ADVERTISEMENT

നിങ്ങളുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിങ്ങളറിയാതെ അനധികൃത ഇടപാടുകള്‍ നടത്താനാകുമോ? അതെ, ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നു. ഡെബിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ മോഷ്ടിച്ചെടുത്ത്  നിങ്ങളെ പറ്റിച്ച് അനധികൃതമായി പണം പിന്‍വലിച്ച് കൊണ്ട് പോകുന്ന സാമ്പത്തിക തട്ടിപ്പുകാരാണ് ഇതില്‍ പ്രധാനികള്‍. ഭീകരന്‍മാരും അധോലോക സംഘങ്ങളും ഉള്‍പ്പെടുന്ന മറ്റൊരു കൂട്ടര്‍ അനധികൃത പണ വിതരണത്തിനും കൈമാറ്റത്തിനുമായി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ പരതി നടക്കുകയാണ്. ആദ്യ ഗണത്തില്‍പ്പെട്ട തട്ടിപ്പുകളിലെ പരിക്ക് നഷ്ടപ്പെട്ട പണത്തോളമെ വരുന്നുള്ളൂ എന്ന് ആശ്വസിക്കാം. രണ്ടാമത്തെ കൂട്ടര്‍ 'സ്മര്‍ഫിംഗ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തട്ടിപ്പ് രീതി നിങ്ങളുടെ അക്കൗണ്ടിലൂടെ നടപ്പിലാക്കുമ്പോള്‍  ജാമ്യം പോലും കിട്ടാന്‍ വകുപ്പില്ലാത്ത നിയമ നടപടികളിലേയ്ക്കാണ് എത്തിപ്പെടുന്നത്. അറിഞ്ഞില്ല, കേട്ടില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാന്‍ ആകില്ല. നിങ്ങളുടെ  സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ സുരക്ഷിതത്വം നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഇതിനായി ശ്രദ്ധിയ്‌ക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങള്‍ ഇതാ. 

1.മൊബൈല്‍ ഫോണ്‍ തുണയാകും

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ അവരവരുടെ മൊബൈല്‍ നമ്പരുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. അക്കൗണ്ടുകളില്‍ നടക്കുന്ന ഇടപാടുകള്‍, പണം കിഴിച്ചെടുക്കുന്നതും പണം ക്രെഡിറ്റ് ചെയ്യുന്നതുമായ എല്ലാ ഇടപാടുകളും അപ്പപ്പോള്‍ ഹ്രസ്വ സന്ദേശങ്ങളായി ഉടമയ്ക്ക് ലഭിക്കും. അധികാരപ്പെടുത്തിയിട്ടില്ലാത്തവയോ നമ്മളുടേതല്ലാത്തവയോ ആയ സംശയകരമായ ഇടപാടുകള്‍ അപ്പപ്പോള്‍ ശ്രദ്ധിക്കുകയും ബാങ്കുകാര്‍ക്ക് അപായ സൂചന നല്‍കുകയും വേണം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ തുടങ്ങുന്ന അക്കൗണ്ടുകളില്‍ രക്ഷകര്‍ത്താവിന്റെ മൊബൈല്‍ നമ്പരായിരിക്കണം റജിസ്റ്റര്‍ ചെയ്യേണ്ടത്. 

2.സ്വന്തം ഇടപാടുകള്‍ മാത്രം

സ്വന്തം പണമിടപാടുകള്‍ മാത്രമേ ബാങ്ക് അക്കൗണ്ടുകളില്‍ അനുവദിക്കുന്നുള്ളൂ. മറ്റുള്ളവരുടെ ഇടപാടുകള്‍ക്കായി അവ ഉപയോഗപ്പെടുത്തുന്നത് കുറ്റകരമാണ്. പരിചയമില്ലാത്തവരുടെ ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ്, രാജ്യത്തിന് പുറത്ത് നിന്ന് അയയ്ക്കുന്ന പണം തുടങ്ങിയവ മാറ്റിയെടുക്കാന്‍ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് പ്രശ്‌നങ്ങള്‍ വിളിച്ച് വരുത്തും, രാജ്യദ്രോഹ കുറ്റങ്ങളില്‍ വരെ പ്രതികളാകുന്നതിന് കാരണവുമാകും. 

3.ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍

പലവിധ കാരണങ്ങളാല്‍ ഉപയോഗിക്കേണ്ടി വരാത്ത അക്കൗണ്ടുകളില്‍ ആവശ്യമില്ലാത്തവ ക്ലോസ് ചെയ്യണം. ക്ലോസ് ചെയ്തിട്ടില്ലെങ്കില്‍ പോലും ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ റദ്ദാക്കാന്‍ മറക്കരുത്. അത്തരം അക്കൗണ്ടുകളില്‍ ലഭിച്ചിട്ടുള്ള ചെക്ക് ബുക്കുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുന്നതിന് അവസരം നല്‍കാതെ പ്രത്യേകം സൂക്ഷിച്ച് വയ്ക്കണം. തുടര്‍ച്ചയായി ഉപയോഗമില്ലാതെ കിടക്കുന്ന അക്കൗണ്ടുകളാണ് തട്ടിപ്പുകാര്‍ ഉന്നം വയ്ക്കുന്നത്.

4.ഇടപാടുകള്‍ പരിശോധിക്കണം

പുതുതലമുറ ബാങ്കുകളില്‍ പലതും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ പാസ്ബുക്കിന് പകരം അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ ഇ-മെയില്‍ മുഖാന്തരം അയച്ച് കൊടുക്കുകയാണ് പതിവ്. ഏതായാലും അക്കൗണ്ടില്‍ നടക്കുന്ന ഇടപാടുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും സംശയമുള്ളവ ബാങ്കിന്റെ ശ്രദ്ധയില്‍ കൊണ്ട് വരികയും വേണം. 

5.ഫോണ്‍ വിളികള്‍ അപകടപ്പെടുത്തല്ലേ

ബാങ്ക് അക്കൗണ്ടുകളുടെയോ ഡെബിറ്റ് കാര്‍ഡുകളുടെയോ യാതൊരു വിവരങ്ങളും ഫോണിലൂടെ ബാങ്കുകാര്‍ അന്വേഷിക്കുന്നില്ല. ബ്‌ളോക് ചെയ്ത കാര്‍ഡ് പ്രവര്‍ത്തനത്തിലാക്കാന്‍ തുടങ്ങിയ കാര്യങ്ങൾക്കായി ഫോണിലൂടെ നിങ്ങളെ വിളിക്കുന്നത് തട്ടിപ്പുകാര്‍ മാത്രമാണ്. വണ്‍ ടൈം പാസ്‌വേര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവര്‍ക്ക് നല്‍കിയാല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com