ADVERTISEMENT

ഇനി സഹകരണ മേഖലയില്‍ സാമ്പത്തിക ഇടപാടുകളുടെ കാര്യത്തില്‍ ആ പഴയ ആലസ്യമുണ്ടാകില്ല. രണ്ട് കാരണങ്ങള്‍ കൊണ്ടാണത്. സഹകരണ ബാങ്കുകളെ സര്‍ഫാസി നിയമത്തിന്‍ കീഴിലാക്കി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ട്  ഒരു മാസം പിന്നിടുന്നതേയുള്ളു. ഇതിന് തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ ദിവസം  കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ മേല്‍നോട്ട ചുമതല ആര്‍ ബി ഐ യ്ക്ക് കൈമാറുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നുവെന്ന പ്രഖ്യാപനം വന്നത്. ഇതോടെ രാജ്യത്തെ 1482 അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളും 58 സ്റ്റേറ്റ് മള്‍ട്ടി കോ ഓപ്പറേറീവ് ബാങ്കുകളും കേന്ദ്ര ബാങ്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവും.
 
മറ്റ് ബാങ്കുകളിലെ അതേ നിയന്ത്രണം

ഷെഡ്യൂള്‍ ബാങ്കുകള്‍ക്ക് മേലുള്ള ആര്‍ ബി ഐ നിയന്ത്രണങ്ങള്‍ എത്രത്തോളമുണ്ടോ അത്ര തന്നെ ഈ സഹകരണ ബാങ്കുകളിലും ഉണ്ടാകും എന്നര്‍ഥം. ഇത്രയും ബാങ്കുകളിലായി 8.6 കോടി നിക്ഷേപകരുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരുടെ മൊത്തം നിക്ഷപമാകട്ടെ 4.84 ലക്ഷം കോടി രൂപയും. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് നിയമമാകും. ഇതോടെ ഇവിടുത്തെ നിക്ഷേപങ്ങളും ഇന്‍ഷൂറന്‍സ് പരിധിയിലാകും.
സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രബാങ്കിന്റെ ചിട്ടയായ നിയന്ത്രണത്തിലാക്കുന്നതിന്റെ ഭാഗമാണ് നടപടി. അഞ്ച് സംസ്ഥാനങ്ങളിലായി 137 ശാഖകളുണ്ടായിരുന്ന പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പതനത്തോടെ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയെ ആര്‍ ബി ഐ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങിയത്. പി എം സി ബാങ്കിന്റെ പതനത്തെ തുടര്‍ന്ന ആറ് മാസം നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാനായില്ല. പല ഘട്ടങ്ങളിലായി കുറഞ്ഞ തുകകള്‍ പിന്‍വലിക്കാന്‍ പിന്നീട് അനുവദിക്കുകയായിരുന്നു.

ഒരു മാസം മുമ്പ് സഹകരണ ബാങ്കുകളെ സര്‍ഫാസി നിയമത്തിന്‍ കീഴിലാക്കികൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വായ്പ വാങ്ങി തിരിച്ചടവ് വരുത്തി മുങ്ങുന്ന പ്രവണതയ്ക്ക് ഇതു മൂലം തടയിടാനാവും.
വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ കുടിശിക വരുത്തിയ ആളുടെ സ്വത്തുകള്‍ കണ്ട് കെട്ടുകയോ വില്‍ക്കുകയോ ആകാം. ഗ്രാമീണ മേഖലകളില്‍ സജീവമായ സഹകരണ ബാങ്കുകള്‍ക്ക് മൊത്തത്തില്‍ അനുഗ്രഹമാണ് വിധിയെങ്കിലും ഇവിടങ്ങളില്‍ നിന്ന് വായ്പയെടുക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് ഇത്.

നൂലാമാലകള്‍ കുറവ്

സാധാരണ ബാങ്ക് നൂലാമാലകളില്‍ നിന്ന് രക്ഷ നേടുന്നതിനും എളുപ്പത്തില്‍ വായ്പ തരപ്പെടുത്തുന്നതിനുമാണ് ജനങ്ങള്‍ സഹകരണബാങ്കുകളെ സമീപിക്കുന്നത്. പലിശ സാധാരണ ബാങ്കുകളേക്കാള്‍ കൂടുതലായിരിക്കുമെങ്കിലും പരസ്പരം അറിയുന്ന ആളുകളായതിനാല്‍ പലപ്പോഴും ചില വിട്ടുവീഴ്ചകളോടെ വായ്പകള്‍ ഇവിടെ അനുവദിക്കുമായിരുന്നു. തിരിച്ചടവിലും സമ്മര്‍ദമനുസരിച്ച് ചില ഇളവുകള്‍ ലഭിക്കുമായിരുന്നു.


സര്‍ഫാസി നിയമം

ഇൗടു വസ്തുവില്‍ നിന്ന് വായ്പ തുക തിരിച്ച് പിടിക്കാന്‍ ബാങ്കുകളെ അധികാരപ്പെടുത്തുന്ന നിയമമാണ് സെക്യൂരിട്ടൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ആക്ട്-2002 (സര്‍ഫാസി ചട്ടം). ബാങ്കുകള്‍ തങ്ങളുടെ വായ്പ തിരിച്ച് പിടിക്കാന്‍ വ്യാപകമായി ഈ നിയമം ഉപയോഗിക്കുന്നുണ്ടെങ്കിലും സഹകരണ മേഖല ഇതിന്റെ പരിധിയിലായിരുന്നില്ല.
സഹകരണ ബാങ്കുകളെ ബാങ്കുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 2003 ജനുവരി 28 ലെ നോട്ടിഫിക്കേഷന്‍ മുന്‍നിര്‍ത്തിയാണ് സര്‍ഫാസി നിയമം സഹകരണ മേഖലയ്ക്കും ബാധകമാണെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വിധിച്ചത്.

അടവ് മുടങ്ങിയാല്‍ കണ്ട് കെട്ടാം

വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട്് 60 ദിവസത്തന് ശേഷം ഈട് വസ്തുക്കള്‍ കണ്ട് കെട്ടാനുള്ള അധികാരം ഇതോടെ സഹകരണ മേഖലയിലെ വായ്പ സ്ഥാപനങ്ങള്‍ക്കും കൈവരും. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അടക്കം നൂറുകണക്കിന് സ്ഥാപനങ്ങള്‍ വന്‍കിട്ടാകട ബാധ്യതയിലും മോശം പ്രവര്‍ത്തന രീതി കൊണ്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂട്ടിപോയിരുന്നു. ഇവിടങ്ങളിലെ നിക്ഷേപകരുടെ ആയിരക്കണക്കിന് കോടി രൂപയും ഇതോടെ വെള്ളത്തിലായി. സുപ്രീം കോടതി വിധിയോടെ കോ ഓപ്പറേറ്റീവ് മേഖല കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ ബി ഐ മേല്‍നോട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com