ADVERTISEMENT

പ്രതിസന്ധിയിലായ യെസ് ബാങ്കിനെ രക്ഷിക്കാന്‍ ആര്‍ ബി ഐ ശ്രമം നടത്തുമ്പോഴും ഇവിടെ നിക്ഷേപം നടത്തിയിട്ടുള്ളവരും അക്കൗണ്ടുടമകളും ആശങ്കയിലാണ്. യെസ് ബാങ്കില്‍ സാലറി അക്കൗണ്ടുള്ളവരും ഇസിഎസായി മാസത്തവണകൾ അടയ്ക്കുന്നവരുമാണ് ഏറെ പ്രതിസന്ധിയില്‍. കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളത്തില്‍ മുടക്കം വരുമോ അതോ കിട്ടുന്നതിന് ആര്‍ ബി ഐ പരിധി ബാധകമാകുമോ ഇ സിഎസ് അടവിനെ ഇത് ബാധിക്കുമോ തുടങ്ങിയ നിരവധി ചോദ്യങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നഷ്ടമൊഴിവാക്കാം. അത്തരക്കാര്‍ ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കണം.

നിയന്ത്രണങ്ങള്‍ ഇവയാണ്

∙ഒരു മാസത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവില്ല. ഒന്നിലധികം അക്കൗണ്ടുകളിലായാണ് നിക്ഷേപമെങ്കിലും ഈ പരിധി ബാധകമാണ്.
∙കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട്, ഡിപ്പോസിറ്റ് എന്നിങ്ങനെ എതു തരം ഇടപാടാണെങ്കിലും മാസത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവില്ല.
∙യെസ് ബാങ്കിന് ഒരു കാരണവശാലും ഇനി ഒരു വായ്പയും പുതുതായി അനുവദിക്കാനോ, തുക നല്‍കാനോ കഴിയില്ല. ഇനിയങ്ങോട്ട് യാതൊരു വിധത്തിലുമുള്ള ബാധ്യത ഏറ്റെടുക്കാനാവില്ല.

വായ്പാ മാസത്തവണയുടെ അടവ്

സാധാരണ നിലയില്‍ ഇ എം ഐ അടവിന് അക്കൗണ്ടുടമകള്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്. ഭവനവായ്പ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റ്, എല്‍ ഐ സി, മ്യൂച്ച്വല്‍ ഫണ്ട് എസ് ഐ പി തുടങ്ങിയവയുടെ ഇന്‍സ്റ്റാള്‍മെന്റുകള്‍ കൃത്യമായ തീയതികളില്‍ അക്കൗണ്ടില്‍ നിന്നെടുക്കാന്‍ നിര്‍ദേശം നല്‍കുകയാണിവിടെ ചെയ്യുന്നത്. നിര്‍ദേശത്തിനനുസരിച്ച്  ക്യത്യമായ ഇടവേളകളില്‍, തീയതികളില്‍ അക്കൗണ്ടില്‍ നിന്ന് പണം സ്വയം അടഞ്ഞുപോകാറുണ്ട്. കോര്‍പ്പറേറ്റ് സാലറി അക്കൗണ്ടുകളുള്ള കേസുകളില്‍ ഇങ്ങനെ ചെയ്യുന്നവര്‍ അനവധിയാണ്. യെസ് ബാങ്കിലാകട്ടെ ശമ്പള അക്കൗണ്ടുകള്‍ ധാരാളമാണ്. കൃത്യ തിയതിയിൽ അക്കൗണ്ടിലെ പണം കൃത്യതയോടെ ഇ എം ഐ ആയി പോകുമെന്നതാണ് ഇതിന്റെ മെച്ചം. അതുകൊണ്ട് ഭൂരിഭാഗം പേരും ഇത്തരം രീതിയാണ് വായ്പ തിരിച്ചടവുകളിലും എസ് ഐ പി അടവുകളിലും മറ്റും പരീക്ഷിക്കുന്നത്. അത്തരക്കാരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. അക്കൗണ്ടില്‍ നിന്ന് ഒരു മാസം പിന്‍വലിക്കാവുന്ന പരമാവധി പണം 50,000 രൂപയാക്കി ആര്‍ ബി ഐ നിജപ്പെടുത്തിയ സ്ഥിതിയ്ക്ക് ഇ എം ഐ, ക്രെഡിറ്റ് കാര്‍ഡ്, ഇൻഷുറൻസ് പ്രീമിയം ഇങ്ങനെ എല്ലാം ചേരുമ്പോള്‍ പരിധി കടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. 50,000 ന് മുകളിലാണ് ഇത്തരം അടവുകളെങ്കില്‍ ഇന്‍സ്റ്റാള്‍മെന്റ് മുടങ്ങാനും പിഴ വരാനും ഒപ്പം ക്രെഡിറ്റ് സ്‌കോറില്‍ ഇടിവ് സംഭവിക്കാനും സാധ്യതയുണ്ട്.

ശമ്പള അക്കൗണ്ടുള്ള ഇടപാടുകാർ

യെസ് ബാങ്കിലൂടെ ശമ്പളം നല്‍കുന്ന നിരവധി കോര്‍പ്പേറേറ്റ് സ്ഥാപനങ്ങളുണ്ട്. ഇത്തരം ശമ്പള അക്കൗണ്ടുകളുള്ളവര്‍ക്കും മാസശമ്പളം അര ലക്ഷത്തിന് മുകളിലാണെങ്കില്‍ നിലവിലുള്ള നിയന്ത്രണമനുസരിച്ച് പ്രശ്‌നമാകും. മാസം പിന്‍വലിക്കാവുന്ന തുക പരമാവധി 50,000 ആക്കിയ സ്ഥിതിയ്ക്ക് മറ്റ് മാര്‍ഗങ്ങളാരായേണ്ടി വരും.

മ്യൂച്ചല്‍ ഫണ്ട്

ഇതിനകം തന്നെ പല ഫണ്ടുകളും യെസ് ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള റിഡിംഷൻ റിക്വസ്റ്റുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. നിക്ഷേപകരുടെ താത്പര്യ സംരക്ഷണാര്‍ഥമാണിത്. അതുകൊണ്ട് റിഡിംഷനിലൂടെയും ഡിവിഡന്റായും ഭാവിയില്‍ ലഭിക്കുന്ന വരുമാനം തടയപ്പെടുന്നില്ല എന്നുറപ്പാക്കേണ്ടതാണ്. പ്രതിസന്ധിയിലായ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ട മ്യൂച്ച്വല്‍ ഫണ്ട് അക്കൗണ്ടുകളുണ്ടെങ്കില്‍ അത് മാറ്റാന്‍ ഉടന്‍ റിക്വസ്റ്റ് നല്‍കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com