ADVERTISEMENT
കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ആശങ്കയുടെ പശ്ചാത്തലത്തില്‍ വിപണിയില്‍ ചാഞ്ചാട്ടം പ്രകടമായതോടെ രാജ്യത്തെ മ്യൂച്വല്‍ ഫണ്ട്‌ മേഖലയില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കല്‍ ശക്തമായി.മാര്‍ച്ചില്‍ മ്യൂച്വല്‍ ഫണ്ട്‌ മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 2.13 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആണ്‌ പിന്‍വലിച്ചത്‌. ഫെബ്രുവരിയില്‍ 1,985 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചിരുന്നു. ലിക്വിഡ്‌, മണി മാര്‍ക്കറ്റ്‌ വിഭാഗങ്ങളില്‍ നിന്നും നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിഞ്ഞതാണ്‌ പ്രധാന കാരണം.
നിക്ഷേപം പുറത്തേക്ക്‌ ഒഴുകാന്‍ തുടങ്ങിയതോടെ 44 മ്യൂച്വല്‍ ഫണ്ട്‌ കമ്പനികളും കൂടി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 22.26 ലക്ഷം കോടിയായി കുറഞ്ഞു. ഫെബ്രുവരിയില്‍ ഇത്‌ 27.23 ലക്ഷം കോടി രൂപയായിരുന്നു.
അതേസമയം മാര്‍ച്ചില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഈ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫിയുടെ നല്‍കുന്ന കണക്കുകള്‍ അനുസരിച്ച്‌ മാര്‍ച്ചില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ അറ്റ നിക്ഷേപം 11,485 കോടി രൂപയുടേതാണ്‌. ഓഹരി അനുബന്ധ ഓപ്പണ്‍ എന്‍ഡഡ്‌ സ്‌കീമുകളിലേക്ക്‌ 11,723 കോടി രൂപയുടെ നിക്ഷേപം എത്തിയപ്പോള്‍ ക്ലോസ്‌ എന്‍ഡഡ്‌ ഫണ്ടുകളില്‍ നിന്നും 238 കോടി രൂപ ഇക്കാലയളവില്‍ പിന്‍വലിച്ചു.
തുടര്‍ച്ചയായി നാല്‌ മാസം ഉയര്‍ന്നു കൊണ്ടിരുന്ന ഗോള്‍ഡ്‌ ഇടിഎഫിലെ നിക്ഷേപവും മാര്‍ച്ചില്‍ കുറഞ്ഞു.ഫെബ്രുവരിയില്‍ 1,483 കോടി രൂപയുടെ നിക്ഷേപം ഗോള്‍ഡ്‌ ഇടിഎഫുകളിലേക്ക്‌ എത്തിയിരുന്നു . അതേസമയം മാര്‍ച്ചില്‍ 195 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കുകയാണ്‌ നിക്ഷേപകര്‍ ചെയ്‌തിരിക്കുന്നത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com