sections
MORE

ധനനയം സാധാരണ ബാങ്ക് ഇടപാടുകാരെ എത്ര ബാധിക്കും?

HIGHLIGHTS
  • പണം ബാങ്കിൽ സൂക്ഷിക്കുന്നതിനു പകരം സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്ക് വായ്പയായി നല്‍കണമെന്നാണ്
sad-women
SHARE


കോവിഡ് മഹാമാരി ഉയര്‍ത്തുന്ന സാമ്പത്തിക തകര്‍ച്ച നേരിടുന്നതിനായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട ധനനയ റിപ്പോര്‍ട്ട് സാധാരണ ഇടപാടുകാരനെ എങ്ങനെ ബാധിക്കും?. പ്രധാനമായും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളാണ് അടിസ്ഥാന നയ നിരക്കുകളായി റിസര്‍വ് ബാങ്ക് ധനനയത്തിലൂടെ പ്രഖ്യാപിക്കുന്നത്. റിപ്പോ നിരക്കെന്നാല്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും എടുക്കുന്ന വായ്പയ്ക്ക് നല്‍കേണ്ട പലിശ നിരക്കാണ്. റിവേഴ്‌സ് റിപ്പോ സ്വാഭാവികമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് ലഭിക്കുന്ന നിരക്കുകളും.
പ്രധാനപ്പെട്ട നയനിരക്കായ റിപ്പോ ഇപ്പോള്‍ 4.4% ആയി കുറച്ചിരിക്കുന്നു. റിവേഴ്‌സ് റിപ്പോ നിരക്ക് 4% ആയിരുന്നത് ഏപ്രില്‍ 17-ാം തീയതി വീണ്ടും കുറച്ച് 3.75% ആക്കിയിരിക്കുന്നു. കൈവശമുള്ള പണം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കണ്ട എന്നുള്ള വ്യക്തമായ സൂചനയാണ് ഇതിലൂടെ ബാങ്കുകള്‍ക്ക് നല്‍കുന്നത്. മറിച്ച്, ഇതത്രയും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വായ്പയായി നല്‍കണമെന്നുമാണ് വിവക്ഷ.

വായ്പാ ലഭ്യത കുറയുന്നു

കുറഞ്ഞു വരുന്നതായിട്ടാണ് ധന നയ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ 14.4% വളര്‍ച്ചയുണ്ടായിരുന്നത് ഇക്കഴിഞ്ഞ വര്‍ഷം അതിന്റെ പകുതിയില്‍ താഴെ 6.1% മാത്രമാണ് ഉയര്‍ന്നത്. വസ്തു ഈടുള്ള ഭവന വായ്പകളും ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് വായ്പകളുമടങ്ങിയ വ്യക്തിഗത വായ്പകള്‍ നല്‍കുന്നതിനാണ് ബാങ്കുകള്‍ താല്പര്യം കാട്ടുന്നത്. ഫെബ്രുവരി 2020-ലെ കണക്കുകളനുസരിച്ച് മൊത്തം വായ്പയുടെ 60.6% ആണ് ഇത്തരം വ്യക്തിഗത വായ്പകള്‍. പോയ വര്‍ഷത്തെക്കാള്‍ ഏതാണ്ട് ഇരട്ടിയോളം വര്‍ദ്ധനവ്. സേവന മേഖലയ്ക്ക് നല്‍കിയ വായ്പകള്‍ ഇതേ കാലയളവില്‍ ഏതാണ്ട് പകുതിയായി കുറഞ്ഞു. ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് നല്‍കിയ വായ്പകള്‍ മൂന്നിലൊന്നായി ചുരുങ്ങി.

നിക്ഷേപങ്ങള്‍ക്കും പലിശ കുറയും

റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തുന്ന കുറവ് പെട്ടെന്ന് തന്നെ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ കുറയാനും കാരണമാകും. മറിച്ച് നിലവിലുള്ള വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്ക് നാമമാത്രമായിട്ടായിരിക്കും കുറയുക. പുതുതായി നല്‍കുന്ന വായ്പകള്‍ക്ക് റിപ്പോ നിരക്കിലുണ്ടാകുന്ന കുറവിന്റെ ഗുണം ഭാഗികമായി നല്‍കാറുണ്ടെങ്കിലും ധനനയത്തിലെ കണക്കുകളനുസരിച്ച് ഇത് യഥാര്‍ത്ഥ കുറവിന്റെ മൂന്നിലൊന്ന് മാത്രമാണെന്ന് കാണാം. ധനനയം ബാങ്കുകളുടെ ആരോഗ്യം പോഷിപ്പിക്കുമെങ്കിലും വായ്പ എടുക്കുന്നവരിലേയ്ക്ക് ആ പോഷണം പൂര്‍ണമായും എത്തുന്നില്ല.
ബാങ്കുകള്‍ തങ്ങള്‍ നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്ക് എത്രയായിരിക്കണമെന്ന് നിര്‍ണയിക്കുന്നതില്‍ റിപ്പോ നിരക്ക് സുപ്രധാനമാണ്. നേരത്തെ ബാങ്കുകള്‍ തുടര്‍ന്നു പോന്നിരുന്ന മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് നിരക്കുകള്‍ക്ക് (എം.സി.എല്‍.ആര്‍) പൂര്‍ണമായും ബാങ്കുകളുടെ സ്വന്തം ഘടകങ്ങളാണ് മാനദണ്ഡം. ഇതിനു പകരമായി പ്രധാനമായും റിപ്പോ, നിരക്കെന്ന ബാഹ്യ നിരക്ക് അടിസ്ഥാനമാക്കണമെന്ന് നിബന്ധന വന്നു. റിപ്പോ നിരക്കിനു മുകളില്‍ ബാങ്കുകള്‍ക്ക് അവരവരുടേതായി പ്രിമിയം കൂടി സ്‌പ്രെഡ് എന്ന രീതിയില്‍ ചേര്‍ക്കാം. ഈ സംവിധാനം നിലവില്‍ വന്നശേഷം പൊതുമേഖലാ ബാങ്കുകള്‍ ഭവന വായ്പകള്‍ക്ക് റിപ്പോ നിരക്കിനു മുകളില്‍ 3.3% സ്വന്തം സ്‌പ്രെഡ് ചുമത്തിയത്. സ്വകാര്യ ബാങ്കുകള്‍ ഭവന വായ്പ എടുത്തവരില്‍ നിന്നും 5.3% ഉയര്‍ത്തിയാണ് പലിശ എടുക്കുന്നത്. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് നല്‍കുന്ന വായ്പകളില്‍ ഇത്തരത്തില്‍ എടുക്കുന്ന പ്രിമിയം ഉയര്‍ന്ന 6.1% ആയി നില്‍ക്കുന്നു. വിദ്യാഭ്യാസ വായ്പയാകുമ്പോള്‍ വീണ്ടും ഉയര്‍ന്ന 6.8% ആണ് റിപ്പോ നിരക്കിന് മുകളില്‍ ബാങ്കുകള്‍ ചുമത്തുന്ന ആഭ്യന്തര പ്രിമിയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA