നിങ്ങളുടെ ഭവന വായ്പയുടെ പലിശ കുറഞ്ഞോ?

HIGHLIGHTS
  • ഇപ്പോൾ റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയാണ് ഭവന വായ്പയുടെ പലിശ നിരക്കുകള്‍ നിശ്ചയിക്കുക
home & money (2)
SHARE

റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകള്‍ കുറയ്ക്കുമ്പോള്‍ അതിന്റെ ഗുണം പലപ്പോഴും ഇടപാടുകാര്‍ക്ക് ലഭിക്കാതെ വരുന്നു. ഈ സാഹചര്യത്തിലാണ്  ഭവന വായ്പകള്‍ക്ക് ഉള്‍പ്പെടെയുള്ള പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നതിന് ബാഹ്യ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കുന്നതിന് തീരുമാനമായത്. 2019 ഒക്‌ടോബര്‍ ഒന്ന് മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് മാസത്തിലൊരിക്കല്‍ പ്രഖ്യാപിക്കുന്ന റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയാണ് ഭവന വായ്പയുടെ പലിശ നിരക്കുകള്‍ നിശ്ചയിക്കുക. നിലവില്‍ ബാങ്കുകള്‍ തുടര്‍ന്ന് പോന്നിരുന്ന മാര്‍ജിനല്‍ കോസ്റ്റ് ലെന്റിംഗ് റേറ്റ് അഥവാ എം.സി.എല്‍.ആര്‍ മാറ്റി റിപ്പോ ലിങ്ക്ഡ് ലെന്റിംഗ് റേറ്റ് അഥവാ ആര്‍.എല്‍.എല്‍.ആര്‍ അടിസ്ഥാനമാകും. ഈ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ നിലവില്‍ ഭവന വായ്പ ഉള്ളവരും പുതുതായി വായ്പ എടുക്കുന്നവരും ശ്രദ്ധിയ്‌ക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങള്‍.

എപ്പോള്‍ നിരക്ക് മാറും

രണ്ട് മാസത്തിലൊരിക്കലാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കുകളില്‍ മാറ്റമുണ്ടോ എന്ന് പ്രഖ്യാപിക്കുക. എന്നാല്‍ മൂന്ന് മാസത്തിലൊരിക്കലെങ്കിലും ബാങ്കുകള്‍ ആര്‍.എല്‍.എല്‍.ആര്‍ പുതുക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. ഇക്കാരണത്താല്‍ മിക്ക ബാങ്കുകളും മൂന്ന് മാസം കൂടുമ്പോള്‍ മാത്രമേ നിരക്കുകള്‍ വ്യത്യാസപ്പെടുത്തൂ. ഉദാഹരണത്തിന് സെപ്റ്റംബറില്‍  നിശ്ചയിച്ച ആര്‍.എല്‍.എല്‍.ആര്‍, ഡിസംബര്‍ മാസത്തില്‍ മാത്രമേ ബാങ്കുകള്‍ മാറ്റുകയുള്ളൂ. ഒക്‌ടോബറില്‍ റിപ്പോ നിരക്ക് കുറഞ്ഞാലും പലിശ നിരക്ക് കുറയാന്‍ ഡിസംബര്‍ വരെ കാത്തിരിക്കണം. ഡിസംബറില്‍ വീണ്ടും റിപ്പോ നിരക്ക് ഉയര്‍ന്നാല്‍ പലിശ നിരക്കും ഉയര്‍ത്തി നിശ്ചയിക്കും. റിപ്പോ നിരക്ക് മാറുന്ന മാസത്തിന്റെ തൊട്ടടുത്ത മാസം ഒന്നാം തീയതി മുതല്‍ പലിശ നിരക്ക് മാറ്റി നിശ്ചയിക്കാം.

സ്‌പ്രെഡും ശ്രദ്ധിയ്ക്കണം

റിപ്പോ നിരക്കിന് മുകളില്‍ എത്ര വരെ പലിശ നിരക്ക് ഉയര്‍ത്തി നിര്‍ത്താം എന്ന് ബാങ്കുകള്‍ തീരുമാനിക്കുന്നത് അവരവരുടെ സ്‌പ്രെഡ് അല്ലെങ്കില്‍ മാര്‍ജിന്‍ എത്ര ശതമാനമെന്ന് നിശ്ചയിച്ചിട്ടാണ്. റിപ്പോ നിരക്ക് ബാങ്കുകള്‍ക്കെല്ലാം ഒന്നാണെങ്കിലും സ്‌പ്രെഡ് ശതമാനം വ്യത്യാസപ്പെട്ടിരിക്കുന്നതിലാണ് ബാങ്കുകള്‍ തമ്മില്‍ ഈടാക്കുന്ന പലിശ നിരക്കില്‍ അന്തരം ഉണ്ടാകുന്നത്. നിര്‍വ്വഹണ ചെലവ്, ഫണ്ട് ചെലവ്, പ്രതീക്ഷിക്കുന്ന വരുമാനം, വിപണിയിലെ മത്സരം തുടങ്ങിയവ കണക്കിലെടുത്താണ് ബാങ്കുകള്‍ സ്‌പ്രെഡ് തീരുമാനിക്കുക. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ബാങ്കുകള്‍ക്ക് തങ്ങളുടെ സ്‌പ്രെഡ് നിരക്ക് മാറ്റാന്‍ അനുവാദമുള്ളൂ. നിലവിലുണ്ടായിരുന്ന എം.സി.എല്‍.ആര്‍.ഉം ഇപ്പോഴത്തെ റിപ്പോ നിരക്കും തമ്മില്‍ മൂന്ന് ശതമാനത്തോളം ഉയര്‍ന്നിരുന്നതിനാല്‍ മിക്ക ബാങ്കുകളും മൂന്ന് ശതമാനത്തിനടുത്ത് സ്‌പ്രെഡ് നിരക്ക് തീരുമാനിച്ചിരിക്കുന്നു. റിപ്പോ നിരക്ക് കുറഞ്ഞിരിക്കുന്നതെങ്കിലും വായ്പ പലിശ നിരക്കില്‍ ബേസിസ് പോയിന്റുകളുടെ മാത്രം കുറവെ വായ്പ എടുത്തവര്‍ക്ക് കിട്ടുന്നുള്ളു എന്നതിന്റെ കാരണം ഇതാണ്. ബാങ്കുകള്‍ തമ്മിലുള്ള വായ്പ പലിശ നിരക്ക് വ്യത്യാസം ഇക്കാരണത്താല്‍ ശ്രദ്ധിയ്ക്കണം. 

നഷ്ട സാധ്യത കണക്കിലെടുക്കും

സ്ഥിര വരുമാനമുള്ളവര്‍ക്ക് തിരിച്ചടവില്‍ കൃത്യത പുലര്‍ത്താമെന്ന കാരണത്താല്‍ മാസ ശമ്പളമുള്ളവര്‍ക്ക് അല്ലാത്തവരേക്കാള്‍ പലിശ നിരക്ക് പല ബാങ്കുകളിലും കുറഞ്ഞിരിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസ്‌ക് ഗ്രൂപ്പുകള്‍ നിര്‍ണ്ണയിക്കുന്നതിന് സ്വന്തം സംവിധാനമുണ്ടാക്കിയിട്ടുണ്ട്. താഴ്ന്ന റിസ്‌ക് പ്രൊഫൈല്‍ ഉള്ളവര്‍ക്ക് താരതമ്യേന കുറഞ്ഞ പലിശയ്ക്ക് വായ്പ കിട്ടും. മറ്റ് പല ബാങ്കുകളും ക്രെഡിറ്റ് സ്‌കോറുകളുടെ അടിസ്ഥാനത്തില്‍ പലിശ നിരക്ക് നല്‍കുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ സിബില്‍ സ്‌കോറാണ് ഉപയോഗിക്കുക. 760 പോയിന്റിന് മുകളിലുള്ളവര്‍ക്ക് ഏറ്റവും നല്ല നിരക്കും ബാക്കിയുള്ളവര്‍ക്ക് സ്ലാബ് അടിസ്ഥാനത്തില്‍ കൂടിയ പലിശ നിരക്കും ഈടാക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA