ആറ് മാസത്തെ ഇ എം ഐ അവധി, എങ്ങനെ ഗുണകരമാകും

HIGHLIGHTS
  • നിരവധി സംശയങ്ങളാണ് ആളുകൾക്കുള്ളത്
time%26money
SHARE

കൊറോണ വ്യക്തികളുടെ സാമ്പത്തിക സ്ഥിതിയിലേല്‍പ്പിച്ച മാരകമായ ബാധ്യത ലഘൂകരിക്കാന്‍ ആര്‍ ബി ഐ ഇന്ന് ആറ് മാസമായി ദീര്‍ഘിപ്പിച്ച 'ഇ എം ഐ അവധി' ഏറെ പ്രതീക്ഷയോടെയാണ് വായ്പ എടുത്തവര്‍ നോക്കിക്കാണുന്നത്. ഭവന- വാഹന വായ്പകള്‍, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പ എന്നിങ്ങനെ നിരവധി വായ്പകളില്‍ കുടുങ്ങിക്കിടക്കുന്നവരാണ് നമ്മൾ. ഇങ്ങനെ വലിയ ബാധ്യത പേറി ജീവിതം തള്ളി നീക്കുമ്പോഴാണ് കൊറോണ പോലുള്ള മഹാമാരി വരുമാനം തന്നെ ഇല്ലാതാക്കുന്നത്. ഈയവസരത്തിലാണ് ആദ്യം മൂന്ന് മാസത്തെയും പിന്നീട് ഇതിനോട് ചേര്‍ത്ത് മറ്റൊരു മൂന്നു മാസത്തേയും ഇ എം ഐ അടവിന്റെ ആനുകൂല്യം പ്രഖ്യാപിക്കുന്നത്.
ഏതേത് തരം വായ്പകള്‍ക്കാണ് ആനുകൂല്യം? പലിശ ആനൂകുല്യം ലഭിക്കുമോ? എല്ലാ സ്ഥാപനങ്ങളിലും ഇത് ലഭ്യമാണോ? എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളുണ്ട്. എന്തൊക്കെയാണ് ആര്‍ ബി ഐ നിര്‍ദേശത്തിലുള്ളത്?

മോറട്ടോറിയം എന്നു മുതല്‍

കാലാവധി വായ്പകളുടെ മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31 വരെയുള്ള കാലത്തെ മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകള്‍ക്കായിരുന്നു ആദ്യ മോറട്ടോറിയം. അതായത് മാര്‍ച്ച് മുതല്‍ മേയ് 31 വരെ. ഇതിപ്പോള്‍ അഗസ്റ്റ് 31 വരെയാണ് നീട്ടിയത്. വായ്പയുടെ പ്രിന്‍സിപ്പല്‍, പലിശ,ബുള്ളറ്റ് റീപേയ്മെന്റ്, തുല്യമായ മാസതവണകള്‍, ക്രെഡിറ്റ് കാര്‍ഡ് ഡ്യൂ എന്നിവയ്ക്കായിരിക്കും മോറട്ടോറിയം ബാധകം.

ക്രെഡിറ്റ് സ്‌കോര്‍

ആര്‍ ബി ഐ പ്രഖ്യാപിച്ച ഈ ആനുകൂല്യം ഉപയോഗിക്കുന്നതുകൊണ്ട് വായ്പ എടുത്തയാളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. തന്നെയുമല്ല ഇത് ലോണിന്റെ റിസ്‌ക് ക്ലാസിഫിക്കേഷനെയും ബാധിക്കില്ല. അതായത് സാധാരണ നിലയില്‍ മൂന്ന് ഇ എം ഐ മുടങ്ങിയാല്‍ അത്തരം അക്കൗണ്ടുകള്‍ എന്‍ പി എ-നിഷ്‌ക്രിയ ആസ്തി ആക്കി ബാങ്കുകള്‍ മാറ്റാറുണ്ട്. പുതിയ തീരുമാനത്തോടെ മാര്‍ച്ച് മുതല്‍ ആഗസ്ത് വരെയുള്ള ഇ എം ഐ അടച്ചില്ലെങ്കിലും അത് കിട്ടാക്കടമാകില്ല. എന്നു മാത്രമല്ല ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയുമില്ല. പക്ഷെ ബാങ്കിന് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കേണ്ടതുണ്ട്.  

മോറട്ടോറിയം കാലാവധിയിലെ പലിശ

ഈ ആനുകൂല്യം ആഗ്രഹിക്കുന്ന എല്ലാ ഋണബാധിതരുടെയും ആശങ്കയായിരിക്കും പലിശ നിരക്ക് സംബന്ധിച്ചുള്ളത്. ഇക്കാലയളവിലെ പലിശ തട്ടിക്കിഴിക്കുമോ? നിലവിലെ സര്‍ക്കുലര്‍ അനുസരിച്ച് ബാക്കി നില്‍ക്കുന്ന തുകയുടെ പലിശ സാധാരണ പോലെ ഇക്കാലയളവിലും മുതലിലേക്ക് കൂടിച്ചേരും.എന്നാല്‍ ആറ് മാസക്കാലയളവിന് ശേഷം ഇക്കാലത്തെ പലിശ പിന്നീടുള്ള മാസങ്ങളില്‍ അടയ്‌ക്കേണ്ടി വരികയോ. ഇ എം ഐ നീട്ടുകയോ ചെയ്യാം.

എവിടുത്തെ വായ്പകള്‍ക്ക്?

എല്ലാ ബാങ്ക് വായ്പകള്‍ക്കും ഇത് ബാധകമാണ്.വാണിജ്യ ബാങ്കുള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നെടുത്തിട്ടുള്ള എല്ലാത്തരം വായ്പകള്‍ക്കും ആനുകൂല്യം ബാധകമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA