അടച്ചിടലിന്റെ ആഘാതം കുറയ്ക്കാന്‍ അടിയന്തിര വായ്പകളുമായി ബാങ്കുകള്‍

HIGHLIGHTS
  • വ്യക്തിഗതവായ്പകൾ മുതൽ ബിസിനസ് വായ്പകൾ വരെ
money%20845
SHARE

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ രാജ്യത്തുടനീളം 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പണലഭ്യത സംബന്ധിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് പൊതുമേഖലാ ബാങ്കുകള്‍. വ്യക്തിഗത ഇടപാടുകാര്‍ മുതല്‍ വന്‍കിട കമ്പനികള്‍ വരെയുള്ള എല്ലാത്തരം ഉപഭോക്താക്കള്‍ക്കും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പ്രത്യേക അടിയന്തിര  വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് വിവിധ ബാങ്കുകള്‍.

പ്രതിസന്ധി രൂക്ഷം

എസ്ബിഐ,  ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യൂക്കോ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങി വിവിധ  പൊതുമേഖല ബാങ്കുകള്‍  ഉപഭോക്താക്കള്‍ക്കായി  പ്രത്യേക അടിയന്തിര  വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. വ്യക്തിഗത ഇടപാടുകാര്‍ക്കും  ബിസിനസ്സുകാര്‍ക്കും പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള വായ്പ ഉത്പന്നങ്ങളാണ് നിലവില്‍ ലഭ്യമാക്കുന്നത്. നിലവിലെ പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളെ ബാധിച്ചു തുടങ്ങിയ പശ്ചാത്തലത്തില്‍ ആണ് ബാങ്കുകളുടെ ഈ നീക്കം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്കായി ആദ്യം അടിയന്തിര വായ്പ പ്രഖ്യാപിച്ചത്. എസ്ബിഐയുടെ കൊവിഡ് 19 വായ്പ 2020 ജൂണ്‍ 20 വരെ ലഭ്യമാകും. എസ്ബിഐ കൊവിഡ് വായ്പയുടെ പലിശ നിരക്ക് 7.25 ശതമാനം ആയിരിക്കും.വായ്പകള്‍ക്ക് പരമാവധി 6 മാസത്തെ മൊറട്ടോറിയം ഉണ്ടായിരിക്കും.

ഇന്ത്യന്‍ ബാങ്ക്

ശമ്പള വരുമാനക്കാര്‍, പെന്‍ഷനേഴ്‌സ് മുതല്‍ ഇടത്തരം–വന്‍കിട കമ്പനികള്‍ വരെയുള്ള  എല്ലാത്തരം ഉപഭോക്താക്കള്‍ക്കും വേണ്ടി അഞ്ച് പ്രത്യേക കൊവിഡ് അടിയന്തിര വായ്പകളാണ് ഇന്ത്യന്‍ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വനിത ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വായ്പ പദ്ധതിയും ഇതില്‍ ഉള്‍പ്പെടും.  സാഹചര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലേക്ക് എത്തുന്നത് വരെ വായ്പ തിരിച്ചടവിന് സാവകാശം ലഭിക്കും. പലിശ ഇളവും ലഭ്യമാകും.
യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ബിസിനസുകള്‍ക്ക് വേണ്ടി പലിശ ഇളവോടെ കൊവിഡ് അടിയന്തിര വായ്പ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഭവന വായ്പ ഉള്ളവര്‍ക്കും അടിയന്തിര വായ്പകള്‍ അനുവദിക്കുമെന്ന് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞു.

എസ്ബിഐ വായ്പ, നിക്ഷേപ നിരക്കുകള്‍ കുറച്ചു

ആര്‍ബിഐ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തിയതിന്റെ തൊട്ടു പിന്നാലെ  രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ, നിക്ഷേപ നിരക്കുകളില്‍ കുറവ് വരുത്തി. കോവിഡ് പ്രതിസന്ധി നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ആര്‍ബിഐ റിപ്പോ നിരക്കില്‍ 75 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയത്. ഇതിന്റെ ചുവട് പിടിച്ച് എസ്ബിഐയും വായ്പ നിരക്കുകളില്‍ 75 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയിരിക്കുകയാണ്. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ബന്ധിത വായ്പ നിരക്കിലും ( ഇബിആര്‍) റിപ്പോ ബന്ധിത വായ്പ നിരക്കിലും  (ആര്‍എല്‍എല്‍ആര്‍) കുറവ് പ്രകടമാകും. ഇതോടെ ഇബിആര്‍ 7.80 ശതമാനത്തില്‍ നിന്നും 7.05 ശതമാനമായും ആര്‍എല്‍എല്‍ആര്‍ 7.40 ശതമാനത്തില്‍ നിന്നും 6.65 ശതമാനമായും കുറയും.

നിക്ഷേപ നിരക്കില്‍ അരശതമാനത്തോളം കുറവ്

വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കില്‍ 20-50 ബേസിസ് പോയിന്റിന്റെ കുറവാണ് എസ്ബിഐ വരുത്തിയിരിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് എസ്ബിഐ നിരക്കുകളില്‍ കുറവ് വരുത്തുന്നത്.
നിരക്കുകള്‍ പുതുക്കിയതോടെ 7 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.5 ശതമാനവും 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.5 ശതമാനവും 180 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5 ശതമാനവും ആയി. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് 5.7 ശതമാനം ആയിരിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക്  എല്ലാ കാലാവധികളിലും ഉള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്  ലഭ്യമാകുന്ന  പലിശ നിരക്ക് 50 ബേസിസ് പോയിന്റ് അധികമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA