ADVERTISEMENT

കോവിഡ് വൈറസ് വരുത്തി വച്ച പണച്ചുരുക്കത്തിന് താത്കാലിക പരിഹാരം എന്ന നിലയ്ക്കാണ് ആര്‍ ബി ഐ രണ്ട് ഘട്ടങ്ങളിലായി വായ്പകള്‍ക്ക് ആറ് മാസത്തെ തിരിച്ചടവ് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഭവന-വാഹന വായ്പകള്‍, പേഴ്‌സണല്‍- ക്രെഡിറ്റ് കാര്‍ഡ് ലോണുകള്‍ എന്നിവയ്‌ക്കെല്ലാം മോറട്ടോറിയം നൽകി.  ആഗസ്തില്‍ ഈ ആനുകൂല്യം അവസാനിക്കും.  മുന്നാം ഘട്ട ദീര്‍ഘിപ്പിക്കലിന് സാധ്യതയുമില്ല. അങ്ങനെ വരുമ്പോള്‍ വായ്പയ്ക്ക് മോറട്ടോറിയം എടുത്തവരുടെ മുന്നിലുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?

പലിശ ഒറ്റയടിക്ക് അടച്ച്തീര്‍ക്കുക

മോറട്ടോറിയം അവസാനിക്കുമ്പോള്‍ ഒരോരോ വായ്പക്കാര്‍ക്കും ആറ് മാസത്തെ പലിശ കുടിശികയുണ്ടാകും. ഇത് ഒന്നിച്ച് അടയ്ക്കുക എന്നതാണ് ആദ്യ സാധ്യത. അങ്ങനെയാണെങ്കില്‍ പിന്നീട് സാധാരണ പോലെ വായ്പാതിരിച്ചടവ് നടത്തി തലവേദനയില്ലാതെ പോകാം. അതിനായി ബാങ്കുമായി ബന്ധപ്പെട്ട് നിലവിലെ പലിശ കുടിശിക എത്രയെന്ന് ചോദിച്ച് മനസിലാക്കുക. എന്നിട്ട് സെപ്തംബറിലെ വായ്പ ഇ എം ഐ യോടൊപ്പം അതുവരെ കുടിശികയായ പലിശ അടച്ച് രേഖ കൈവശം സൂക്ഷിക്കുക.

കുടിശിക വായ്പ തുകയില്‍ വരവ് വയ്ക്കുക

രണ്ടാമത്തെ സാധ്യതയാണ് ഇത്. ആറ് മാസത്തെ കുടിശികയായ പലിശ നിലവിലുള്ള വായ്പ തുകയോടൊപ്പം ചേര്‍ക്കുക. എന്നിട്ട് ഇ എം ഐ തുകയില്‍ അതിനാനുപാതികമായ വര്‍ധന വരുത്തി പിന്നീടുള്ള വര്‍ഷങ്ങളില്‍ അടച്ച് കൊണ്ടിരിക്കുക. ഇങ്ങനെയാണെങ്കില്‍ ഒറ്റയടിക്ക് പലിശ കുടിശിക അടയ്ക്കുക എന്ന ബാധ്യത ഉണ്ടാവില്ല. തന്നെയുമല്ല നിസാര തുകയാണ് ഇ എം ഐ യില്‍ വർധിക്കൂ എന്നതിനാല്‍ വലിയ ബാധ്യതയാവില്ല.

കാലാവധി നീട്ടുക

മൂന്നാമത്തെ സാധ്യത വായ്പ തിരിച്ചടവ് കാലാവധി നീട്ടുക എന്നുള്ളതാണ്. ഇത് പെട്ടെന്ന് നഷ്ടമുണ്ടാക്കുന്നില്ല. ഒറ്റയടിക്ക് അധിക പലിശ ബാധ്യത അടയ്‌ക്കേണ്ടതില്ലാത്തതിനാലും ഇ എം ഐ യില്‍ വര്‍ധന വരുത്തേണ്ടതില്ലാത്തതിനാലും ലിക്വിഡിറ്റി പ്രശ്‌നമുള്ള ഇടപാടുകാരന്  സാമ്പത്തികമായി ആശ്വാസകരമാണ്. പക്ഷെ, ദീര്‍ഘ കാലയളവില്‍ ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. കാരണം ആറ് മാസത്തെ പലിശയാണ് മുതലിലേയ്ക്ക് വരവ് വച്ചിരിക്കുന്നത്. ഇതിന് പിന്നീട് വര്‍ഷങ്ങളോളം (അധികമായി കൂട്ടിയ ഇ എം ഐ യും ചേര്‍ത്ത് ലോണ്‍ അവസാനിക്കാന്‍ എത്ര വര്‍ഷമെടുക്കുമോ അത്രയും കാലം) പലിശ നല്‍കേണ്ടി വരും.

English Summery: How to Repay your Loans After Moratorium Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com