ADVERTISEMENT

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കടം വാങ്ങാനെത്തുന്നവരോട് ബാങ്കുകള്‍ ഇതു പോലെ കരുണ കാണിച്ചിട്ടില്ല. എന്തു ത്യാഗം സഹിച്ചും വായ്പ നല്‍കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് രാജ്യത്തെ ബാങ്കുകളെല്ലാം. വായ്പയ്ക്കായി ബാങ്കിലെത്തുന്നവര്‍ക്ക് ഗംഭീര സ്വീകരണം നല്‍കുന്നതിന് പുറമെ വായ്പാ മേളയുമായി ഇടപാടുകാരന്റെ വീട്ടുപടിക്കലേക്ക് ഉദ്യോഗസ്ഥരെ അയക്കുകയാണ് ധനകാര്യ സ്ഥാപനങ്ങള്‍. 

വായ്പ വേണോ?

ജനങ്ങള്‍ക്ക് ഓടിച്ചിട്ട് വായ്പ നല്‍കാന്‍ പൊതുമേഖലാ ബാങ്കുകള്‍ വായ്പ മേളകള്‍ സംഘടിപ്പിച്ചത് കഴിഞ്ഞ മാസമവസാനമാണ്. ഇതിനും ഒരു പടികൂടി കടന്നുള്ള നടപടികളുമായി ഇടപാടുകാരെ ഇപ്പോള്‍ തേടുന്നത് ഐ സി ഐ സി ഐ ബാങ്കാണ്. രാജ്യത്താകമാനം 2000 സ്ഥലങ്ങളില്‍ 'മഹാലോണ്‍ ധമാക്ക' സംഘടിപ്പിച്ച് ആവശ്യക്കാര്‍ക്കെല്ലാം പണം വിതരണം ചെയ്യാനാണ് ഐ സി ഐ സി ഐ ബാങ്ക് ഒരുങ്ങുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും സംഘടിപ്പിക്കുന്ന ഇത്തരം മേളകളില്‍ ഏതു തരത്തിലുള്ള വായ്പയ്ക്കും രേഖകളുണ്ടെങ്കില്‍ 'ഓണ്‍ ദ സ്‌പോട്ട'്് അനുമതിയാണ്.

ഏതു തരം വായ്പകളും

വാഹന വായ്പകള്‍, കൃഷി ഉപകരണങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമുള്ളവ,വ്യക്തിഗത വായ്പകൾ,കാര്‍ഷിക വായ്പകള്‍ എന്നു വേണ്ട ഏതു തരം വായ്പയും വേഗത്തില്‍ കൈക്കലാക്കാമെന്ന് ബാങ്ക് അറിയിപ്പില്‍ പറയുന്നുണ്ട്. കൂടാതെ മേളകളോടനുബന്ധിച്ച് പ്രമുഖ ബ്രാന്‍ഡ് വാഹനങ്ങളുടെ പ്രദര്‍ശനവുമുണ്ടാകും. ഇതുകൂടാതെ പ്രമുഖ സ്ഥാപനങ്ങളുടെ ചുറ്റുവട്ടത്ത് ഭവന വായ്പ മേളയും സംഘടിപ്പിക്കും. വളരെ കുറഞ്ഞ പലിശ, പ്രോസസിംഗ് ഫീ ഇളവ് ഇങ്ങനെ പല ആനുകുല്യങ്ങളും ഉപഭോക്താക്കള്‍ക്കുണ്ടാകും. ഹ്യുണ്ടായി മോട്ടോഴ്‌സ് ഇന്ത്യ ഉള്‍പ്പെടേയുള്ള പ്രമുഖ കമ്പനികളുമായി സഹകരിച്ച് നടത്തുന്ന മേളയില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും വായ്പ നല്‍കും.

വായ്പ ത്വരിതപെടുത്തി വിപണിയിലേക്ക് പണമൊഴുക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമേഖലാ ബാങ്കുകളുടെ വായ്പാമേള കാര്യമായ പ്രതിഫലനമുണ്ടാക്കിയില്ലെന്ന് ആര്‍ ബി ഐ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഡിമാന്റ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്ക് വായ്പകള്‍ ത്വരിതപ്പെടുത്തുന്നതിനാണ് ധനമന്ത്രി സാമ്പത്തിക ഉത്തേജക പദ്ധതിയെന്ന നിലയില്‍ കഴിഞ്ഞ മാസം വായ്പാമേള പ്രഖ്യാപിച്ചത്. രാജ്യത്തെ 250 ജില്ലകളിലാണ് മേള സംഘടിപ്പിച്ചത്. എന്നാല്‍ ഒക്ടോബര്‍ 11 വരെയുള്ള കണക്കനുസരിച്ച് ഇക്കാലയളവില്‍ രാജ്യത്തെ വാണിജ്യബാങ്കുകള്‍ നല്‍കിയ മൊത്തം വായ്പ 21,645 കോടി മാത്രമാണെന്ന് ആര്‍ബി ഐ പറയുന്നു. അതായത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നല്‍കിയ വായ്പ 14.4 ശതമാനമായിരുന്നുവെങ്കില്‍ ഇക്കുറി അത് 8.8 ആയി കുറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com