ADVERTISEMENT

|കൈയ്യിലെ പണം നിക്ഷേപിക്കാനായി ബാങ്കിലേക്ക് പോകവേ കൊള്ളയടിക്കപ്പെട്ടാല്‍ ധനകാര്യ സ്ഥാപനത്തിന് ഉത്തരവാദിത്വമുണ്ടോ? ഇനി പണമടങ്ങിയ ബാഗ് കൊള്ളയടിക്കപ്പെട്ടത് ബാങ്ക് വളപ്പില്‍ (പ്രമൈസില്‍) നിന്നാണെങ്കിലോ?

ഇത്തരം ഒരു വിഷയത്തില്‍ കഴിഞ്ഞ ആഴ്ച ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ തീര്‍പ്പു കല്‍പ്പിച്ചു. എസ് ബി ഐ ഡല്‍ഹി ബ്രാഞ്ചില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന 76,000 രൂപ കൊള്ളയടിക്കപ്പെട്ട കേസാണ് കമ്മീഷന്‍ പരിഗണിച്ചത്.എസ് ബി ഐ ചാന്ദ്‌നിചൗക്ക് ബ്രാഞ്ചിലെ അക്കൗണ്ട് ഉടമയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. 

പണം നിക്ഷേപിക്കാനൊരുങ്ങവെ പിടിച്ചു പറി

2016 മാര്‍ച്ച് 28 നാണ് സംഭവം നടന്നത്. പണവുമായി ഡിപ്പോസിറ്റ് ക്യൂവില്‍ നിന്ന ഇടപാടുകാരന്റെ പണം പിടിച്ച് പറിച്ച് തട്ടിപ്പുകാരന്‍ ഓടി മറയുകയായിരുന്നു. ക്യൂവില്‍ പിന്നില്‍ നിന്ന ആള്‍ തന്നെയാണ് പണം അപഹരിച്ചത്. ഇടപാടുകാരന്‍ പൊലീസില്‍ പരാതി നല്‍കി എഫ് ഐ ആറും ഇട്ടു.  സി സി ടി വി ദൃശ്യങ്ങളും പരാതിക്കാരന്‍ ബാങ്കില്‍ നിന്ന് തരപ്പെടുത്തി. എന്നാല്‍ പിന്നീട് തുടരന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനൊ പണം തിരികെ നല്‍കാനോ ബാങ്കോ പൊലീസോ തയ്യാറായില്ല. 

ക്രിമിനല്‍ പ്രവര്‍ത്തനം ഉള്‍പ്പെട്ടത് പ്രശ്‌നം

പരാതികാരന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചു. ബാങ്കില്‍ നടന്ന സംഭവത്തിന് സ്ഥാപനത്തിന് ഉത്തരവാദിത്വമുണ്ടെന്നായിരുന്നു പരാതിക്കാരന്റെ വാദം. എന്നാല്‍ സംഭവത്തില്‍ ക്രിമിനില്‍ പ്രവര്‍ത്തനം ഉള്ളതിനാല്‍ ഇത് തങ്ങളുടെ പരിധിയില്‍ വരില്ല എന്നായിരുന്നു ഫോറത്തിന്റെ നിലപാട്. സംസ്ഥാന കമ്മീഷനും നിലപാട് ശരി വച്ചു.

സുരക്ഷയൊരുക്കാനാവില്ലെന്ന് ബാങ്ക്

പിന്നീടാണ് പരാതിക്കാരന്‍ ദേശീയ കമ്മീഷനെ സമീപിക്കുന്നത്. ബാങ്കിന് വെളിയില്‍( ഉത്തരേന്ത്യയില്‍ ഇത്തരം ക്യൂ കാണാം) ക്യൂവില്‍ നില്‍ക്കുമ്പോഴാണ് പണം നഷ്ടപ്പെട്ടതെന്നും സി സി ടി വി ദൃശ്യങ്ങള്‍ ഇതിന് തെളിവാണെന്നും പരാതിക്കാരന്‍ വാദിച്ചു. എന്നാല്‍ എല്ലാ ഇടപാടുകാര്‍ക്കും സുരക്ഷയൊരുക്കാന്‍ ബാങ്കിനാവില്ലെന്നും സംഭവം നടന്ന് ഒരു മാസം കഴിഞ്ഞാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തതെന്നും പരാതിക്കാരന്റേത് കറന്റ് അക്കൗണ്ടാണെന്നുമായിരുന്നു ബാങ്കിന്റെ വാദം. 

ബാങ്ക് നഷ്ടപരിഹാരം നല്‍കണം

എന്നാല്‍ ഇടപാടുകാര്‍ക്കുള്ള ബാങ്കിന്റെ പരിരക്ഷ എന്നാല്‍ ബാങ്കിന്റെ പരിധിയിലുള്ള സ്ഥലത്ത്  പണ (നിക്ഷേപമാണെങ്കിലും പിന്‍വലിക്കുന്ന തുകയാണെങ്കിലും) ത്തിന് സുരക്ഷയൊരുക്കുക എന്നതും കൂടിയാണ്-ദേശീയ കമ്മീഷന്‍ വ്യക്തമാക്കി. പരാതിക്കാരന്‍ കൊണ്ടു വന്ന പണത്തിന് സുരക്ഷ ഉറപ്പാക്കുന്നതില്‍ ബാങ്കിന് ശ്രദ്ധക്കുറവുണ്ടായിട്ടുണ്ടെന്നും അതിനാല്‍ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും ചെലവിലേയ്ക്കായി മറ്റൊരു പതിനായിരം രൂപയും പരാതിക്കാരന് നല്‍കാന്‍ നാഷണല്‍ കമ്മീഷന്‍ ഉത്തരവിട്ടു.

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com