ലോക്ഡൗൺ നാളുകളിൽ ബാങ്കിൽ പോകാൻ സാധിക്കാത്തവരെ തേടി ബാങ്ക് വീട്ടിലേക്കെത്തുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇടപാടുകാർക്ക് സേവനമെത്തിക്കുന്നതിനായി അവരുടെ വീട്ടുപടിക്കലേക്കെത്തുന്നത്. ബാങ്കിന്റെ തെരഞ്ഞെടുത്ത ശാഖകൾ വഴി മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമാണ് ഇപ്പോൾ ഈ സേവനം ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ ബാങ്കിന്റെ വടക്കു കിഴക്കൻ ഇന്ത്യയിലുള്ള ശാഖകളിൽ ഇതാരംഭിച്ചുകഴിഞ്ഞു. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടു പടിക്കല്‍ ബാങ്കിങ് സേവനമെത്തിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു. പെയ്‌മെന്റ് ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും അടക്കം എല്ലാ ബാങ്കുകള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ഏതെല്ലാം ശാഖകളിലാണു ലഭ്യമാക്കുന്നതെന്നത് സംബന്ധിച്ച് തീരുമാനം കൈകൊള്ളുന്നതേയുള്ളുവെന്ന് എസ്ബിഐയുടെ വക്താവ് അറിയിച്ചു.ബാങ്കിന്റെ 1800111103 എന്ന ടോൾഫ്രീനമ്പറിലേക്ക് രാവിലെ 9 മണിക്കും 4മണിക്കുമിടയ്ക്ക് വിളിച്ചാൽ ആവശ്യമായ വേരിഫിക്കേഷനൊക്കെ നടത്തിയ ശേഷം ബാങ്കിന്റെ പ്രതിനിധി സേവനമെത്തിക്കും. താമസിക്കുന്നതിന്റെ 5 കിലോമീറ്റർ ചുറ്റളവിനുള്ളിൽ മാതൃശാഖയുണ്ടാകണമെന്നുണ്ട്. പണം പിൻവലിക്കുന്നതിന് 100 രൂപയാണ് സർവീസ് ചാർജ്.നിക്ഷേപത്തിനായുളള പണവും മറ്റ് രേഖകളും സ്വീകരിക്കല്‍, അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കുന്ന പണം നല്‍കല്‍, ഡിമാന്റ് ഡ്രാഫ്റ്റ് വിതരണം ചെയ്യല്‍, കെവൈസി സമര്‍പ്പിക്കല്‍ തുടങ്ങിയവയായിരിക്കും വീട്ടു പടിക്കല്‍ എത്തിക്കുന്ന സേവനങ്ങളില്‍ മുഖ്യമായി ഉണ്ടാകുക. ഒരു ദിവസം 20,000 രൂപയുടെ ഇടപാട് എന്നു പരിധി വെച്ചിട്ടുണ്ട്. ഏപ്രില്‍ 30-ഓടെ കൂടുതൽ ബാങ്കുകൾ ഈ സേവനം എത്തിക്കാനുള്ള തയാറെടുപ്പിലാണ്
HIGHLIGHTS
- കൂടുതൽ ബാങ്കുകൾ ഈ സേവനം എത്തിക്കാനുള്ള തയാറെടുപ്പിലാണ്