ADVERTISEMENT

ബാങ്കില്‍ ഒരു അക്കൗണ്ട്‌ തുറക്കണം എങ്കില്‍ നിങ്ങള്‍ ഇനി നേരിട്ട്‌ ബാങ്കിന്റെ ശാഖ സന്ദര്‍ശിക്കണം എന്നില്ല. ബാങ്കിന്റെ ഏതെങ്കിലും പ്രതിനിധികളുമായി വീഡിയോ ചാറ്റ്‌ നടത്തി അക്കൗണ്ട്‌ തുറക്കാന്‍ കഴിയും . വീഡിയോ അധിഷ്‌ഠിത കെവൈസി അനുവദിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ( ആര്‍ബിഐ) തീരുമാനിച്ചു. ഇതിനായി കെവിസൈ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ആര്‍ബിഐ ഭേദഗതി വരുത്തി. വിദൂരത്ത്‌ നിന്ന്‌ വീഡിയോ വഴി ഉപഭോക്താവിനെ തിരിച്ചറിയാനുള്ള നടപടികള്‍ (V-CIP) ഉപയോഗിക്കുന്നതിന്‌ ബാങ്കുകള്‍, വായ്‌പ കമ്പനികള്‍, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്‌റ്റാര്‍ട്‌അപ്പുകള്‍ തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളെ അനുവദിക്കുന്നതിന്‌ വേണ്ടിയാണ്‌ ഈ നീക്കം.
പല സേവനങ്ങളും ലഭ്യമാകുന്നതിന്‌ ഉപഭോക്താവ്‌ ആധികാരികത ഉറപ്പു വരുത്തുന്നതിനായി സ്ഥാപനങ്ങളില്‍ നേരിട്ടെത്തി രേഖകള്‍ സമര്‍പ്പിക്കുകയും വ്യക്തിപരമായി ബോദ്ധ്യപ്പെടുത്തുകയും ചെയ്യണം എന്നത്‌ നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഉപഭോക്താവിന്റെ ലൈവ്‌ ഫോട്ടോയും ഔദ്യോഗിക സാധുതയുള്ള രേഖകളും തിരിച്ചറിയലിനുള്ള തെളിവായി ഉപയോഗിക്കാന്‍ ആര്‍ബിഐ അനുവദിച്ചു.

ആധികാരികത ഉറപ്പാക്കണം

ഉപഭോക്താവ്‌ ഇന്ത്യയില്‍ തന്നെ ഉണ്ട്‌ എന്ന്‌ ഉറപ്പു വരുത്തുന്നതിനായി ഉപഭോക്താവിന്റെ ലൈവ്‌ ലൊക്കേഷന്‍ ( ജിയോടാഗിങ്‌ ) വീഡിയോയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം. ഇത്തരം ഓഡിയോവിഷ്വല്‍ ആശയവിനിമയത്തിന്‌ വേണ്ട സംവിധാനങ്ങള്‍ ബാങ്കുകള്‍ ലഭ്യമാക്കും. ഈ നടപടികള്‍ തത്സമയവും സുരക്ഷിതവുമാണന്ന്‌ ബാങ്കുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം എന്നും ഉപഭോക്താവിനെ സംശയാതീതമായി തിരിച്ചറിയാന്‍ അനുവദിക്കുന്നതായിരിക്കണം ആശയവിനിമയത്തിന്റെ നിലവാരം എന്നും ആര്‍ബിഐ പറഞ്ഞു. തട്ടിപ്പുകള്‍ തടയുന്നതി്‌ന്‌ വേണ്ട സുരക്ഷ നടപടികള്‍ സ്ഥാപനങ്ങള്‍ സ്വീകരിച്ചിരിക്കണം. വീഡിയോ വഴി ഉപഭോക്താവിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിന്‌ പാന്‍ നമ്പറും ആധാര്‍ നമ്പറും നിര്‍ബന്ധമാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com