ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാലും നിങ്ങൾക്കു കിട്ടും വായ്പ

HIGHLIGHTS
  • വായ്പ കിട്ടുന്നതിൽ ക്രെഡിറ്റ് സ്കോർ അവസാന വാക്കല്ല
money in hand
SHARE

ക്രെഡിറ്റ് സ്‌കോര്‍ മോശമായി എന്നു വെച്ച് വായ്പകളൊന്നും ലഭിക്കില്ല എന്ന് കരുതേണ്ട. വായ്പകള്‍ അനുവദിക്കുന്നതില്‍ ക്രെഡിറ്റ് സ്‌കോറുകള്‍ അവസാന വാക്കുമല്ല. ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാലും വായ്പ ലഭിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്.

ബാങ്കിനെ വിട്ട് പിടിക്കാം

ബാങ്കുകള്‍ നല്കുന്ന അതേ ആവശ്യങ്ങള്‍ക്ക് തന്നെ വായ്പ അനുവദിക്കുന്ന ബാങ്കിതര ഫിനാന്‍സ് കമ്പനികളുണ്ട്. ഹൗസിംഗ് വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, വാഹന വായ്പകള്‍ തുടങ്ങി വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് വായ്പ നല്‍കുന്ന നവ തലമുറ ഫിനാന്‍സ് കമ്പനികള്‍ താരതമ്യേന ലളിത വ്യവസ്ഥകളാണ് അവലംബിക്കുന്നത്. പലപ്പോഴും ബാങ്കുകളുടെ സങ്കീര്‍ണ്ണമായ വിലയിരുത്തല്‍ പ്രക്രിയയകള്‍ ഇത്തരം സ്ഥാപനങ്ങൾ‌ക്കില്ല. ബാങ്കുകള്‍ ഒഴിവാക്കുന്ന ഇടപാടുകാരാണ് പലപ്പോഴും ബാങ്കിതര ഫിനാന്‍സ് കമ്പനികളുടെ കസ്റ്റമേഴ്‌സ്.  ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കുകളേക്കാളള്‍ മാര്‍ജിനലായെങ്കിലും ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും. വാഹന വായ്പകള്‍ക്ക് നിര്‍മ്മാതാക്കള്‍ നേരിട്ട് നല്‍കുന്ന വായ്പകളും താരതമ്യേന എളുപ്പത്തില്‍ ലഭിക്കുന്നവയാണ്. ബാങ്കിതര ഫിനാന്‍സ് കമ്പനികളായി കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ വ്യാപിച്ച് കിടക്കുന്ന ഫിന്‍ടെക് കമ്പനികള്‍ ധാരാളമുണ്ട്.

വായ്പയ്ക്ക് മാര്‍ജിന്‍

വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആസ്തികളുടെ വിലയില്‍ എത്ര കണ്ട് വായ്പ എടുക്കുന്നവര്‍ മുടക്കുന്നു എന്നതാണ് മാര്‍ജിന്‍. ക്രെഡിറ്റ് സ്‌കോര്‍ മോശമായിരുന്നാലും വായ്പയുടെ അനുപാതം കുറച്ച് സ്വയം മുടക്കുന്ന തുക കൂട്ടി ആവശ്യപ്പെട്ടാല്‍ ബാങ്കുകള്‍ വായ്പ നല്‍കാന്‍ സന്നദ്ധരാകും. വായ്പ കുറഞ്ഞിരിക്കുമ്പോള്‍ തുല്യമാസ തവണകളും കുറയുമെന്നതിനാല്‍ തിരിച്ചടവില്‍ വീഴ്ച വരുത്താനുളള സാധ്യത കുറയുമെന്നതിനാലാണിത്. മാത്രമല്ല, സ്വയം കൂടുതല്‍ തുക മുടക്കുമ്പോള്‍ ആസ്തികള്‍ നോക്കി കണ്ട് പരിപാലിക്കുമെന്നും തിരിച്ചടവ് കൃത്യമാകുമെന്നും ബാങ്കുകള്‍ കരുതി കൊള്ളും,

ജാമ്യം കൂട്ടി നല്‍കാം

ജാമ്യമില്ലാതെ നല്‍കുന്ന വായ്പകളാണെങ്കില്‍ കൂടി വായ്പയ്ക്ക് തുല്യമായ മൂല്യമുള്ള അധിക ജാമ്യം നല്‍കിയാല്‍ സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ വായ്പ നല്‍കും. ഉദാഹരണത്തിന് ജാമ്യം വേണ്ടാത്ത വിദ്യാഭ്യാസ വായ്പകളില്‍ രക്ഷിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമായിരുന്നാലും വസ്തു ജാമ്യമോ ആള്‍ ജാമ്യമോ നല്‍കിയാല്‍ വായ്പകള്‍ അനുവദിക്കാറുണ്ട്. ജാമ്യം ആവശ്യമില്ലാത്ത പൊതു വായ്പ പദ്ധതികള്‍ ഉള്ളപ്പോള്‍ തന്നെ ബാങ്കുകള്‍ക്ക് സ്വന്തമായി ജാമ്യം സ്വീകരിച്ച് കൊണ്ട് നല്‍കുന്ന വായ്പ പദ്ധതികള്‍ ഉണ്ടാകും.  

വായ്പ നല്‍കുന്ന ചങ്ങാതിക്കൂട്ടങ്ങള്‍

പിയര്‍ ടു പിയര്‍ അഥവാ പി-ടു-പി പോര്‍ട്ടലുകള്‍ വായ്പ നല്‍കാന്‍ പണമുള്ളവരെയും വായ്പ തേടി നടക്കുന്നവരെയും കൂട്ടി മുട്ടിക്കുന്ന പണിയെടുക്കുന്നവയാണ്. മതിയായ ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തവര്‍ക്ക് ഇത്തരം പോര്‍ട്ടലുകളെ ആശ്രയിക്കാം. വായ്പ രംഗത്ത് സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്ന പി-ടു-പി പോര്‍ട്ടലുകള്‍ വായ്പ അനുവദിക്കുന്നതിന് ചില വിലയിരുത്തലുകളൊക്കെ നടത്തുമെങ്കിലും ക്രെഡിറ്റ് സ്‌കോറുകള്‍ക്ക് അത്ര വെയ്റ്റ് നല്‍കുന്നില്ല. നിക്ഷേപകരായി എത്തുന്നവര്‍ക്ക് സമ്മതമാണെങ്കില്‍ വായ്പ അനുവദിക്കും. പരമാവധി 10 ലക്ഷം രൂപാവരെയുള്ള വായ്പകള്‍ പി-ടു-പി പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്നു. വസ്തുവകകള്‍, ആള്‍ ജാമ്യം തുടങ്ങിയ പൊല്ലാപ്പുകള്‍ ഒഴിവാക്കിയിട്ടുമുണ്ട്. മാത്രമല്ല, മറ്റ് ബാങ്കുകളെ പോലെ റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കൊള്ളപലിശക്കാരില്‍ നിന്നും ബ്ലെയ്ഡ് നിരക്കില്‍ വായ്പ വാങ്ങി കടക്കെണിയില്‍ പെടുന്നതിനേക്കാള്‍ ഭേദമാണ് പി-ടു-പി പോര്‍ട്ടലുകള്‍.

ക്രെഡിറ്റ് സ്‌കോര്‍ വേണ്ട

സ്വര്‍ണ്ണം ജാമ്യമായെടുത്ത് ദേശദാല്‍കൃത ബാങ്കുകള്‍ പോലും നല്‍കുന്ന വായ്പകള്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാറില്ലല്ലോ. സ്വന്തമായോ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരിലുള്ള ബാങ്ക് നിക്ഷേപങ്ങള്‍ അടിസ്ഥാനമാക്കി എടുക്കുന്ന വായ്പകള്‍ക്കും ക്രെഡിറ്റ് ചരിത്രം പ്രശ്‌നമേ അല്ല. ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ തുടങ്ങി സാമ്പത്തിക ആസ്തികള്‍ പണയം നല്‍കിയാല്‍ വായ്പ താനേ പോരും. പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ അസൈന്‍ ചെയ്ത് നല്‍കിയാലും ക്രെഡിറ്റ് സ്‌കോര്‍ ചികയാതെ വായ്പ ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA