ADVERTISEMENT

രാജ്യത്തെ കര്‍ഷകര്‍ ഉൽപാദിപ്പിച്ച ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളുടേയും കരുതല്‍ ശേഖരമാണ് ഈ ലോക്ഡൗണ്‍ കാലത്ത്  ജനങ്ങളെ രക്ഷിച്ചത്. വരും കാലങ്ങളിലെ ഭക്ഷ്യ സുരക്ഷയ്ക്കായി വിളകള്‍ കൃഷി ചെയ്യാന്‍ അധിക കാര്‍ഷിക വായ്പകളും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും സാമ്പത്തിക സഹായ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആത്മ നിര്‍ഭര്‍ ഭാരത് പ്രഖ്യാപനങ്ങളില്‍ കര്‍ഷകരുടെ കരങ്ങളില്‍ നേരിട്ടെത്തുന്ന ചുരുക്കം സാമ്പത്തിക സഹായങ്ങളിലൊന്നാണ് കാര്‍ഷിക വായ്പ. 30,000 കോടി രൂപയുടെ അധിക പുനര്‍ വായ്പയും 2.5 കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുമാണ് ലഭിക്കുക.

അര്‍ഹതയും മുന്‍ഗണനയും

വിളകള്‍ കൃഷി ചെയ്യുന്ന ആര്‍ക്കും കാര്‍ഷിക വായ്പയ്ക്ക് അര്‍ഹതയുണ്ട്. സ്വന്തം ഭൂമിയിലോ പാട്ടത്തിനെടുത്ത ഭൂമിയിലോ അതുമല്ലെങ്കില്‍ ഒന്നിലധികം കര്‍ഷകര്‍ കൂട്ടായി കൃഷി ചെയ്യുമ്പോഴും വായ്പകള്‍ ലഭിക്കും. രണ്ടര ഏക്കര്‍ വരെയുള്ള കൃഷിയിടങ്ങളില്‍ കൃഷി ചെയ്യുന്നവരാണ് നാമമാത്ര കര്‍ഷകരായി കണക്കാക്കുക. അതിനുമുകളില്‍ അഞ്ച് ഏക്കര്‍ വരെയുള്ള കൃഷിയിടങ്ങളുള്ളവരാണ് ചെറുകിട കര്‍ഷകര്‍.

വായ്പ കാലാവധി

വായ്പയെടുത്ത് കൃഷി ചെയ്യുന്ന വിളകള്‍ കൊയ്‌തെടുക്കുന്നതുവരെയുള്ള കാലാവധിയ്ക്കാണ് വായ്പ അനുവദിക്കുക. ഒരേ വര്‍ഷം ഒന്നിലധികം തവണ കൃഷി ചെയ്യാവുന്ന ധാന്യങ്ങള്‍ക്കും മറ്റും ഒരു വര്‍ഷ കാലാവധി ലഭിക്കും. കരിമ്പ്, നേന്ത്രവാഴ തുടങ്ങിയ വിളകള്‍ക്ക് 18 മാസം വരെ ദീര്‍ഘിപ്പിച്ച കാലാവധിയും ലഭിക്കും.

കുറഞ്ഞ പലിശ

പൊതുമേഖല-റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ വാണിജ്യ ബാങ്കുകളും, സഹകരണ ബാങ്കുകളും കാര്‍ഷിക വായ്പ നല്‍കുന്നു. വാണിജ്യ ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന വായ്പകളില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് കാര്‍ഷിക വായ്പകള്‍ക്ക്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന കാര്‍ഷിക വായ്പകള്‍ക്ക് ബാങ്കുകള്‍ അവരവരുടേതായ വായ്പ നിരക്കുകള്‍ സ്വീകരിക്കും. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് രണ്ട് ശതമാനം പലിശ സബ്‌സിഡി ലഭിക്കുന്നു. കൂടാതെ കൃത്യ തീയതിയ്ക്ക് തിരിച്ചടയ്ക്കുന്ന വായ്പകള്‍ക്ക് വീണ്ടും മൂന്ന് ശതമാനം പലിശ കുറവും ലഭിക്കുന്നു.

അധിക ജാമ്യമില്ലാതെ

കൃഷി ചെയ്യുന്ന വിളകളാണ് വായ്പയ്ക്ക് ജാമ്യം. ഒരു ലക്ഷം രൂപാ വരെയുള്ള വായ്പകള്‍ക്ക് വസ്തു പണയം തുടങ്ങിയ അധിക ജാമ്യം ആവശ്യമില്ല. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ഒരുലക്ഷത്തി അറുപതിനായിരം രൂപാ വരെ അധിക ജാമ്യമില്ലാതെ അനുവദിക്കും. കൃഷി ചെയ്യുന്ന ഉത്പന്നങ്ങള്‍ ഉറപ്പായി വാങ്ങുന്നതിന് ഉടമ്പടികളിലേര്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷം രൂപാ വരെയുള്ള വായ്പകള്‍ക്ക് വസ്തു ജാമ്യം ഒഴിവാക്കും.
 
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍

കാര്‍ഷിക വായ്പയുടെ വിതരണ രീതിയായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വ്യാപകമാക്കും. കാര്‍ഷിക വായ്പയായി അനുവദിക്കുന്ന തുക കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ പിന്‍വലിക്കല്‍ പരിധി നിശ്ചയിച്ച് നല്‍കുന്നു. പണം ചെലവഴിക്കുന്ന ഘട്ടങ്ങളില്‍ മാത്രം പിന്‍വലിക്കുന്നതിനും പണം വരവുള്ളപ്പോള്‍ തിരിച്ചടയ്ക്കുന്നതിനും വീണ്ടും പരിധി വരെ ഉപയോഗിക്കുന്നതിനും സാധിക്കുന്ന റിവോള്‍വിംങ് സംവിധാനമായി  കാര്‍ഷിക വായ്പ ഉപയോഗപ്പെടുത്താന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സഹായിക്കും. എ.ടി.എം കള്‍ സാധനങ്ങളും സേവനങ്ങളും വിപണനം നടത്തുന്ന പോയിന്റ് ഓഫ് സെയില്‍ തുടങ്ങി വ്യത്യസ്ത രീതികളില്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം. അനുവദിച്ചിട്ടുള്ള കാര്‍ഷിക വായ്പ പരിധി വര്‍ഷംതോറും 10 ശതമാനം കണ്ട് ഉയര്‍ത്തി നല്‍കും. നാമമാത്ര കര്‍ഷകര്‍ക്ക് 50,000 രൂപ വരെ പിന്‍വലിക്കല്‍ പരിധി നല്‍കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കും. ഒരിക്കല്‍ കാര്‍ഡ് ലഭ്യമാക്കിയാല്‍ അഞ്ച് വര്‍ഷം വരെ ഉപയോഗിക്കാമെങ്കിലും പിന്‍വലിച്ച തുക ഹ്രസ്വകാല കാര്‍ഷിക വായ്പയുടെ കാലാവധിയായ 12 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം.

English Summery:More Agri Loans inLow Cost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com