ADVERTISEMENT

ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ ഇ എം ഐ ആയി അടച്ചാലോ? പലപ്പോഴും ബില്‍തുക മുഴുവനായി ഒറ്റയടിക്ക് അടയ്ക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നിരിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്ന സാധ്യതയാണ് ഇ എം ഐ. മുഴുവന്‍ പണമടയ്ക്കാന്‍ നിവൃത്തിയില്ലാത്ത ഘട്ടങ്ങളില്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ഇ എം ഐ നിങ്ങളെ സഹായിക്കുന്നു.
സാധാരണ നിലയില്‍ ഡ്യൂ ഡേറ്റിന് മുമ്പ് ബില്‍ തുക പൂര്‍ണമായും അടച്ചാല്‍ ക്രെഡിറ്റ് കാര്‍ഡില്‍ പലിശ ഈടാക്കില്ല. 55 ദിവസം വരെ ഈ ആനൂകൂല്യമുണ്ടാകും. എന്നാല്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ തുക പൂര്‍ണമായും ഇ എം ഐ ആക്കിയാല്‍ തുകയോടൊപ്പം പലിശയും നല്‍കേണ്ടി വരും. പക്ഷെ പലിശ ഇവിടെ താരതമ്യേന കുറവായിരിക്കുമെന്ന് മാത്രം. കുടിശിക പൂര്‍ണമായോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക പര്‍ച്ചേസ് ബില്‍ മാത്രമോ ഇങ്ങനെ ഇ എം ഐ ആക്കി മാറ്റാം.
അതത് ബ്രാഞ്ചില്‍ ബന്ധപ്പെട്ടോ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയോ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് തുക ഇ എം ഐ ആക്കി മാറ്റാവുന്നതാണ്. കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചും ഇത് ചെയ്യാം.

ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ

എത്ര ഇന്‍സ്റ്റാള്‍മെന്റ് വേണമെന്ന് നമുക്ക് തന്നെ തീരുമാനിക്കാം. ഒരു കാര്യം ഓര്‍ക്കുക കൂടുതല്‍ കാലതാമസമെന്നാല്‍ ഉയര്‍ന്ന പലിശ നിരക്ക് എന്നാണര്‍ഥം. ബില്‍ തുക എത്രയാണോ അത് തീരുന്നതു വരെയാണ് അടവ്. സാധാരണ ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധിയായി ബാങ്കുകള്‍ അനുവദിക്കാറ്.

പലിശ നിരക്ക്

ഇവിടെ പലിശ നിരക്ക് ഒരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. തിരിച്ചടവ് ശേഷി, ചരിത്രം, കാലാവധി, റിസ്‌ക് എന്നിവ കണക്കിലെടുത്തായിരിക്കും പലിശ നിരക്ക് നിര്‍ണയിക്കുക. കാര്‍ഡ് ഉപയോക്താവിന്റെ വായ്പ ചരിത്രമായിരിക്കും പലിശ നിരക്ക് നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകം. 16 മുതല്‍ 22 ശതമാനം വരെയാണ് വിവിധ ബാങ്കുകളുടെ പലിശ നിരക്ക്.

പ്രോസസിംഗ് ഫീസ്

കൂടാതെ പ്രോസസിംഗ് ഫീസായി രണ്ട് മൊത്തം തുകയുടെ രണ്ട് ശതമാനം പിടിക്കും. ചുരുങ്ങിയത് 150-200 രൂപയാണ് പ്രോസിംഗ് ഫീസായി ബാങ്കുകള്‍ ചാര്‍ജ് ചെയ്യുക. ഇത് പരമാവധി 1000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇ എം ഐ എടുക്കുകയും കാലാവധിയ്ക്ക് മുമ്പ് പണം മുഴുവനായി അടയ്ക്കുകയും ചെയ്താല്‍ അതിന് പ്രത്യേക ഫീസും 18 ശതമാനം ജി എസ് ടി യും നല്‍കണം.
ഇ എം ഐ സാധ്യത വിനിയോഗിച്ചാല്‍ ബാങ്ക് നിങ്ങളുടെ വായ്പാപരിധി കുറയ്ക്കും. നിലവിലുള്ള കുടിശിക വായ്പയായി പരിഗണിക്കുന്നതുകൊണ്ടാണിത്. ഒരോ ഇ എം ഐ യ്ക്ക് ശേഷവും അത്രയും തുക വായ്പ പരിധിയില്‍ കൂട്ടുകയും ചെയ്യും. മുഴുവന്‍ തുകയും അടവ് തീരുന്നതോടെ വായ്പാപരിധി മുഴുവനാക്കും. ഒരു ലക്ഷം രൂപയുടെ വായ്പ പരിധിയുള്ള കാര്‍ഡില്‍ 70,000 രൂപയുടെ വായ്പ കുടിശികയാണ് ഇ എം ഐ ആക്കി മാറ്റുന്നതെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് പരിധി പിന്നീട് 30,000 മാത്രമാകും. ഓരോ മാസത്തെ ഇ എം ഐ അടയ്ക്കുമ്പോള്‍ അത്രയും തുക വായ്പ പരിധിയില്‍ കൂടും.
കോവിഡ് കാലത്ത് ആറ് മാസത്തെ വായ്പ മൊറട്ടോറിയം ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാധകമാക്കിയിട്ടുണ്ടെങ്കിലും ഇക്കാലയളവില്‍ ശരാശരി 40 ശതമാനം പലിശ നല്‍കേണ്ടി വരും. ആ നിലയ്ക്ക് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതെ കുടിശിക കുറേശേ അടയ്ക്കാവുന്ന ഈ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്.

English Summery:Credit card bill payment EMI Facility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com