ADVERTISEMENT

ഇന്ന് പൊതുമേഖലാ ബാങ്കുകളുടെ ലയനം പ്രാബല്യത്തില്‍ വരും . ഇതോടെ പത്ത്‌ പൊതുമേഖലാ ബാങ്കുകള്‍ ലയിച്ച്‌ നാല്‌ ബാങ്കുകളായി മാറും .ഇതനുസരിച്ച് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും പഞ്ചാബ് നാഷണൽ ബാങ്കിലേക്കാണ് ലയിക്കുന്നത്.  വിജയ,ദേനാ ബാങ്കുകള്‍ ബാങ്ക് ഓഫ് ബറോഡയിലേക്കും, സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിലേക്കും, ആന്ധ്ര, കോര്‍പ്പറേഷന്‍ ബാങ്കുകള്‍ യൂണിയന്‍ ബാങ്കിലേക്കും  ഇന്ത്യന്‍ ബാങ്ക് അലഹബാദ് ബാങ്കിലേയ്ക്കുമാണ് ലയിപ്പിക്കുന്നത്. ബാങ്കുകള്‍ തമ്മില്‍ ലയനം നടക്കുമ്പോള്‍ അതിന്റെ ഉപഭോക്‌താക്കളില്‍ ആശങ്ക ഉണ്ടാവുക സ്വാഭാവികമാണ്‌. എന്നാല്‍ ഇത്തരം സാഹചര്യങ്ങളുടെ പരിണിത ഫലങ്ങള്‍ ഉപഭോക്താക്കളെ പരമാവധി ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എപ്പോഴും ബാങ്കുകള്‍ എടുക്കാറുണ്ട്‌. അതിനാല്‍ ലയനത്തോടെ അപ്രത്യക്ഷമാകുന്ന ബാങ്കുകളിലെ ഉപഭോക്‌താക്കള്‍ ആശങ്കപെടേണ്ടതില്ല. നിങ്ങളുടെ പണം സുരക്ഷിതമായിരിക്കുമെന്ന് ബാങ്കുകൾ അറിയിക്കുന്നു.

ലയന ശേഷം സംഭവിക്കുന്ന മാറ്റങ്ങള്‍

∙ലയന ശേഷം ഉപഭോക്താക്കളുടെ സേവിങ്‌സ്‌/ കറന്റ്‌ അക്കൗണ്ടുകള്‍, ലോക്കര്‍ സൗകര്യങ്ങള്‍, സ്ഥിര നിക്ഷേപങ്ങള്‍, വായ്‌പ അക്കൗണ്ടുകള്‍ എന്നിവ പുതിയ ബാങ്കിന്റെ ഭാഗമാകും . ലയനത്തിന്‌ ബോര്‍ഡ്‌ അനുമതി നല്‍കുമ്പോള്‍ തന്നെ ഇത്‌ സംബന്ധിച്ചുള്ള അറിയിപ്പ്‌ ഉപഭോക്താക്കള്‍ക്ക്‌ ബാങ്കുകള്‍ നല്‍കാറുണ്ട്‌.

∙ലയന ശേഷം ഉപഭോക്താക്കളുടെ അക്കൗണ്ട്‌ നമ്പറില്‍ മാറ്റം ഉണ്ടായേക്കില്ല. അതേസമയം ഐഎഫ്‌എസ്‌സിയില്‍ മാറ്റം വരും. ഒന്നിലേറെ ബാങ്കുകളില്‍ പ്രത്യേകിച്ച്‌ ലയിച്ച ബാങ്കുകളില്‍, അക്കൗണ്ടുള്ളവര്‍ക്ക്‌ രണ്ട്‌ അക്കൗണ്ടുകള്‍ക്കും കൂടി ഒരൊറ്റ കസ്റ്റമര്‍ ഐഡിയായിരിക്കും നല്‍കുക.

∙ഉപഭോക്താക്കള്‍ വീണ്ടും കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതില്ല. അതേസമയം നിങ്ങളുടെ ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയ വിവരങ്ങളെല്ലാം അപ്‌ഡേറ്റ്‌ ചെയ്‌തിട്ടുണ്ടോയെന്ന്‌ ഉറപ്പ്‌ വരുത്തണം. അക്കൗണ്ട്‌ വിശദാംശങ്ങളുമായി ബന്ധപ്പെട്ട്‌ പുതിയ ബാങ്കും നിങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന്‍ ഇത്‌ സഹായിക്കും.

∙ലയന ശേഷം ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ സംവിധാനത്തില്‍ മാറ്റം ഉണ്ടായേക്കാം. തുടര്‍ന്നും ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ സൗകര്യം ഉപയോഗിക്കുന്നതിന്‌ ചിലപ്പോള്‍ പുതിയ ബാങ്കിന്റെ പോര്‍ട്ടലിലേക്ക്‌ മാറേണ്ടി വരും. ഓണ്‍ലൈന്‍ ബാങ്കിങുമായി ബന്ധപ്പട്ട കൂടുതല്‍ വിശദാംശങ്ങള്‍ക്ക്‌ ബാങ്കുമായി ബന്ധപ്പെടുക.

∙പുതിയ ബാങ്ക്‌ പ്രഖ്യാപിക്കുന്നത്‌ വരെ നിലവിലുള്ള ഡെബിറ്റ്‌, ക്രഡിറ്റ്‌ കാര്‍ഡുകള്‍ക്ക്‌ സാധുത ഉണ്ടായിരിക്കും. ലയനശേഷം ബാങ്ക്‌ പുതിയ കാര്‍ഡുകള്‍ ഇഷ്യു ചെയ്യും. ചെക്‌ ബുക്കും ലഭിക്കും.

ലയന ശേഷം ഉപഭോക്താക്കള്‍ ചെയ്യേണ്ടത്‌

പുതിയ അക്കൗണ്ട്‌ നമ്പര്‍, കസ്റ്റമര്‍ ഐഡി, ഐഎഫ്‌എസ്‌സി കോഡ്‌ എന്നിവ കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ മറ്റ്‌ ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥാപനങ്ങളില്‍ നല്‍കിയിട്ടുള്ള ഈ വിവരങ്ങള്‍ പുതുക്കി നല്‍കുക. ആദായ നികുതി വകുപ്പ്‌, ഇന്‍ഷൂറന്‍സ്‌ കമ്പനി, മ്യൂച്വല്‍ ഫണ്ട്‌ എന്നിവിടങ്ങിലെല്ലാം പുതിയ ബാങ്കിന്റെ വിശദാംശങ്ങള്‍ പുതുക്കി നല്‍കണം.

∙കൂടാതെ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപങ്ങള്‍ക്കും വായ്‌പകളുടെ ഇഎംഐയ്‌ക്കും വേണ്ടി പുതിയ അക്കൗണ്ടില്‍ നിന്നും മാസം തോറും നിശ്ചിത തുക ഓട്ടോ-ഡെബിറ്റ്‌ ചെയ്യുന്നതിന്‌ പുതിയ ഫോം സമര്‍പ്പിക്കണം .

∙ലയനശേഷം നിക്ഷേപ പലിശ, വിവിധ ചാര്‍ജുകള്‍, പിഴ , സൗജന്യ സേവനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പുതിയ ബാങ്കിന്റെ നിബന്ധനകള്‍ മനസിലാക്കുക. ഇതെല്ലാം പഴയ ബാങ്കിന്റേതിന്‌ സമാനമാകണം എന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com