ഇതുവരെ ഓണ്‍ലൈന്‍ ഇടപാട് നടത്തിയിട്ടില്ലേ, 16 ന് ശേഷം ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍വീര്യമാകും
Mail This Article
ഇതുവരെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ഒറ്റ ഓണ്‍ലൈന്‍ ഇടപാടു പോലും നടത്താത്തവരാണോ നിങ്ങള്‍? മാര്‍ച്ച് 16 എന്ന തീയതി ഓര്‍ത്തു വച്ചോളു. ഇത്തരം കാര്‍ഡുകളുടെ 'ഓണ്‍ലൈന്‍ ശേഷി' 16 ന് ശേഷം നിര്‍വീര്യമാകും.
ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ കാര്‍ഡ് വാങ്ങി പേഴ്‌സില്‍ തിരുകി നാളിതുവരെ ഒരൊറ്റ ഓണ്‍ലൈന്‍ ഇടപാട് പോലും നടത്തിയിട്ടില്ലെങ്കില്‍ അത്തരം കാര്‍ഡുകളില്‍ പിന്നീടൊരിക്കലും ഈ സംവിധാനം ലഭിക്കില്ല. കാര്‍ഡ് ക്രെഡിറ്റ് ആയാലും ഡെബിറ്റായാലും ഇത് ബാധകം. കാര്‍ഡുകളില്‍ സൗകര്യപ്പെടുത്തിയിരിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍( ആര്‍ എഫ് ഐ ഡി) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോഴാണ്കോണ്‍ടാക്ടലസ് ഇടപാട് നടക്കുന്നത്. ഇത്തരം ഇടപാടുകള്‍ ഇതുവരെ നടത്തിയിട്ടില്ലാത്ത കാര്‍ഡുകളിലെ ഈ സംവിധാനമാണ് 16 മുതല്‍ ഡിസേബിള്‍ ചെയ്യുക. അതേസമയം എടിഎം ഉപയോഗിക്കുന്നതടക്കമുള്ള മറ്റ് സൗകര്യങ്ങളെ നിയന്ത്രണം ബാധിക്കില്ല.
കാര്‍ഡ് ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇതുവരെയും ഓണ്‍ലൈന്‍ അഥവാ കോണ്‍ടാക്ട്‌ലെസ് ഇടപാട് നടത്തിയിട്ടില്ലാത്ത ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളിലെ ഈ സേവനം നിര്‍ത്തി വയ്ക്കണമെന്ന് ജനുവരിയില്‍ ആര്‍ ബി ഐ കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ മാര്‍ച്ച് 16 എന്ന അന്ത്യശാസനത്തില്‍ എത്തിയത്.