ADVERTISEMENT
കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആര്‍ ബി ഐ പ്രഖ്യാപിച്ച വായ്പ മോറട്ടോറിയത്തില്‍ നിന്ന് പലിശ ഒഴിവാക്കുമോ? രാജ്യത്തെ ബാങ്കുകളും  വായ്പ എടുത്തിട്ടുള്ള കോടിക്കണക്കിന് ഇടപാടുകാരും ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധിയ്ക്ക് കാത്തിരിക്കുകയാണ്. പലിശ ഇളവ് കാര്യത്തില്‍ കോടതി ധനമന്ത്രാലയത്തോട് അന്തിമ അഭിപ്രായം തേടിയിരിക്കുകയാണ്. മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കിയാല്‍ അത് ബാങ്കുകളുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്നും അതുകൊണ്ട് നല്‍കാനാവില്ലെന്നും ആര്‍ ബി ഐ കഴിഞ്ഞ ആഴ്ച കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ആഗ്രക്കാരനായ ഗജേന്ദ്ര ശര്‍മയാണ് കോവിഡ് പ്രതിസന്ധി പരിഹാരത്തിനായി പ്രഖ്യാപിക്കപ്പെട്ട ആറു മാസത്തെ മോറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കണമെന്നും അത് ജീവിക്കാനുള്ള അവകാശത്തിനെതിരാണെന്നും കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് ആര്‍ ബി ഐ യുടെയും സര്‍ക്കാരിന്റെയും അഭിപ്രായം കോടതി തേടിയത്.

ധനമന്ത്രാലയം എന്തു പറയും?

കൊറോണ വ്യാപനത്തെ തുടര്‍ന്ന രാജ്യം ലോക്ഡൗണിലേക്ക് പോയതോടെ ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും വേതനത്തില്‍ കുറവ് വരികയും ചെയ്തിരുന്നു. ഈ പ്രതിസന്ധി അതിജീവിക്കാനാണ് ആദ്യം മാര്‍ച്ച് മുതല്‍ മേയ് വരെയും പിന്നീട് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയും എല്ലാ വായ്പാ തിരിച്ചടവുകളിലും ഒഴിവ് നല്‍കിയത്. മോറട്ടോറിയം കാലത്തെ പലിശ പിന്നീട് ഇ എം ഐ യില്‍ ചേര്‍ത്തോ അല്ലെങ്കില്‍ വായ്പാ കാലാവധി കൂട്ടിയോ തിരിച്ച് പിടിക്കുമെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കിയിരുന്നത്.
നിലവില്‍ കേന്ദ്രസര്‍ക്കാരോ ധനമന്ത്രാലയമോ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആര്‍ ബി ഐ മാത്രമല്ല ബാങ്കുകളും പലിശ ഇളവ് നല്‍കരുതെന്ന നിലപാടിലാണ്. ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ഇതിനോട് യോജിക്കുന്നു.

നിക്ഷേപ പലിശ

വായ്പ നല്‍കിയിരിക്കുന്ന പണത്തിന് പലിശ ഒഴിവ് നല്‍കാതിരിക്കാന്‍ ന്യായമായി ആര്‍ ബി ഐ യും ഉദ്യോഗസ്ഥരും ഉയര്‍ത്തുന്ന വാദം നിക്ഷേപകര്‍ക്ക് പലിശ നല്‍കേണ്ടി വരുന്നു എന്നുള്ളതാണ്. വായ്പ പലിശ ലഭിക്കേണ്ടത് അതുകൊണ്ട് അനിവാര്യമാണെന്നും അല്ലെങ്കില്‍ അത് ബാങ്കുകളുടെ ലാഭക്ഷമതയെ, നിലനില്‍പിനെ തന്നെയും ബാധിക്കുമെന്നുമാണ് വാദം. കോവിഡ് കാലത്ത് സകല മേഖലയും പ്രതിസന്ധിയിലായപ്പോള്‍ ബാങ്കുകള്‍ക്ക് മാത്രം പലിശ അടക്കം വേണമെന്നത് ശരിയല്ലെന്നും അത് മാന്യമായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നുമാണ് പരാതിക്കാരന്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക താൽപര്യം ജനങ്ങളുടെ ആരോഗ്യത്തെക്കാള്‍ മുകളിലല്ല എന്ന് എയര്‍ ഇന്ത്യയുടെ കേസില്‍ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലയ്ക്ക് മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കല്‍ അടഞ്ഞ സാധ്യതയല്ല.

തിരിച്ചടവ് സംസ്‌കാരം

കൃത്യമായ വായ്പ തിരിച്ചടവ് സംസ്‌കാരത്തില്‍ വെള്ളം ചേര്‍ക്കുന്നത് നല്ല പ്രവണതയല്ല എന്നാണ് ഇക്കാര്യത്തില്‍ ബാങ്കുകളുടെ നിലപാട്. പലിശ എഴുതി തള്ളിയാല്‍ അത് തെറ്റായ സന്ദേശമായിരിക്കും നല്‍കുക. തന്നെയുമല്ല മോറട്ടോറിയം സ്വീകരിക്കാത്ത ഭൂരിഭാഗം പേര്‍ക്കും ഇത് തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കും. ഇപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളും കാര്‍ഷിക വായ്പകള്‍ അടക്കമുള്ളവ എഴുതിത്തള്ളിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ആനുകൂല്യങ്ങള്‍ക്കൊന്നും കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്നവര്‍ അര്‍ഹരാവുന്നില്ല. ഇത് വായ്പ എടുക്കുന്നവര്‍ക്ക് തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കും. വായ്പകള്‍ തിരിച്ചടയ്ക്കാതിരിക്കുന്നതാണ് ആദായകരം എന്ന നില വരാന്‍ കാരണമാകുകുയും ചെയ്യുമെന്നും ബാങ്കകള്‍ നിലപാടെടുക്കുന്നു. പക്ഷെ കോവിഡ് മഹാമാരി രാജ്യത്തെ 80 ശതമാനത്തിലധികം ജനങ്ങളുടെയും സാമ്പത്തിക പ്രവര്‍ത്തനത്തെ ഞെരുക്കിക്കളയുമ്പോള്‍ ബാങ്കുകള്‍ മാത്രം ഇത് മുതലെടുക്കുന്നത് ശരിയല്ലെന്ന പൊതു നിലപാടിനോട് ചേര്‍ന്ന്് നില്‍ക്കുന്നതായിരിക്കുമോ സുപ്രീം കോടതിയുടെ തീര്‍പ്പ്? കാത്തിരിക്കാം, അന്തിമ വിധി വരെ.
English Summery: Interest During Moratorium
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com