ADVERTISEMENT

കച്ചവട സ്ഥാപനങ്ങളും വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും നടത്തുന്നവരൊക്കെ വല്ലാത്ത ബുദ്ധിമുട്ടിലാണ്. വലിയ സാമ്പത്തിക പശ്ചാത്തലമില്ലാത്ത സാധാരണക്കാരും സ്വയം തൊഴില്‍ കണ്ടെത്തിയവരുമുൾപ്പടെയുള്ള സംരംഭകര്‍ക്കെല്ലാം ലോക്ഡൗണ്‍ കാലം വറുതിയുടെ ദിനങ്ങളായി തുടരുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്ന് സംരംഭങ്ങള്‍ ആരംഭിച്ച് പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പലര്‍ക്കും ലോക്ഡൗണ്‍ തിരിച്ചടിയായത്. ഒട്ടുമിക്ക സംരംഭകരും ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ എടുത്താണ് ബിസിനസ്സ് നടത്തിക്കൊണ്ട് പോരുന്നത്. ലോക്ഡൗണ്‍ കാലം കഴിയുന്നതോടെ മോറട്ടോറിയം കാലത്ത് തിരിച്ചടയ്ക്കാന്‍ സാധിക്കാതിരുന്ന മാസതവണകളും അതിന്റെയൊക്കെ പലിശയും ആവശ്യപ്പെട്ട് ബാങ്കുകാര്‍ എത്തും.

ലോക്ഡൗണില്‍ പൂട്ടിപ്പോയ സംരംഭങ്ങള്‍ പുനരാംരഭിക്കേണ്ടതെങ്ങനെയെന്നും ഇപ്പോള്‍ പെട്ടിരിക്കുന്ന സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് എങ്ങനെ പുറത്ത് കടക്കാമെന്നും ഗൗരവതരമായി ആലോചിക്കേണ്ടതുണ്ട്.

വിറ്റുവരവ് നഷ്ടം പൂര്‍ണ്ണം

മൂന്ന് മാസത്തോളമുള്ള വിറ്റുവരവ് മാത്രമല്ലേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്നായിരിക്കും വായ്പ തിരിച്ചടവ് ഓര്‍മ്മിപ്പിക്കുമ്പോള്‍ വായ്പ തന്നവര്‍ പറയാന്‍ പോകുക. യഥാര്‍ത്ഥത്തില്‍ വര്‍ഷത്തിന്റെ എല്ലാ മാസവും വിറ്റുവരവ് ഒരേ പോലെ അല്ലല്ലോ?  ലോക്ഡൗണില്‍ നഷ്ടമായ വിഷു, ഈസ്റ്റര്‍, വിദ്യാലയ അവധി എന്നിങ്ങനെയുള്ള വിപണി പ്രധാനമായിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞാലും സമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ റംസാന്‍ ഓണം വിപണികളെ ബാധിക്കും.രണ്ട് സീസണിലും കൂടി ഒരു വര്‍ഷം വരേണ്ട പണത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇല്ലാതാക്കിയിരിക്കുന്നു. പിന്നെ പ്രതീക്ഷിക്കാവുന്നത് ഡിസംബര്‍ പുതുവത്സര ഉത്സവ വിപണിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വര്‍ഷം വരേണ്ട വിറ്റു വരവില്‍ ഏതാണ്ട് മൂന്നില്‍ രണ്ടും ഇല്ലാതായ അവസ്ഥയിലാണ് സംരംഭങ്ങള്‍.

പ്രവര്‍ത്തന മൂലധനം നഷ്ടമായി

ഒരു ബിസിനസ് ചക്രം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട സ്റ്റോക്ക്, ഉത്പാദന സാമഗ്രികള്‍, തൊഴിലാളികളുടെ വേതനം എന്നിവയ്‌ക്കൊക്കെ കൂടി വേണ്ട തുകയാണ് പ്രവര്‍ത്തന മൂലധനം. മുന്നറിയിപ്പില്ലാതെ സംരംഭങ്ങള്‍ പൂട്ടിയിടേണ്ടി വന്നതിനാല്‍ സ്റ്റോക്കും ഉത്പാദന സാമഗ്രികളും മറ്റും പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടുണ്ടാകും. പണം വരവില്ലാതെ തന്നെ തൊഴിലാളികള്‍ക്ക് കൂലിയും കൊടുക്കുന്നതോടെ പ്രവര്‍ത്തന മൂലധനം മിക്ക സംരംഭങ്ങളിലും ഏതാണ്ട് ഇല്ലാതായിട്ടുണ്ടാകും. ലോക്ഡൗണ്‍ കഴിയുന്നതോടെ ഇലക്ട്രിസിറ്റി, മറ്റ് ഫീസുകളും നികുതികളും എന്നതിനൊക്കെ പണം കൊടുക്കേണ്ടതായി വരും.

മറ്റ് മുതല്‍ മുടക്കുകള്‍

പ്രവര്‍ത്തിപ്പിക്കാതിരുന്ന ഉപകരണങ്ങളും ഉപയോഗിക്കാതിരുന്ന ഫര്‍ണിച്ചറുകളും മറ്റും അറ്റകുറ്റപ്പണികള്‍ ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് പണം പുതുതായി കണ്ടെത്തേണ്ടി വരും. പലപ്പോഴും സ്‌പെയര്‍ പാര്‍ട്‌സുകള്‍ മാറ്റിയിട്ടാല്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞെന്നും വരില്ല. പുതിയവ വാങ്ങേണ്ടി വരുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകും.

ബാധ്യതകള്‍ ചിട്ടപ്പെടുത്തണം

പ്രവര്‍ത്തന മൂലധനത്തിനായി എടുത്തിട്ടുള്ള ഓവര്‍ഡ്രാഫ്റ്റ് വായ്പകളാണ് ആദ്യം പരിഗണിക്കേണ്ടത്. നിലവിലുള്ള ഓവര്‍ഡ്രാഫ്റ്റ് വായ്പകള്‍ മധ്യകാല വായ്പകളായി മാറ്റി തരുവാന്‍ അപേക്ഷിക്കുന്നതോടൊപ്പം സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിന് വേണ്ടുന്ന ഓവര്‍ഡ്രാഫ്റ്റ് പുതുതായി അനുവദിക്കാനും അപേക്ഷിക്കാം. ഉപകരണങ്ങളും മറ്റും വാങ്ങാന്‍ എടുത്തിട്ടുള്ള മധ്യകാല വായ്പകളില്‍ വിറ്റ് വരവില്ലാത്ത കാലഘട്ടത്തില്‍ പലിശ ഇളവിന് ആവശ്യപ്പെടാം. റിപ്പയര്‍, മെയിന്റനന്‍സ് തുടങ്ങിയ ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ തിരിച്ചടവ് കാലാവധിയുള്ള ടേം വായ്പകളാണ് അധികമായി വേണ്ടത്. സൂക്ഷ്മ സംരംഭങ്ങളില്‍ പലപ്പോഴും ടേം ലോണെന്നും പ്രവര്‍ത്തന മൂലധന വായ്പയെന്നും തരംതിരിക്കാതെ രണ്ട് ആവശ്യങ്ങളും ചേര്‍ത്ത് കോമ്പോസിറ്റ് വായ്പകളായിട്ടായിരിക്കും അനുവദിച്ചിട്ടുണ്ടാവുക. ലോക്ഡൗണിന് മുമ്പ് കൃത്യമായി തിരിച്ചടച്ചിട്ടുള്ള തുകയും പുതുതായി മുടക്കാന്‍ വേണ്ടി വരുന്ന തുകയും കണക്കാക്കി ഒരു ടോപ്പ് അപ്പ് വായ്പയ്ക്ക് അര്‍ഹതയുണ്ടാകും.

ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍

സംരംഭങ്ങളില്‍ സ്റ്റോക്കും ഉപകരണങ്ങളും ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളവര്‍ അര്‍ഹമായ ക്ലെയിം സമര്‍പ്പിക്കേണ്ടതാണ്. എടുത്തിട്ടുള്ള ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ സ്റ്റോക്കും മറ്റും നശിച്ച് പോയാല്‍, ഉപകരണങ്ങള്‍ക്ക് കേട് വന്നാല്‍, അപ്രതീക്ഷിതമായി വിറ്റ് വരവ് നഷ്ടപ്പെട്ടാല്‍ തുടങ്ങിയവയ്‌ക്കൊക്കെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

English Summery: Did You Calculate Your Lockdown Losses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com