ADVERTISEMENT
കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട വായ്പ മൊറട്ടോറിയം എല്ലാവര്‍ക്കും ബാധകമാണെന്ന് ആര്‍ ബി ഐ. വായ്പ എടുത്തവര്‍ മൊറട്ടോറിയം സാധ്യത ഉപയോഗിച്ചാലും ഇല്ലെങ്കിലും ഇത് എല്ലാവര്‍ക്കും ബാധകമാണെന്ന് ആര്‍ ബി ഐ വ്യക്തമാക്കി. പല ബാങ്കുകളും ഇടപാടുകാര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെങ്കില്‍ 'ഓപ്ഷന്‍' ചോദിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര ബാങ്കിന്റെ വിശദീകരണം. മൂന്ന് മാസത്തെ വായ്പമുതലും പലിശയും അടയ്ക്കാതിരിക്കാനുള്ള സാധ്യത വിനിയോഗിക്കണമെങ്കില്‍ പ്രത്യേകമായി അറിയിച്ചിരിക്കണമെന്നാണ് പല ബാങ്കുകളും ഇടപാടുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സത്യത്തില്‍ ആര്‍ ബി ഐ നല്‍കിയ നിര്‍ദേശത്തിന് നേരെ എതിരാണിത്. ഈ ആനുകൂല്യം വേണ്ടാത്തവര്‍ മാത്രമാണ് ബാങ്കുകളെ അറിയിക്കേണ്ടത്. കാരണം ആര്‍ ബി ഐ നിര്‍ദേശത്തോടെ എല്ലാ വായ്പകളും മൊറട്ടോറിയത്തിന്റെ പരിധിയിലായിരുന്നു. ഇതാണ് ബാങ്കുകള്‍ സ്വന്തം നിലയ്ക്ക് പരിഷ്‌കരിച്ച് ഓപ്ഷന്‍ വേണമെന്ന രീതിയിലാക്കിയത്.
മാര്‍ച്ച് മൂതല്‍ മേയ് 31 വരെയുള്ള ഇ എം ഐ കള്‍ക്കാണ് കോവിഡ് പ്രതിസന്ധിയ്ക്ക് താത്കാലിക പരിഹാരം എന്ന നിലയില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ വായ്പ മുതലോ, പലിശയോ ബാങ്കുകള്‍ക്ക് ഇടപാടുകാരോട് ആവശ്യപ്പെടാനാവില്ല. വായ്പ തിരിച്ച് പിടിക്കല്‍ അടക്കമുള്ള ഒരു നടപടിയും പാടില്ല. വായ്പ മുടക്കത്തിന്റെ പേരില്‍ ക്രെഡിറ്റ് സ്‌കോറില്‍ കുറവ് വരുത്താനും പാടില്ല.
എന്നാല്‍ മൂന്ന് മാസം തുടര്‍ച്ചയായി വായ്പ തിരിച്ചടവു മുടങ്ങുന്നത് ബാങ്കുകള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. തിരിച്ചടവ് മുടങ്ങുമ്പോഴും നിക്ഷേപ പലിശ അടക്കമുള്ളവ ബാങ്കുകള്‍ കൊടുക്കുകയും വേണം. ഇത് പ്രതിസന്ധിയുടെ ആഘാതം ഇരട്ടിപ്പിക്കും. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ കഴിയുന്നതും മൊറട്ടോറിയം നിരുത്സാഹപ്പെടുത്തുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ആനുകൂല്യം വേണ്ടവര്‍ ഓപ്ഷന്‍ നല്‍കണമെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ പുറപ്പെടുവിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com