വിദ്യാഭ്യാസ വായ്പ എടുക്കുമ്പോള്‍ ഈ നാല് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

education
SHARE


വയനാടുകാരന്‍ പൗലോസിന്റെ മകള്‍ എഞ്ചിനീയറിങ് കഴിഞ്ഞിട്ട് തൊഴില്‍ ഒന്നും ആയിട്ടില്ല. ഇതിനിടയിലാണ് ഭേദപ്പെട്ട ഒരു കല്യാണാലോചന വന്നത്. അവര്‍ക്ക് പെണ്‍കുട്ടിയേയും മറ്റും ബോധിച്ചു. എന്നാല്‍ ഒരൊറ്റ നിബന്ധന മാത്രം എഞ്ചിനീയറിങ് പഠിക്കാന്‍ എടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നതിന്റെ ഉത്തരവാദിത്തം പൗലോസ് ഏറ്റെടുക്കണം. വിദ്യാഭ്യാസ വായ്പ എടുത്ത പല കുടുംബങ്ങളിലും ഇതിന് സമാനമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്.

വസ്തു ജാമ്യത്തിന്റെ കടമ്പകള്‍ ഒന്നുമില്ലാതെ വിദ്യാഭ്യാസ വായ്പ ലഭിക്കുമെന്ന കാരണത്താല്‍ കൂടുതല്‍ ആളുകള്‍ കടക്കെണിയില്‍ പെടുന്നതായാണ് കാണുന്നത്. പഠിച്ചിറങ്ങിയാല്‍ പണി ലഭിക്കുമെന്നോ. പണി ലഭിച്ചാല്‍ തന്നെ വായ്പ തിരിച്ചടയ്ക്കാന്‍ പോലും തികയാത്ത ശമ്പളമാണ് ലഭിക്കുക എന്നോ മുന്‍കൂട്ടി ആലോചിക്കാതെ വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനാലാണിത്. വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന് മുമ്പ് പ്രധാനമായും നാല് കാര്യങ്ങളെങ്കിലും ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്.

വായ്പ തുക

എത്ര രൂപ വിദ്യാഭ്യാസ വായ്പ എടുക്കണമെന്ന് പലര്‍ക്കും നിശ്ചയമില്ല. അത്യാവശ്യം ഹോസ്റ്റല്‍ ചെലവുകളും പഠന ഫീസുകളും എത്രയാകുമെന്ന് കണക്കാക്കി അതിനുള്ള വായ്പ എടുക്കാന്‍ ശ്രദ്ധിയ്ക്കണം. താരതമ്യേന കുറഞ്ഞ ചെലവില്‍ പഠിച്ചിറങ്ങാന്‍ സാധിക്കുന്ന നഴ്‌സിങ് കോഴ്‌സുകള്‍ക്ക് പോലും എളുപ്പത്തില്‍ ലഭിക്കുന്ന നാല് ലക്ഷം രൂപ വരെ വായ്പ എടുക്കുന്നവരുണ്ട്. കോഴ്‌സ് നടത്തുന്നവരുടെ ഏജന്റുമാര്‍ വായ്പ ശരിയാക്കി തരുമെന്ന് വാഗ്ദാനം നല്‍കിയാണ് കുട്ടികളെ ചേര്‍ക്കുന്നത്. വസ്തു ജാമ്യമില്ലാതെ ഏഴരലക്ഷം രൂപാ വരെ വിദ്യാഭ്യാസ വായ്പ അനുവദിക്കുമെന്ന് വന്നതോടെ എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്കെല്ലാം പൊതുവെ ചെലവ് ഏഴരലക്ഷമായി. പഠിച്ചിറങ്ങിയാല്‍ കിട്ടാവുന്ന പരമാവധി ശമ്പളത്തിന്റെ 30 മുതല്‍ 40 ശതമാനം വരെ തിരിച്ചടവ് വരാവുന്ന തുക മാത്രമേ വായ്പ എടുക്കാവൂ. ചെലവാകുന്നതിന്റെ താങ്ങാവുന്നിടത്തോളം തുക മാര്‍ജിന്‍ എന്ന രീതിയില്‍ സ്വയം വഹിക്കാന്‍ കഴിഞ്ഞാല്‍ നന്ന്.

പലിശ നിരക്ക്

വിദ്യാഭ്യാസ വായ്പകള്‍ക്ക് മറ്റ് വായ്പകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് മിക്ക ബാങ്കുകളും ചുമത്തുന്നത്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും പഠിക്കാന്‍ സാധിക്കുന്നവര്‍ക്ക് ലേശം കുറവ് ലഭിക്കുമെങ്കിലും മിക്ക കോഴ്‌സുകള്‍ക്കും നിരക്ക് ഉയര്‍ന്ന് തന്നെ. ഉയര്‍ന്ന നിരക്കിനോടൊപ്പം കോഴ്‌സ് തീര്‍ന്നാലും പണി കിട്ടിയശേഷം വായ്പ തിരിച്ചടച്ചാല്‍ മതിയെന്നുള്ള നിബന്ധനയും കൂടി ആകുമ്പോള്‍ സംഗതി കൈവിട്ട് പോകും. 72 എന്ന സംഖ്യയെ ഈടാക്കുന്ന പലിശ നിരക്ക് ഉപയോഗിച്ച് ഭാഗിച്ചാല്‍ കിട്ടുന്ന നമ്പര്‍ തിരിച്ചറിയണം. അത്രയും വര്‍ഷം കൊണ്ട് വായ്പ എടുത്ത തുക അക്കൗണ്ടില്‍ ഇരട്ടിയായി നില്‍ക്കും. പഠന കാലത്തും ജോലി കിട്ടുന്നതുവരെയും പലിശ എങ്കിലും തിരിച്ചടയ്ക്കാനുള്ള സാഹചര്യം പലര്‍ക്കും ഉണ്ടാകാറില്ല.

വസ്തു ജാമ്യം

ഏഴര ലക്ഷം രൂപാ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് അധിക വസ്തു ജാമ്യം റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നില്ല. മോഡല്‍ വിദ്യാഭ്യാസ വായ്പ പ്രകാരമാണ് ഇതെന്നും അത്തരം വായ്പകള്‍ ഇപ്പോള്‍ അനുവദിക്കുന്നില്ലായെന്നും പല ബാങ്കുകളും ഉത്തരം നല്‍കും. അങ്ങനെയാണെങ്കിലും ബാങ്കിന്റെ സ്വന്തം സ്‌കീം പ്രകാരം വായ്പ അനുവദിക്കാമെന്ന് ബാങ്കുകള്‍ സമാധാനപ്പെടുത്തും. സ്വന്തം സ്‌കീമില്‍ വായ്പ വേണമെങ്കില്‍ വസ്തു ജാമ്യം നിര്‍ബന്ധമായും നല്‍കേണ്ടിയും വരും. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ജില്ലാതല ബാങ്കേഴ്‌സ് കമ്മിറ്റിയ്ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയാല്‍ പരിഹാരം കിട്ടും.

വായ്പാ കാലാവധി

വിദ്യാഭ്യാസ വായ്പകള്‍ക്ക് 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും. കാലാവധി കൂടുന്നതനുസരിച്ച് തുല്യമാസ തവണകള്‍ കുറഞ്ഞിരിക്കും. പഠിച്ചിറങ്ങിയ കാലയളവില്‍ കുറഞ്ഞ ശമ്പളമുള്ള ജോലി കിട്ടിയാലും വായ്പ തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ ഇത് സഹായിക്കും. എന്നിരുന്നാലും കാലാവധി കൂടുന്നതനുസരിച്ച് മൊത്തത്തില്‍ നല്‍കേണ്ടി വരുന്ന പലിശ ചെലവും കൂടുതലായിരിക്കുമെന്ന് തിരിച്ചറിയണം. കഴിയുമെങ്കില്‍ കാലാവധിയ്ക്ക് മുമ്പ് തന്നെ വായ്പ തിരിച്ചടയ്ക്കുന്നത് നല്ലതാണ്. മുന്‍കൂര്‍ തിരിച്ചടയ്ക്കാന്‍ പിഴ പലിശ ഇല്ല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA