ക്രെഡിറ്റ് സ്‌കോറില്‍ തുടര്‍ച്ചയായ പരിശോധന വേണ്ട, പലിശ നിരക്ക് കൂടിയേക്കും

HIGHLIGHTS
  • ക്രെഡിറ്റ് യോഗ്യത പരിശോധിക്കുന്നതു പോലും സ്കോ‌റിനെ ബാധിച്ചേക്കും
Credit-Card-report
SHARE

ചെറിയ ശമ്പളവരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ അവസാന അത്താണിയാണ് വ്യക്തിഗതവായ്പകള്‍ അഥവാ പേഴ്‌സണല്‍ ലോണുകള്‍. വിവാഹം, വീടുകൂടല്‍, ബന്ധുവീടുകളിലെ ഇതരചടങ്ങുകള്‍, അസുഖങ്ങള്‍ എന്നിങ്ങനെ അപ്രതീക്ഷിതമായുണ്ടാകുന്ന ചെലവുകളായിരിക്കും മിക്കവാറും ആളുകളെ പേഴ്‌സണല്‍ ലോണിലേക്ക് തിരിച്ച് വിടുന്നത്. ശമ്പളം കൊണ്ട് മാസാവസാനം വരെ എത്തിക്കാന്‍ പെടാപാട് പെടുന്ന അവസരത്തില്‍ എത്തുന്ന ഇത്തരം ചെലവുകള്‍ക്ക് പേഴ്‌സണല്‍ ലോണ്‍ അല്ലാതെ മാര്‍ഗമില്ല എന്നു വരുന്നു.

ക്രെഡിറ്റ് സ്‌കോര്‍ വില്ലന്‍

എന്നാല്‍ ഇതിനായി ബാങ്കുകളെ സമീപിക്കുമ്പോഴാണ് പലപ്പോഴും ക്രെഡിറ്റ് സ്‌കോര്‍ വില്ലനാകുന്നത്. ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നിരുന്നാല്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കും. അഥവാ തരികയാണെങ്കില്‍ ഉയര്‍ന്ന പലിശയും നല്‍കേണ്ടി വരും. ഒരു ശതമാനം മുതല്‍ കൂടിയ പലിശയാണ് ഇത്തരം ഇടപാടുകാരില്‍ നിന്ന് ബാങ്കുകള്‍ വാങ്ങുന്നത്.

ക്രെഡിറ്റ് പ്രൊഫൈല്‍ വെറുതേ പരിശോധിക്കരുത്

വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നത് മാത്രമല്ല ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറിന്റെ മാനദണ്ഡം. തുടര്‍ച്ചയായി ക്രെഡിറ്റ് യോഗ്യത പരിശോധിക്കുന്നതു പോലും ഒരാളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചേക്കാം. വായ്പയെടുക്കാന്‍ തീരുമാനിച്ചാല്‍ ക്രെഡിറ്റ് പ്രൊഫൈലില്‍ തുടര്‍ച്ചയായി സ്‌കോര്‍ പരിശോധിക്കുന്നത് അതുകൊണ്ട് ഒഴിവാക്കുന്നതാണ് ബുദ്ധി.

വായ്പയുടെ ആര്‍ത്തി

വിപണിയിലുള്ള എല്ലാ സ്ഥാപനങ്ങളും വ്യത്യസ്തങ്ങളായ പലിശ നിരക്കായിരിക്കും വാഗ്ദാനം ചെയ്യുന്നത്. വായ്പയെടുക്കുന്നയാള്‍ ഇതോടെ ആശയക്കുഴപ്പത്തിലാകും. പിന്നീട് വിവിധ ബാങ്കുകളിൽ അന്വേഷണമാകും. അവരെല്ലാം നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈല്‍ പരിശോധിക്കും. നിരന്തരമായി ഇത്തരം പരിശോധനകള്‍ക്ക് പിന്നില്‍ നിങ്ങളുടെ 'വായ്പ ആക്രാന്തമാണ്' തിരിച്ചറിയപ്പെടുന്നത്. അതുകൊണ്ട് ക്രെഡിറ്റ് സ്‌കോറില്‍ എത്രമാത്രം പരിശോധനകള്‍ നടത്തുന്നുണ്ടോ അതെല്ലാം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം.

ഡി എസ് എ വേണ്ട
ഇനി ഡറയറക്ട് സെല്ലിംഗ് ഏജന്റിനെ സമീപിക്കുകയാണെങ്കില്‍ അയാള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. പേഴ്‌സണല്‍ ലോണിനുള്ള നിങ്ങളുടെ അപേക്ഷ വിവിധങ്ങളായ ബാങ്കുകള്‍ക്ക് ഒരേ സമയം അയച്ച് കൊടുക്കും. അതോടെ ഇവയെല്ലാം നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈല്‍ ചികയും. ഇത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.
സാധാരണ നിലയില്‍ പലിശ നിരക്ക് ഒരാളുടെ തിരിച്ചടവ് ശേഷി, ക്രെഡിറ്റ് സ്‌കോര്‍, വരുമാനം, പ്രായം എന്നിവയനുസരിച്ചാണ് തീരുമാനിക്കപ്പെടുക. അതുകൊണ്ട് പേഴ്‌സണല്‍ വായ്പയ്ക്ക്് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ വിവിധ ബാങ്കുകളുടെ പലിശ നിരക്കുകളും തിരിച്ചടവുമെല്ലാം അന്വേഷിച്ച് ഉറപ്പു വരുത്തുക. എന്നിട്ട് മാത്രം സ്ഥാപനങ്ങളെ നേരിട്ട് ബന്ധപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA