ADVERTISEMENT

ഫ്‌ളൈറ്റ് റദ്ദാക്കിയതിനാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കുന്നുണ്ടെന്നും അതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വേണമെന്നും പറഞ്ഞുള്ള ഫോണ്‍ വിളികള്‍ നിങ്ങള്‍ക്കും കിട്ടിയോ? തട്ടിപ്പുകാര്‍ക്ക് കൊറോണയെന്നോ പ്രകൃതി ദുരന്തമെന്നോ ഒന്നുമില്ലല്ലോ. ഈ മഹാമാരിക്കാലത്ത് പുതിയ തട്ടിപ്പുകളുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് സൂചനകള്‍. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ പണം ആരെങ്കിലും തട്ടിക്കൊണ്ടു പോകാതിരിക്കുവാന്‍ ജാഗ്രത തന്നെയാണ് ഇവിടേയും ആവശ്യം. ട്രാവല്‍ കമ്പനിയില്‍ നിന്നോ വിമാന കമ്പനിയില്‍ നിന്നോ ഹോട്ടലിലില്‍ നിന്നോ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നോ എവിടെ നിന്നാണെന്നും അവര്‍ അവകാശപ്പെട്ടു കൊള്ളട്ടെ. അങ്ങനെ വിളിക്കുന്നവര്‍ക്ക് നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ പങ്കു വെക്കരുത് എന്നതാണ് കരുതലിന്റെ ആദ്യ പാഠം.

വളഞ്ഞ വഴി ഏറെ

പണമിടപാടു സംബന്ധിച്ച വിവരങ്ങള്‍, ഒടിപി, യുപിഐ പിന്‍, വോലെറ്റ് വിവരങ്ങള്‍ എന്നിവയാണ് തികച്ചും രഹസ്യമായി സൂക്ഷിക്കേണ്ടത്. മറ്റു ബാങ്ക് വിവരങ്ങളും നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുമൊന്നും ഫോണിലൂടേയോ മെയിലിലൂടേയോ കൈമാറരുത്.
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 14 വരെയുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണല്ലോ. അതുകൊണ്ട് വിവിധ ഓണ്‍ലൈന്‍ സൈറ്റുകളുടെ പ്രതിനിധികള്‍ എന്ന പേരിലാണ് ചില ഫോണ്‍ വിളികള്‍ എത്തുക. ടിക്കറ്റ് റദ്ദാക്കാനോ തീയ്യതി മാറ്റാനോ എല്ലാം ആവശ്യമായ വിവരങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഇവര്‍ ബാങ്ക് വിവരങ്ങള്‍ ചോദിക്കുക. ഇത് ഒരിക്കലും പ്രോല്‍സാഹിപ്പിക്കുകയോ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുത്. ഇങ്ങനെ വിളിക്കുന്നവര്‍ ഒടിപി, അല്ലെങ്കില്‍ യുപിഐ പിന്‍ പറഞ്ഞു തരാനായിരിക്കില്ല ആവശ്യപ്പെടുന്നത്. മറ്റു ചില കാര്യങ്ങള്‍ പറഞ്ഞ ശേഷം നിങ്ങളുടെ ഫോണിലേക്ക് ഒരു മെസേജ് അയച്ചിട്ടുണ്ടെന്നും മറ്റുമുള്ള വളഞ്ഞ വഴിയിലൂടെ ആയിരിക്കും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക.

അക്കൗണ്ട് ക്ലീനാകാൻ മിനിറ്റുകൾ

ചിലപ്പോള്‍ പല നമ്പറുകളില്‍ നിന്നു വ്യത്യസ്ത വിവരങ്ങള്‍ ചോദിച്ചു മനസിലാക്കുകയും ചെയ്യും. ഒരു നമ്പറിൽ നിന്ന് നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിക്കുകയും അടുത്ത കോളില്‍ സിവിവിയോ പിന്നോ ചോദിക്കുകയും ചെയ്യും. നിങ്ങളൊരു ശുദ്ധഗതിക്കാരനാണെങ്കില്‍ അറിയാതെ എല്ലാം പറഞ്ഞു കൊടുത്തേക്കാനും മതി. അങ്ങനെ സംഭവിച്ചാല്‍ അക്കൗണ്ടിലുള്ള പണം പൂര്‍ണമായി നഷ്ടപ്പെടാന്‍ മിനിറ്റുകളോ മണിക്കൂറുകളോ മാത്രം മതിയാകും. ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ അതിന്റെ പരാതി നല്‍കാന്‍ പോലും നിങ്ങള്‍ക്കു പുറത്തു പോകാനാവില്ലല്ലോ. എന്തായാലും കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ വിവിധ സ്ഥാപനങ്ങള്‍ ടിക്കറ്റുകള്‍ റദ്ദാക്കുന്നതു സംബന്ധിച്ച വിശദ വിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികളാണ് നിങ്ങള്‍ കൈക്കൊള്ളേണ്ടത്.

വിമാന ടിക്കറ്റുകള്‍ റദ്ദാക്കാന്‍ എന്തു ചെയ്യണം?

ഇന്ത്യയിലേക്ക് ഏപ്രില്‍ 14 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുള്ളതിനാല്‍ അതിന്റെ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുന്ന നയമാണ് മിക്കവാറും എല്ലാ വിമാന കമ്പനികളും സ്വീകരിച്ചിട്ടുള്ളത്. ഇങ്ങനെ മുഴുവന്‍ തുകയും തിരികെ കിട്ടാനായി അതാതു വിമാന കമ്പനികളുടെ വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ ട്രാവല്‍ ആപ്പുകളും ഇതിനായുള്ള ലിങ്ക് നല്‍കുന്നുണ്ട്. ഏപ്രില്‍ 15നു ശേഷമുള്ള വിമാനങ്ങളിലെ ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കുമെന്നാണ് ചില കമ്പനികള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതിന് അപേക്ഷിക്കുവാനും വൈബ് സൈറ്റില്‍ സംവിധാനമുണ്ട്. മെയ് വരെയുള്ള ടിക്കറ്റുകള്‍ മറ്റു ദിവസങ്ങളിലേക്കു മാറ്റുവാന്‍ ടിക്കറ്റ് നിരക്കിലെ വ്യത്യാസം മാത്രം ഈടാക്കുന്ന  രീതിയും ഇപ്പോള്‍ പല കമ്പനികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകള്‍ റദ്ദാക്കുകയും ബുക്കിങ് ഓപണ്‍ ആയി നിലനിര്‍ത്തി പിന്നീട് ടിക്കറ്റെടുക്കുകയും ചെയ്യാവുന്ന സംവിധാനം എയര്‍ ഇന്ത്യ അടക്കമുള്ള എയര്‍ലൈനുകള്‍ അവതരിപ്പിക്കുന്നുണ്ട്.
 
ട്രെയിന്‍ ടിക്കറ്റ് എന്തു ചെയ്യണം?

റദ്ദാക്കിയ ട്രെയിനുകളുടെ ടിക്കറ്റുകള്‍ മുഴുവനായി ഫണ്ടു ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇതിനു വേണ്ടിയും ആരും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കില്ലെന്ന് അറിയുക. ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്ക് സൈറ്റോ ആപ്പോ വഴിയും അല്ലാത്തവര്‍ക്കു പതിവു രീതികളിലും പണം തിരികെ വാങ്ങാം. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഇതിനായി പുറത്തിറക്കിയിരിക്കുന്ന അറിയിപ്പുകളും ശ്രദ്ധിക്കണം. എന്തൊക്കെ തന്നെയായാലും ബാങ്ക് വിവരങ്ങള്‍ ആര്‍ക്കും ഫോണിലൂടെ നല്‍കേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com