ADVERTISEMENT

കൊറോണ വ്യക്തികളുടെ സാമ്പത്തിക സ്ഥിതിയിലേല്‍പ്പിച്ച മാരകമായ ബാധ്യത ലഘൂകരിക്കാന്‍ ആര്‍ ബി ഐ  പ്രഖ്യാപിച്ച 'ഇ എം ഐ ഹോളിഡേ' ഏറെ പ്രതീക്ഷയോടെയാണ് വായ്പ എടുത്തവര്‍ നോക്കിക്കാണുന്നത്. എന്നാല്‍ വ്യത്യസ്ത ബാങ്കുകളില്‍ നിന്ന്് വിവിധ വായ്പകളെടുത്തവര്‍ക്ക് ഇത് ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. ഏതേത് വായ്പകള്‍ക്കാണ് ആനുകൂല്യം? പലിശ ആനൂകുല്യം ലഭിക്കുമോ? എല്ലാ സ്ഥാപനങ്ങളിലും ഇത് ലഭ്യമാണോ? എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളുണ്ട്. എന്തൊക്കെയാണ് ആര്‍ ബി ഐ നിര്‍ദേശത്തിലുള്ളത്?

മൊറട്ടോറിയം എന്നു മുതല്‍

കാലാവധി വായ്പകളുടെ മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31 വരെയുള്ള കാലത്തെ മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകള്‍ക്കാണ് മൊറോട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പയുടെ പ്രിന്‍സിപ്പല്‍, പലിശ,ബുള്ളറ്റ് റിപേയ്‌മെന്റ്, തുല്യമായ മാസതവണകള്‍, ക്രെഡിറ്റ് കാര്‍ഡ് ഡ്യൂ എന്നിവയ്ക്കായിരിക്കും മൊറോട്ടോറിയം ബാധകം.

ക്രെഡിറ്റ് സ്‌കോര്‍

ആര്‍ബി ഐ പ്രഖ്യാപിച്ച ഈ ആനുകൂല്യം ഉപയോഗിക്കുന്നതുകൊണ്ട് വായ്പ എടുത്തയാളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. തന്നെയുമല്ല ഇത് ലോണിന്റെ റിസ്‌ക് ക്ലാസിഫിക്കേഷനെയും ബാധിക്കില്ല. അതായത് സാധാരണ നിലയില്‍ മൂന്ന് ഇ എം ഐ മുടങ്ങിയാല്‍ അത്തരം അക്കൗണ്ടുകള്‍ എന്‍ പി എ -നിഷ്‌ക്രിയ ആസ്തി ആക്കി ബാങ്കുകള്‍ മാറ്റാറുണ്ട്. ഇവിടെ അത്തരത്തിലുളള ഒന്നും ഉണ്ടാകില്ല.

മൊറട്ടോറിയം കാലാവധിയിലെ പലിശ

ഈ ആനുകൂല്യം ആഗ്രഹിക്കുന്ന എല്ലാ കടക്കാരുടെയും ആശങ്കയായിരിക്കും പലിശ നിരക്ക് സംബന്ധിച്ചുള്ളത്. ഇക്കാലയളവിലെ പലിശ തട്ടിക്കിഴിക്കുമോ? നിലവിലെ സര്‍ക്കുലര്‍ അനുസരിച്ച് ബാക്കി നില്‍ക്കുന്ന തുകയുടെ പലിശ സാധാരണ പോലെ ഇക്കാലയളവിലും മുതലിലേക്ക് കൂടിച്ചേരും.എന്നാല്‍ ഇവിടെ മൂന്ന് മാസക്കാലയളവിന് ശേഷം ഇക്കാലത്തെ പലിശ പിന്നീടുള്ള മാസം അടയ്‌ക്കേണ്ടി വരുമോ എന്ന് വ്യക്തമല്ല. സാധാരണ നിലയില്‍ ഇത്തരം മൊറട്ടോറിയം കാലത്ത് സാധരണ പലിശ ഈടാക്കാറുണ്ട്.

എവിടുത്തെ വായ്പകള്‍ക്ക്

എല്ലാ ബാങ്ക് വായ്പകള്‍ക്കും ഇത് ബാധകമാണ്. വാണിജ്യ ബാങ്കുള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നെടുത്തിട്ടുള്ള എല്ലാത്തരം വായ്പകള്‍ക്കും ആനുകൂല്യം ബാധകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com