ഡെബിറ്റ് കാര്‍ഡുകളിലെ അപകട ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാന്‍ എത്ര പര്‍ച്ചേസ് നടത്തണം?

HIGHLIGHTS
  • അപ്രതീക്ഷിതമായുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് കൂടുംബത്തിന് കൈത്താങ്ങാകും
atm-2 845
SHARE

സാമ്പത്തിക ഇടപാടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ വിരളമാണ്. ഏതൊരു അക്കൗണ്ട് ഹോള്‍ഡറും പണം പിന്‍വലിക്കുന്നതിനും അത്യാവശ്യം പര്‍ച്ചേസിനും ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടാകും. എന്നാല്‍ സാമ്പത്തിക ഇടപാടുകളെ കൂടാതെ മറ്റ് ചില നേട്ടങ്ങളും ഡെബിറ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20,00,000 രൂപ വരെയുള്ള ആക്‌സിഡന്റ്് ബനിഫിറ്റ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഏതാണ്ടെല്ലാ ബാങ്കിന്റെയും ഒട്ടു മിക്ക ഡെബിറ്റ് കാര്‍ഡുകളിലും ഈ അധിക ആനുകൂല്യം ചേര്‍ത്തിട്ടുണ്ടാകും. അപ്രതീക്ഷിതമായുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് കൂടുംബത്തിന് ഒരു കൈത്താങ്ങായേക്കാവുന്ന ഇതിന്റെ പരിരക്ഷ ലഭിക്കുവാന്‍ കാര്‍ഡുടമ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

20,00,000 വരെ കവറേജ്

എല്ലാ ബാങ്കുകളും ഉപഭോക്താക്കളുടെ ഇടപാടുശേഷിയും മറ്റ് ഘടകങ്ങളും പരിഗണിച്ച് വ്യത്യസ്തങ്ങളായ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാറുണ്ട്. ഇതിനെല്ലാം പേഴ്‌സണല്‍ ആക്‌സിഡന്റ് കവറേജുകള്‍ വ്യത്യസ്തമാണ്. അര ലക്ഷം മുതല്‍ 20 ലക്ഷം വരെയുള്ള ബനിഫിറ്റുകളാണ് വിവിധ കാര്‍ഡുകള്‍ക്കുള്ളത്. എയര്‍ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സ് കവറേജ് തുക പല കാര്‍ഡുകള്‍ക്കും ഒരു കോടി വരെയാണ്. പൊതുമേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും തുകയുടെ കാര്യത്തില്‍ ഏറെ വ്യത്യസ്തതയുണ്ട്.

കാര്‍ഡുകളില്‍ പര്‍ച്ചേസ് നടത്തണം

കേവലം എടിഎം പണമിടപാട് മാത്രം നടത്താനാണ് നിങ്ങളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതെങ്കില്‍ മേല്‍പറഞ്ഞ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. അതിന് കാര്‍ഡുകളില്‍ പര്‍ച്ചേസ് നടന്നിരിക്കണം. പല ബാങ്കുകളുടേയും പര്‍ച്ചേസ് കാലാവധി വ്യത്യസ്തമാണ്. സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി  ഡെബിറ്റ് കാര്‍ഡിന് ഈ ആനുകൂല്യം നല്‍കണമെങ്കില്‍ ക്ലെയിം ചെയ്യുന്ന സംഭവമുണ്ടാകുന്നതിന് പരമാവധി 30 ദിവസം മുമ്പെങ്കിലും ഇതേ കാര്‍ഡില്‍ പര്‍ച്ചേസ് നടന്നിരിക്കണം. കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തി 30 ദിവസം പിന്നിടുമ്പോഴാണ് അപകടമെങ്കില്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ലെന്നര്‍ഥം.
എസ് ബി ഐ യ്ക്ക് ഇത് 90 ദിവസം വരെയാകാം. ഐ സി ഐ സി ബാങ്കിന് 30 ദിവസം തന്നെയാണ്. പക്ഷെ 499 രൂപയുടെ എങ്കിലും പര്‍ച്ചേസ് കാര്‍ഡുപയോഗിച്ച് നടത്തിയിരിക്കണം. വിവിധ ബാങ്കുകള്‍ക്ക് അപകടമുണ്ടായി റിപ്പോര്‍ട്ട് ചെയ്യേണ്ട ദിവസങ്ങളുടെ കാര്യത്തിലും വ്യത്യാസമുണ്ട്. സാധാരണ അത്യാഹിതമുണ്ടായി 30- 60 ദിവസത്തിനകം നോമിനി ബാങ്കില്‍ അപേക്ഷ നല്‍കണം.

എടിഎം ഇടപാട് പരിഗണിക്കില്ല

സാധാരണ നല്ലൊരു ശതമാനം ആളുകളും എടിഎം ല്‍ നിന്ന് പണം പിന്‍വലിക്കാനാകും ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുക. എന്നാല്‍ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സ് പരിഗണിക്കുമ്പോള്‍ ഇത് സാമ്പത്തിക ഇടപാടായി കണക്കാക്കില്ല. പകരം ഓണ്‍ലൈന്‍ പേയ്‌മെന്റ് ,പോയിന്റ് ഓഫ് സെയില്‍ മെഷിനിലൂടെ നടത്തുന്ന പര്‍ച്ചേസ്, ബില്‍ പേയ്‌മെന്റ് ഇവയിലൊന്നാണ് നടത്തേണ്ടത്. മിനിമം 500 രൂപയുടെ ഇടപാടെങ്കിലും ഉണ്ടാകുന്നതാണ് നല്ലത്.

ആനുകൂല്യം എപ്പോഴും ലഭിക്കും

മാസങ്ങളോളം കാര്‍ഡ് സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിച്ചില്ലെങ്കിലും ഇവിടെ പ്രശ്‌നമല്ല. അപകടമുണ്ടാകുന്നതിന്  30-90(ഒരോ ബാങ്കിന്റെ ചട്ടമനുസരിച്ച്) ദിവസം മുമ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ബാങ്ക് പരിഗണക്കുക.
ആത്മഹത്യ, ആല്‍ക്കഹോള്‍ മറ്റ് ലഹരി ഉത്പന്നങ്ങള്‍ എന്നിവയുടെ സ്വാധീനം കൊണ്ടുണ്ടാകുന്ന മരണങ്ങള്‍, സ്വാഭാവിക മരണം എന്നിവയ്‌ക്കൊന്നും ഇത് ബാധകമല്ല. അത്യഹിതം സംഭവിച്ചാല്‍ ബന്ധപ്പെട്ട രേഖകള്‍ എല്ലാം സഹിതം നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ കാര്‍ഡുടമയുടെ നോമിനി ആണ് അപേക്ഷ നല്‍കേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA