മോറട്ടോറിയം ദീര്‍ഘിപ്പിച്ചതു പ്രയോജനപ്പെടുത്തണോ?

HIGHLIGHTS
  • മോറട്ടോറിയം ആനുകൂല്യം ലഭിച്ചാലും വായ്പകള്‍ തിരിച്ചടയ്ക്കണം
interest-rate
SHARE

കോവിഡ് പശ്ചാത്തലത്തില്‍ വായ്പകള്‍ക്കുള്ള മോറട്ടോറിയം ആറു മാസമാക്കി വര്‍ധിപ്പിച്ചിരിക്കുകയാണല്ലോ. ഇതു പ്രയോജനപ്പെടുത്തുന്നതാണോ അതോ ഇഎംഐ അടയ്ക്കുന്നതാണോ നല്ലത്?  ഇതിനു മുന്‍പ് മൂന്നു മാസത്തേക്കുള്ള മോറട്ടോറിയം പ്രഖ്യാപിച്ച മാര്‍ച്ച് 27 മുതല്‍ തന്നെ പലരും ഉയര്‍ത്തുന്ന സംശയമാണിത്. മോറട്ടോറിയം കാലയളവിലും ഇഎംഐ അടക്കാന്‍ സാധിക്കുന്നവര്‍ അത് അടച്ചു മുന്നോട്ടു പോകുന്നതായിരിക്കും എന്തു കൊണ്ടും മികച്ചത്. അതേ സമയം മോറട്ടോറിയം വിഷയത്തില്‍ എല്ലാവര്‍ക്കും ബാധകമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാനും സാധിക്കില്ല. ഓരോ വ്യക്തിയുടേയും സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുത്തു വേണം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുവാന്‍.

പലിശ ബാധകം

മോറട്ടോറിയം പ്രയോജനപ്പെടുത്തി വായ്പാ ഗഡുക്കള്‍ അടക്കാതിരുന്നാലും അതു നിങ്ങളുടെ വായ്പാ സ്‌ക്കോറിനേയോ ആസ്തികളുടെ സ്വഭാവത്തേയോ ഒരുവിധത്തിലും ബാധിക്കില്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. വായ്പകള്‍ മോറട്ടോറിയത്തിന്റെ കാലാവധിക്കനുസരിച്ച് പുനക്രമീകരിക്കുന്നു എന്നു മാത്രം. അതായത് നിങ്ങള്‍ വായ്പ അടച്ചു തീര്‍ക്കേണ്ട കാലാവധി മോറട്ടോറിയത്തിന്റെ അത്രയും കാലത്തേയ്ക്കു നീട്ടിക്കിട്ടും. ഇങ്ങനെ ദീര്‍ഘിപ്പിക്കുമ്പോള്‍ അതിന് പിഴ പലിശയും മറ്റ് അധിക ബാധ്യതകളും വരില്ല. പക്ഷേ, മോറട്ടോറിയം കാലത്തേക്കു നിങ്ങള്‍ കൈവശം വെച്ചു കൊണ്ടിരിക്കുന്ന മുതലിന് പലിശ ബാധകമായിരിക്കുകയും ചെയ്യും.

ബിസിനസില്‍ പ്രയോജനപ്പെടാം

ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രതിമാസ ഗഡുക്കള്‍ അടയ്ക്കാന്‍ സാധിക്കുമെങ്കില്‍ അത് അടച്ചു തീര്‍ത്തു മുന്നോട്ടു പോകുന്നതാണ് നല്ലത്. ശമ്പളക്കാരാണെങ്കില്‍ അല്‍പം ബുദ്ധിമുട്ടിയാലും ഇഎംഐ അടയ്ക്കുന്നതാണ് നല്ല രീതി. പക്ഷേ, നിങ്ങളൊരു സംരംഭകനാണെങ്കില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി വിശകലനം ചെയ്യണം. മോറട്ടോറിയം കാലത്തെ ഇഎംഐ അടക്കാതെ ആ തുക ബിസിനസില്‍ പ്രയോജനപ്പെടുത്തുന്നതാണ് മെച്ചമെങ്കിലോ? അത്രയും തുക ബിസിനസില്‍ മുടക്കാനായി ലഭിക്കുകയാണല്ലോ. നല്‍കേണ്ടതോ ആ വായ്പയുടെ പലിശ മാത്രവും. ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് മിക്കവാറും സ്ഥാപനങ്ങള്‍ ഇപ്പോള്‍ ചെറിയ തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. അതുമായി ബന്ധപ്പെട്ട കാഷ് ഫ്‌ളോ എങ്ങനെ കൈകാര്യം ചെയ്യണം എന്നതും വിശകലനം ചെയ്യണം. പ്രവര്‍ത്തന മൂലധനവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് അവസാനം വരെ ലഭ്യമായ ഇളവുകളും പ്രത്യേകമായി വിശകലനം ചെയ്യണം.
എന്തായാലും ഒന്നു മനസിലുണ്ടാകണം.  ഇപ്പോള്‍ മോറട്ടോറിയം ആനുകൂല്യം ലഭിച്ചാലും ആ വായ്പകള്‍ തിരിച്ചടക്കേണ്ടി വരും. അതു കൂടി കണക്കിലെടുത്താവണം മോറട്ടോറിയം പ്രയോജനപ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തിലുള്ള നിങ്ങളുടെ തീരുമാനം.

English Summery:How to Utilize Moratorium Benefit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA