ADVERTISEMENT

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നേരിട്ട് പ്രഖ്യാപിച്ച മോറട്ടോറിയം ചില ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ബില്ല് കിട്ടി പണമടയ്ക്കാന്‍ താമസിച്ച പ്രമുഖ കമ്പനിയുടെ കാർഡുടമയ്ക്ക് പലിശയും പിഴപ്പലിശയും കൊണ്ട് ഇരുട്ടടി. എന്നിട്ടും തീര്‍ന്നില്ല കാര്‍ഡ് കമ്പനിയുടെ ലോക്ഡൗണ്‍ പീഡനം. തിരിച്ചടയ്ക്കാന്‍ വെറും ആറ് ദിവസത്തെ താമസം വന്നതിനിടയില്‍ സിബില്‍ രേഖകളില്‍ കുടിശ്ശികയായി രേഖപ്പെടുത്തുകയും ചെയ്തു. മറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉള്ളവരും മോറട്ടോറിയം കാലത്ത് സൂക്ഷിച്ചില്ലേല്‍ കൊള്ള പലിശ നടുവൊടിക്കും, ക്രെഡിറ്റ് സ്‌കോര്‍ വഷളായി മറ്റ് വായ്പകള്‍ എടുക്കാന്‍ സാധിക്കാതെയും വരും.

ഉളുപ്പില്ലാത്ത കൊള്ളപ്പലിശ

ക്രെഡിറ്റ് കാര്‍ഡിന്റെ മാര്‍ച്ച് മാസത്തെ ബില്‍ പ്രകാരം ഏപ്രില്‍ മൂന്നാം തീയതി 13,760  രൂപയാണ് തിരിച്ചടയ്‌ക്കേണ്ടിയിരുന്നത്. ലോക്ഡൗണിന്റെ തടസ്സങ്ങള്‍ കാരണം ബില്ല് അടയ്ക്കാന്‍ സൗകര്യം കിട്ടിയില്ല. ഏപ്രില്‍ എട്ടാം തീയതിയാണ് പണം തിരിച്ചടയ്ക്കാന്‍ സാധിച്ചത്. ഏപ്രില്‍ മാസത്തില്‍ ബില്ല് വന്നപ്പോള്‍ പണം കൈപ്പറ്റിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ലേറ്റ് ഫീസ്, ലോണില്‍ പീനല്‍ പലിശ, ഐജിഎസ്ടി എന്നീ ഇനങ്ങളിലായി 1,422 രൂപയാണ് അധികമായി അടിച്ച് നല്‍കിയിരിക്കുന്നത്. മാസ നിരക്കില്‍ ഈടാക്കിയ കൊള്ളപലിശ പത്ത് ശതമാനത്തിലധികം.

മാറ്റിവയ്ക്കല്‍ വാഗ്ദാനം

ലോക്ഡൗണ്‍ ഉയര്‍ത്തിയ സാമ്പത്തിക തിരിച്ചടിയില്‍ ജനങ്ങളെ സഹായിക്കുന്നതിന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൂന്ന് മാസത്തെ മോറട്ടോറിയം ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കും ബാധകമായിരുന്നു. നിലവിലുള്ള വായ്പകളില്‍ മാര്‍ച്ച് ഒന്ന് മുതല്‍ തിരിച്ചടയ്‌ക്കേണ്ടിയിരുന്ന  മുതലും പലിശയും മൂന്ന് മാസത്തേയ്ക്ക് തിരിച്ചടയ്‌ക്കേണ്ടെന്നായിരുന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. മാറ്റി വയ്ക്കുന്ന തിരിച്ചടവ് കാലത്ത് സാധാരണ നിലയിലെ പലിശ നല്‍കണമെങ്കിലും പിഴ പലിശ ഈടാക്കണമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നില്ല. വായ്പ എടുത്തവര്‍ സ്ഥിരമായി വീഴ്ച വരുത്തുന്നവരാണെന്നോ ക്രെഡിറ്റ് സ്‌കോറില്‍ ന്യൂനതകളോ ഉണ്ടാകാന്‍ പാടില്ലെന്നുമായിരുന്നു മോറട്ടോറിയം പ്രഖ്യാപനം.

ക്രെഡിറ്റ് സ്‌കോര്‍ മങ്ങി

ആറ് ദിവസത്തെ വീഴ്ച അതും ലോക്ഡൗണിന്റെ ഉച്ഛസ്ഥായിയില്‍. അതൊന്നും ക്രെഡിറ്റ് കാര്‍ഡ് കച്ചവടം നടത്തുന്ന ധനകാര്യ കമ്പനിയ്ക്ക് വിഷയമല്ല. അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. വീഴ്ച വരുത്തിയ തുക സിബില്‍ റെക്കോര്‍ഡില്‍ ചേര്‍ത്ത് കാര്യക്ഷമതയുള്ളവരായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉദാര രീതിയിലുള്ള മറ്റേതെങ്കിലും വായ്പ എടുത്ത് സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള കാര്‍ഡുടമയുടെ സാമര്‍ത്ഥ്യത്തിന് കൃത്യമായ തടയിടുകയും ചെയ്യും.

ചില കമ്പനികള്‍ മര്യാദക്കാരാണ്

മറ്റു ചില ക്രെഡിറ്റ് കാര്‍ഡ് കമ്പനികൾ മാര്‍ച്ച് മാസത്തെ ബില്ലില്‍ പണമടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മോറട്ടോറിയം പ്രഖ്യാപനങ്ങള്‍ വരുന്നതിന് മുമ്പ് നല്‍കിയ ബില്ലുകളാണെങ്കിലും അടയ്ക്കാത്തവര്‍ പിഴ പലിശയും മറ്റും എത്രത്തോളം കയറിയിട്ടുണ്ടെന്ന് അന്വേഷിക്കണം. ദോഷം പറയരുതല്ലോ അവയുടെ മെയ് മാസത്തില്‍ തിരിച്ചടയ്ക്കാനുള്ള ഏപ്രില്‍ മാസത്തിലെ ബില്ലിൽ മോറട്ടോറിയം മര്യാദ പാലിച്ചിട്ടുണ്ട്. മൊത്തത്തില്‍ കൊടുത്ത് തീര്‍ക്കാനുള്ള തുക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരിച്ചടയ്‌ക്കേണ്ട ഏറ്റവും ചുരുങ്ങിയ തുക എന്ന കോളം ശൂന്യമായിട്ടിരിക്കുകയാണ്. ഒന്നും തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് വേണമെങ്കില്‍ ഊഹിച്ചെടുക്കാം.  
സാമ്പത്തിക സേവനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പലിശ ഈടാക്കുന്നത് ക്രെഡിറ്റ് കാര്‍ഡ് കമ്പനികളാണ്. മോറട്ടോറിയം കാലത്ത് കാര്‍ഡുടമകളെ കൂടുതല്‍ പിഴിയുമെന്ന് മാത്രം. പരാതികളുണ്ടെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിച്ചാല്‍ പരിഹാരം കിട്ടും.

English Summery: Credit Card may become a Trap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com