ടിനും ബാങ്കുകള്‍ മാസം തോറും ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ലഭ്യമാക്കും. രക്ഷകര്‍ത്താവിനെ  മൈനര്‍  അക്കൗണ്ടിലെ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ ഇത് സഹായിക്കും. പണം നിക്ഷേപിക്കുന്നതും പിന്‍വലിക്കുന്നതും  ഉള്‍പ്പടെ ഏത് തരം ബാങ്കിങ് ഇടപാടുകളും പിന്തുടരേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കാന്‍ ഇത് ഉപയോഗപ്പെടുത്താം.  

∙ ഇന്റര്‍നെറ്റ് ബാങ്കിങ്

എവിടെ നിന്നും അക്കൗണ്ടിന്റെ പ്രവര്‍ത്തനം അറിയാനും നിരീക്ഷിക്കാനും ഇന്റര്‍നെറ്റ് ബാങ്കിങ് സഹായിക്കും. കുട്ടികളുടെ കാര്യത്തില്‍ രക്ഷാകര്‍ത്താക്കളുടെ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ മാത്രമെ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കാവു. സുരക്ഷയെ കരുതി ബാങ്കിങ് ഇടപാടുകകളുടെ പാസ്‌വേഡും മറ്റും കുട്ടികളുമായി പങ്കുവയ്ക്കാതിരിക്കുന്നതാണ് ഉചിതം.

∙ ഫണ്ട് ട്രാന്‍സ്ഫര്‍
രക്ഷകര്‍ത്താവിന്റെ അക്കൗണ്ടില്‍ നിന്നും കുട്ടിയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ നല്‍കാനുള്ള സൗകര്യം ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. മിക്ക ബാങ്കുകളും ഇന്റര്‍-ബാങ്ക് ഫണ്ട് ട്രാന്‍സ്ഫര്‍ മാത്രമാണ് അനുവദിക്കുന്നത് .

∙ പിന്‍വലിക്കാനുള്ള പരിധി

മൈനര്‍ അക്കൗണ്ടില്‍ നിന്നും കുട്ടികള്‍ക്ക് പിന്‍വലിക്കാനുള്ള പരിധി എത്രയാണന്ന് മനസിലാക്കണം. ദിവസേനയുള്ള പരിധിയും വര്‍ഷം തോറും ഉള്ള പരിധിയും വിവിധ ബാങ്കുകളില്‍ വ്യത്യസ്തമായിരിക്കും.

∙ സുരക്ഷ
അക്കൗണ്ടിന്റെ സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങള്‍ എന്തെല്ലാമാണന്ന് ബാങ്കുകളില്‍ നിന്നും  മനസിലാക്കണം.
പണം കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുക.
പിന്‍, യൂസര്‍നെയിം, പാസ്സ് വേ്ഡ്, മൊബൈല്‍ ഒടിപി എന്നിവയുടെ പ്രാധാന്യം കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുക.

∙ കെവൈസി
പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങുന്നതിന് കുട്ടിയുടെ  ജനന തീയതി തെളിയിക്കുന്ന രേഖ, രക്ഷര്‍ത്താവിന്റെ ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ആവശ്യമാണ്. പത്ത് വയസ്സിന് മുകളില്‍ ഉള്ള കുട്ടികള്‍ ജനനതീയിതി തെളിയിക്കുന്ന രേഖകള്‍ക്ക് ഒപ്പം കുട്ടിയുടെ ആധാര്‍ കാര്‍ഡും കെവൈസി ആവശ്യത്തിനായി നല്‍കേണ്ടി വരും.

∙ രക്ഷകര്‍ത്താക്കളുടെ അക്കൗണ്ട്

മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ രക്ഷകര്‍ത്താക്കള്‍ക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമെ ചില ബാങ്കുകള്‍ അവിടെ കുട്ടികള്‍ക്കും അക്കൗണ്ട് തുറക്കാന്‍ അനുവദിക്കു . നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ തന്നെ കുട്ടികള്‍ക്കും അക്കൗണ്ട്  തുറക്കുന്നത്  നല്ലതാണ്. വിവിധ ഇടങ്ങളിലായി വ്യത്യസ്ത അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ബുദ്ധി മുട്ട് ഒഴിവാക്കാം.

കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് സ്വന്തമായി ഒരു സേവിങ്‌സ് അക്കൗണ്ട് തുറന്നു കൊടുക്കാം.  ഭാവിയില്‍ ചിട്ടയായ സമ്പാദ്യ ശീലം ഉണ്ടാകാന്‍ ഇത് അവരെ സഹായിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA