എസ് ബി ഐ യ്ക്ക് പിന്നാലെ പലിശയിളവ് നല്‍കി എച്ച് ഡി എഫ് സിയും

HIGHLIGHTS
  • ജനുവരി ആറു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും
bank
SHARE

പുതുവര്‍ഷത്തില്‍ കുറഞ്ഞ വായ്പ പലിശ നിരക്കുമായി രാജ്യത്തെ വലിയ ബാങ്കായ എസ് ബി ഐ രംഗത്ത് വന്നതിന് പിന്നാലെ എച്ച് ഡി എഫ് സി ബാങ്കും നിലവിലുള്ള വായ്പ പലിശയില്‍ നേരിയ കുറവ് വരുത്തുന്നു. ഭവന വായ്പകള്‍ക്ക് 0.05 ശതമാനത്തിന്റെ കുറവാണ് വരുത്തുന്നത്. ജനുവരി ആറു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതോടെ എച്ച് ഡി എഫ് സി ബാങ്കിന്റെ ഭവനവായ്പ പലിശ നിരക്ക് 8.2-9 ശതമാനത്തിനുള്ളിലായിരിക്കും. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഇളവ് ബാധകമായിരിക്കും. ഭവന വായ്പയുടെ റിട്ടെയ്ല്‍ പ്രൈം ലെന്‍ഡിംഗ് നിരക്കില്‍ കുറവ് വരുത്തിയതിനാലാണ് ഇത്. 


ജനുവരി ഒന്നുമുതല്‍ എക്സ്റ്റേണല്‍ ബഞ്ച് മാര്‍ക്ക് അധിഷ്ഠിത വായ്പകള്‍ക്കെല്ലാം എസ് ബി ഐ പലിശ നിരക്ക് നിലവിലെ 8.05 ശതമാനത്തില്‍ നിന്ന് 7.8 ശതമാനത്തിലേക്ക് കുറച്ചിരുന്നു. ഈ അടിസ്ഥാനത്തില്‍ വായ്പയെടുത്തിട്ടുള്ള എം എസ് എം ഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) വായ്പകളുടെ പലിശയും 25 ബേസിസ് പോയിന്റ് ഇതോടെ കുറയും. അതായത് കാല്‍ ശതമാനം. പുതു വര്‍ഷത്തിലെടുക്കുന്ന പുതിയ വായ്പകള്‍ക്ക് പലിശ നിരക്ക് 7.9 ശതമാനമായിരിക്കും തുടങ്ങുക. നിലവില്‍ ഇത് 8.15 ശതമാനമാണ്.

നേരത്തെ എം സി എല്‍ ആര്‍ അധിഷ്ഠിത നിരക്കില്‍ എസ് ബി ഐ 10 ബേസിസ് പോയിന്റ് കുറവ് വരുത്തിയിരുന്നു. ഡിസംബര്‍ 10 മുതല്‍ ആ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഈ സാമ്പത്തിക വര്‍ഷം എട്ട് പ്രാവശ്യമാണ് എം സി എല്‍ ആറില്‍ ബാങ്ക് കുറവ് വരുത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA