ADVERTISEMENT

ക്രെഡിറ്റ് കാര്‍ഡ് ഒരാളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. അപ്രതീക്ഷിതമായി വരുന്ന ചെലവുകള്‍ക്കും ബില്‍ പേയ്‌മെന്റിനും ഓണ്‍ലൈന്‍ പര്‍ച്ചേസിനുമെല്ലാം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് ശീലമാണ്. രണ്ട് മാസത്തോളം പലിശയില്ലാതെ ഉപയോഗിക്കാമെന്നുള്ളതുകൊണ്ടും റിവാര്‍ഡ് പോയിന്റ് അടക്കം പല ആനുകൂല്യങ്ങളുള്ളതുകൊണ്ടും പലരും ഒന്നിലധികം ബാങ്കുകളുടെ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരാണ്. എന്നാല്‍ എണ്ണം കൂടുന്നതനുസരിച്ച് കാര്‍ഡിലെ ചെലവഴിക്കലും അതിലൂടെ ബാധ്യതയും വര്‍ധിക്കും. ഇത് പലപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചെന്നും വരാം. സാമ്പത്തികനിഷ്ഠ ഇല്ലാത്തവര്‍ ഇത്തരം ഘട്ടങ്ങളില്‍ ചെയ്യേണ്ട പ്രധാന കാര്യം ആവശ്യമില്ലാത്ത കാര്‍ഡുകള്‍ ക്ലോസ് ചെയ്യുക എന്നുള്ളതാണ്. എന്നാല്‍ കാര്‍ഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചിരിക്കണം.

വായ്പ ഉപയുക്തത

രണ്ടോ അതിലധികമോ കാര്‍ഡുകളില്‍ ചെലവാക്കുന്ന തുക ഒറ്റ കാര്‍ഡില്‍ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ (ഒരു കാര്‍ഡില്‍ സേഫായി ചെലവാക്കാവുന്ന കൂടിയ തുക) ഉയര്‍ത്തും. സാധാരണയായി കാര്‍ഡിന്റെ ആകെ ക്രെഡിറ്റ് ലിമിറ്റിന്റെ 25-30 ശതമാനമായിരിക്കും ഇത്. ചെലവ് അതിലപ്പുറമാണെങ്കില്‍ അത് ക്രെഡിറ്റ് സ്‌കോറിനെയും പലിശ നിരക്കിനെയും ബാധിക്കും. അതുകൊണ്ട് രണ്ട് ക്രെഡിറ്റ് കാര്‍ഡുള്ളയാള്‍ ഒന്ന് ക്ലോസ് ചെയ്യുമ്പോള്‍ ചെലവാക്കുന്ന തുക കുറയ്‌ക്കേണ്ടി വരും. അല്ലെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന കാര്‍ഡിന്റെ ചെലവാക്കൽ പരിധി ഉയര്‍ത്താനാവശ്യപ്പെടാം.  

സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍

സാധാരണ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ഒാണ്‍ലൈന്‍ പേയ്‌മെന്റ്, യൂട്ടിലിറ്റി ബില്ലുകള്‍, ഇ എം ഐ തുടങ്ങിയവയ്ക്ക് അക്കൗണ്ടില്‍ നിന്നും പണം കൃത്യമായ തീയതികളില്‍ വസൂലാക്കാന്‍ സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ നല്‍കാറുണ്ട്. ആവശ്യമില്ലാത്ത കാര്‍ഡുകള്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പായി ഇത്തരം നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം. ഇത് ബോധ്യപ്പെടുന്നതിന് വേണ്ടി ക്ലോഷന്‍ റിക്വസ്റ്റി്‌ന് ശേഷം ഒരു മാസം വരെ താമസിക്കുന്നത് നല്ലതായിരിക്കും.

ബാധ്യതകള്‍ എല്ലാം തീര്‍ക്കുക

ബാധ്യതകള്‍ ബാക്കിയായ കാര്‍ഡ് ഒരിക്കലും ക്ലോസ് ചെയ്യാനാവില്ല. അതുകൊണ്ട് അവസാനിപ്പിക്കുന്നതിന് മുമ്പായി കാര്‍ഡില്‍ നിലിവിലുണ്ടായിരുന്ന ബാധ്യതകളെല്ലാം തീര്‍ത്തുവെന്ന് ഉറപ്പു വരുത്തുക. ഇത്തരത്തിലുള്ള ചാര്‍ജുകള്‍ നിങ്ങള്‍ക്ക് തന്നെ വിനയാകും. കാരണം ഇതിന് പിന്നീട് വലിയ പിഴയും അതിന് പലിശയും ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കാറുണ്ട്. ഇത് വലിയ മനക്ലേശത്തിലാകും കലാശിക്കുക.

ഒഴിവാക്കാനായി പുതിയ കാര്‍ഡുകളെ പരിഗണിക്കുക

പഴയ കാര്‍ഡുടമകളാണെങ്കില്‍ ബാങ്കുകള്‍ വായ്പയുടെ കാര്യത്തിലും പലിശയുടെ കാര്യത്തിലും അയഞ്ഞ സമീപനം സ്വീകരിക്കാറുണ്ട്. വര്‍ഷങ്ങളായി അടുത്തറിയുന്ന ഇടപാടുകാരനിലുള്ള വിശ്വാസ്യതയാണ് ഇവിടെ അനുകൂല ഘടകം. ഇത് ക്രെഡിറ്റ് സ്‌കോറിനെയും സ്വാധീനിക്കും. മികച്ച വായ്പകള്‍ പലപ്പോഴും പഴയ കാര്‍ഡുടമകള്‍ക്ക് നല്‍കാനായിരിക്കും ബാങ്കുകള്‍ താത്പര്യപ്പെടുക. ക്രെഡിറ്റ് സ്‌കോറിന്റെ കാര്യത്തിലും പലിശയടക്കമുള്ള മറ്റ് പരിഗണനകളിലും പഴയ ക്രെഡിറ്റ് കാര്‍ഡ് നിലനിര്‍ത്തുന്നതാണ് നല്ലത്. ഒഴിവാക്കുമ്പോള്‍ അതുകൊണ്ട് ഏറ്റവും പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പരിഗണിക്കുക.
ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ബാങ്കുകളുമായി ബന്ധപ്പെട്ട് ക്ലോഷര്‍ നടപടികള്‍ക്ക് റിക്വസ്റ്റ് ചെയ്യാം. എന്നാല്‍ തുടര്‍ച്ചയായി ഇതിനെ പിന്തുടര്‍ന്ന് നടപടി പൂര്‍ത്തിയായി എന്നുറപ്പ് വരുത്തേണ്ടതും രേഖ വാങ്ങി സൂക്ഷിക്കേണ്ടതും കാര്‍ഡുടമയുടെ ബാധ്യതയാണ്. പിന്നീട് ഏതെങ്കിലും വിധത്തിലുള്ള നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ ഇത് ഉപകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com