ADVERTISEMENT

നല്‍കുന്ന ബാങ്കിന്റേയോ ധനകാര്യ സ്ഥാപനത്തിന്റേയോ പേരു വെളിപ്പെടുത്താതെയുള്ള ഡിജിറ്റല്‍ വായ്പകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് കര്‍ശന നടപടികള്‍ ആരംഭിച്ചു. ബാങ്കുകളും എന്‍ബിഎഫ്‌സികളും സ്വന്തം ഡിജിറ്റല്‍ സംവിധാനങ്ങളിലൂടേയോ  പുറം കരാര്‍ നല്‍കിയുള്ള ഡിജിറ്റല്‍ സംവിധാനങ്ങളിലൂടേയോ നല്‍കുന്ന സ്ഥാപനത്തിന്റെ പേരു വെളിപ്പെടുത്തി മാത്രമേ വായ്പകള്‍ അനുവദിക്കാവു എന്നതാണ് പ്രധാന നിര്‍ദേശം. ഏതൊക്കെ ഡിജിറ്റല്‍ സംവിധാനങ്ങളെയാണ് തങ്ങളുടെ വായ്പ നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. അതേ രീതിയില്‍ വായ്പ നല്‍കുന്ന ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏതു ബാങ്കിനോ എന്‍ബിഎഫ്‌സിക്കോ വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉപഭോക്താവിനെ അറിയിക്കണം.  

ബാങ്കിന്റെ അനുമതി പത്രം നല്‍കണം

ഇങ്ങനെ ഡിജിറ്റല്‍ ഏജന്റുമാര്‍ വായ്പ നല്‍കുമ്പോള്‍ അതിന് അനുമതി ആയാലുടൻ, വായ്പ നല്‍കുന്നതിനു മുന്‍പായി ബാങ്കിന്റെ അല്ലെങ്കില്‍ എന്‍ബിഎഫ്‌സിയുടെ ലെറ്റര്‍ ഹെഡില്‍ അനുമതി പത്രം (സാങ്ഷന്‍ ഓര്‍ഡര്‍) ഉപഭോക്താവിനു നല്‍കണം. വായ്പാ ഉടമ്പടിയുടെ പകര്‍പ്പും അനുബന്ധ രേഖകളും ഇതേരീതിയില്‍ തന്നെ വായ്പ നല്‍കുന്ന വേളയില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കണമെന്നും റിസര്‍വ് ബാങ്ക് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.

പരാതി പരിഹാരം എളുപ്പമാക്കും

ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ നല്‍കുന്ന വായ്പകളെ കുറിച്ചു പരാതി കൂടുതലായി ഉയരുന്നതാണ് റിസര്‍വ് ബാങ്കിനെ കര്‍ശന നടപടികള്‍ക്കു പ്രേരിപ്പിച്ചത്. ആരു നല്‍കുന്ന വായ്പ എന്നറിയാത്തത് അടക്കമുള്ള ഘടകങ്ങള്‍ പരാതി നല്‍കുന്നതിനു തടസമാകുന്നുണ്ട്. അതി ഭീമമായ പലിശ, പലിശ കണക്കു കൂട്ടുന്നതിലെ സുതാര്യത ഇല്ലായ്മ, വ്യക്തിഗത ഡാറ്റ അംഗീകാരമില്ലാതെ ഉപയോഗിക്കല്‍ തുടങ്ങിയ പരാതികളാണ് ഇത്തരം വായ്പകള്‍ക്കെതിരെ കൂടുതലായി ഉയരുന്നത്.
വ്യക്തികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും ലളിതമായ പ്രക്രിയകളിലൂടെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ വായ്പകള്‍ നല്‍കുന്ന രീതി ഇപ്പോള്‍ വിപുലമായിട്ടുണ്ട്. ബാങ്കുകളോ എന്‍ബിഎഫ്‌സികളോ ആണ് ഇത്തരം ഡിജിറ്റല്‍ സംവിധാനങ്ങളെ വായ്പ നല്‍കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പല ഡിജിറ്റല്‍ സ്ഥാപനങ്ങളും വായ്പ നല്‍കുന്ന ബാങ്കിന്റേയോ എന്‍ബിഎഫ്‌സിയുടേയോ പേരു വെളിപ്പെടുത്താതെ തങ്ങളാണ് വായ്പ നല്‍കുന്നതെന്നു നടിക്കുന്നുമുണ്ട്. ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള വായ്പകളെ പ്രോല്‍സാഹിപ്പിക്കുമ്പോഴും നിയന്ത്രണങ്ങള്‍ വഴി ഉപഭോക്തൃ താല്‍പ്പര്യം സംരക്ഷിക്കുകയാണ് റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. ഇതിനായി വിപുലമായ ബോധവല്‍ക്കരണങ്ങള്‍ നടത്താനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summery: RBI Tightens Norms for Banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com