കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി ഏവരും ഒത്തൊരുമിക്കുന്ന ലോക് ഡൗണ്‍ കാലത്ത് ബാങ്കുകളും തങ്ങളാലാകുന്ന സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ഏവരുടെയും ചുമതലയാണ്. ഇതോടൊപ്പം ചില സേവനങ്ങള്‍ സൗജന്യമായി നല്‍കിക്കൊണ്ട് ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് നമ്മുടെ ബാങ്കുകള്‍.
അത്യാവശ്യ സേവനങ്ങള്‍
നിലവിലുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയിലും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ബാങ്ക് ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹിക വ്യാപനം തടയുന്നതിന് സുരക്ഷിതത്വ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും രോഗബാധിതരോ, രോഗം സംശയിക്കുന്നവരോ ആയ ഇടപാടുകാര്‍ ബാങ്ക് ശാഖകളില്‍ പോകുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. പ്രധാനമായും മൂന്ന് അടിസ്ഥാന സേവനങ്ങള്‍ തുടരുന്നുണ്ട്. പണം അടയ്ക്കുന്നതിനും പിന്‍വലിക്കുന്നതിനുമുള്ള സൗകര്യം, ചെക്കുകളുടെ ക്ലിയറിംഗ്, പണം അയയ്ക്കുന്നതിനുള്ള സേവനങ്ങള്‍, സര്‍ക്കാര്‍ ഇടപാടുകള്‍ തുടങ്ങിയവയാണവ. പാസ് ബുക്കുകള്‍ പതിക്കുക തുടങ്ങിയ മാറ്റിവയ്ക്കാവുന്ന ഇടപാടുകള്‍ ഇപ്പോള്‍ നല്‍കുന്നില്ല.
ഡിജിറ്റല്‍ ഇടപാടുകള്‍ സൗജന്യമാക്കി
ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, ഇലക്ട്രോണിക് പണം അയയ്ക്കുന്ന സേവനങ്ങള്‍ എന്നിവ തികച്ചും സൗജന്യമാക്കിയിട്ടുണ്ട്. മൊബൈല്‍ വാലറ്റുകള്‍ ഉള്‍പ്പെടെ ചില്ലറ പണമിടപാടുകളെല്ലാം ഓരോബാങ്കിന്റെയും മൊബൈല്‍ ആപ്പുകളിലൂടെ സൗജന്യമായി നടത്താം. എന്‍.ഇ.എഫ്.ടി, ആര്.ടി.ജി.എസ്, ഐ.എം.പി.എസ്. തുടങ്ങിയ പണമയയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നില്ല. യു.പി.ഐ. പണമിടപാട് പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നതും സൗജന്യമാണ്. ഫോണ്‍ ബില്ലുകളും ഇലക്ട്രിസിറ്റി ബില്ലുകളും മറ്റും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ഫീസ് നല്‍കാതെ പണമടയ്ക്കാം.
എ.ടി.എം. ഇടപാടുകള്‍
അക്കൗണ്ടുള്ള ബാങ്കുകളുടെ എ.ടി.എമ്മുകളിലും മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളിലുമായി അഞ്ച് വീതം ഇടപാടുകളാണ് സൗജന്യമായി ഓരോ മാസവും അനുവദിച്ചിരുന്നത്. മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകള്‍ സൗജന്യമായി മാസം തോറും മൂന്ന് ഇടപാടുകള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അക്കൗണ്ടുള്ള ബാങ്കെന്നോ, മറ്റ് ബാങ്കുകളെന്നോ തരംതിരിവില്ലാതെ എല്ലാവിധ എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നത് മൂന്നു മാസത്തേയ്ക്ക് സൗജന്യമാക്കി. എ.ടി.എമ്മുകളിലൂടെ രോഗം പടരുന്നത് തടയുന്നതിനായുള്ള പ്രത്യേക ശുചിത്വ ക്രമീകരണങ്ങള്‍ എല്ലാ എ.ടി.എമ്മുകളിലും നടപ്പാക്കിയിട്ടുമുണ്ട്.
അടിയന്തര വായ്പകള്‍
നിലവിലുള്ള വായ്പാസൗകര്യങ്ങളുടെ 10% വരുന്ന തുക സൗജന്യ പലിശ നിരക്കില്‍ അടിയന്തര വായ്പയായി പല ബാങ്കുകളും അനുവദിക്കുന്നുണ്ട്. പെന്‍ഷന്‍കാര്‍, സ്ഥിരമായി അക്കൗണ്ടുകളിലൂടെ ശമ്പളം വാങ്ങുന്നവര്‍ തുടങ്ങിയവര്‍ക്ക് ഉദാര വ്യവസ്ഥകളില്‍ വായ്പ നല്‍കുന്നതിന് പല ബാങ്കുകളും മുന്നോട്ട് വന്നിട്ടുണ്ട്. അടിസ്ഥാന നിരക്കായ റിപ്പോ പലിശ നിരക്കില്‍ ¾ ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇതിന് അനുപാതമായി ചില ബാങ്കുകള്‍ വായ്പാ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. മറ്റ് ബാങ്കുകളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കാം.
മറ്റ് ഇളവുകള്‍
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ഏറ്റവും ചുരുങ്ങിയ തുക ബാക്കി നിര്‍ത്തിയില്ലെങ്കില്‍ മിക്ക ബാങ്കുകളും പിഴ ഈടാക്കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പല ബാങ്കുകളും സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ഇത്തരത്തില്‍ മിനിമം ബാലന്‍സ് ഉണ്ടായിരിക്കണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.
HIGHLIGHTS
- ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ബാങ്കുകളും